പ്രായം വെറും അക്കങ്ങൾ മാത്രമാണെന്നു വീണ്ടും വീണ്ടും തെളിയിക്കുന്ന പല കാര്യങ്ങളും സമൂഹമാധ്യമങ്ങളിൽ കാണാം. പ്രായത്തെ മൈൻഡ് ചെയ്യാതെ അടിപൊളി ഡാൻസ് കളിച്ച് 20 ലക്ഷം വ്യൂസ് നേടിയ ഒരു അമ്മൂമ്മയാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ താരം. ഒരു ആഘോഷവേളയിലാണ് ബന്ധുക്കളെയും കാണികളെയും അമ്പരപ്പിച്ചുകൊണ്ട് അമ്മൂമ്മ അരങ്ങു കീഴടക്കിയത്. ‘പിയ തു അബ് തൊ ആജാ’ എന്ന, ആശാ ഭോസ്‌ലെ പാടിയ ഹിറ്റ് ഗാനത്തിനാണ് യാതൊരു സഭാകമ്പവും ഇല്ലാതെ മനോഹരമായി അമ്മൂമ്മ ചുവടുവച്ചത്.
ആ ആഘോഷവേദിയിൽ മറ്റു പലരും നൃത്തം ചെയ്യുന്നുണ്ടെങ്കിലും കാഴ്ചക്കാരുടെ കണ്ണുകൾ ആ സൂപ്പർ ഡാൻസറിൽ തന്നെയാണ്. സിനിമയിലെ പാട്ടിലുള്ള അതേ സ്റ്റെപ്പുകൾ തന്നെയായിരുന്നു കൂടുതലും. ആർപ്പുവിളികളും കയ്യടികളുമൊക്കെയായി കാണികൾ ഡാൻസ് ആസ്വദിക്കുന്നതും വിഡിയോയിൽ കാണാം.
വിഡിയോയ്ക്കു താഴെ അഭിനന്ദന കമന്റുകളുടെ പെരുമഴയാണ്. പറയാൻ വാക്കുകളില്ലെന്നും പ്രായമായാൽ ജീവിതം ആസ്വദിക്കാനാവില്ലെന്നു പറയുന്നവർക്കുള്ള മറുപടിയാണ് ഈ വിഡിയോയെന്നും പലരും കമന്റ് ചെയ്തു. അമ്മൂമ്മയുടെ ആവേശവും മുഖത്തെ സന്തോഷവും കണ്ടാൽ ഏറെ നാളായി ഇങ്ങനെയൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നെന്ന് തോന്നുന്നുവെന്നാണ് മറ്റൊരു കമന്റ്. ഹൃദയം കൊണ്ട് ചെറുപ്പക്കാരെക്കാൾ ചെറുപ്പം എന്നും കമന്റുണ്ട്.

വിഡിയോ പോസ്റ്റ് ചെയ്ത് അക്കൗണ്ടിൽ അമ്മൂമ്മയുടെ പുതിയ ഡാൻസ് വിഡിയോകളും അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
Content Summary: Old Woman Dance Gone Viral at Social Media