ADVERTISEMENT

20 വർഷം കൊണ്ട് ലണ്ടൻ സ്വദേശി ടിം ജൂലസ് യാത്ര ചെയ്തത് 55 രാജ്യങ്ങളിലൂടെ 2,56,000 കിലോമീറ്റർ. വിവിധ രാജ്യങ്ങളിലെ പ്രാദേശിക കളികളെക്കുറിച്ച്  അറിയാനും ഡോക്യുമെന്ററി തയാറാക്കാനുമാണു യാത്രയെങ്കിലും ക്ഷമയുടെ ആദ്യ പാഠം പഠിക്കാനായത് ഈ യാത്രയിലൂടെയാണെന്നു ടിമ്മിന്റെ അനുഭവ സാക്ഷ്യം. ക്ഷമ ഒട്ടുമില്ലാത്ത ആളായിരുന്നു ഞാൻ. ആഫ്രിക്കയിലെത്തിയപ്പോഴാണു ക്ഷമ എന്തെന്നു ഞാൻ മനസ്സിലാക്കിയത്. ക്ഷമാശീലം ഏറെയുള്ളവരാണ് ആഫ്രിക്കക്കാർ– ടിം ജൂലസ് പറയുന്നു.

 

ലണ്ടനിലെ സ്ഥലവും വീടും വിറ്റതിനു ശേഷമാണ് 2003 സെപ്റ്റംബർ 24ന് ടിം ജൂലസ് 900 സിസി ബൈക്കിൽ ലോകം ചുറ്റാൻ പുറപ്പെട്ടത്. കംപ്യൂട്ടർ ഗെയിമുകൾ തയാറാക്കി നൽകുന്നതാണു വരുമാന മാർഗം. യാത്രയ്ക്കുള്ള പണം സ്വരുക്കൂട്ടുന്നതും ഇങ്ങനെ തന്നെ.

നേപ്പാളിൽ നിന്നു ഹിമാചൽപ്രദേശ്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, ഗോവ എന്നീ  സംസ്ഥാനങ്ങളിലൂടെയാണു കേരളത്തിലെത്തിയത്. കബഡി കളിയെക്കുറിച്ച് കൂടുതൽ അറിയുകയായിരുന്നു ലക്ഷ്യം. 

 

80 വയസ്സുള്ള അമ്മ ആൻ 3 വർഷം കൂടുമ്പോൾ ടിമ്മിനെ കാണാൻ എത്തും. ആഫ്രിക്കയിലും പെറുവിലും നേപ്പാളിലും മറ്റും അമ്മ എത്തിയെന്നു ടിം പറഞ്ഞു. കൂടെ കുറച്ചു ദിവസം താമസിച്ച ശേഷം അമ്മ മടങ്ങും. അടുത്ത 2 വർഷം കൂടി യാത്ര. പിന്നീടു ലണ്ടനിലേക്കു മടക്കം. അതിനുശേഷം വിവാഹം– ടിം  ഭാവി പരിപാടി വ്യക്തമാക്കുന്നു. കേരളത്തിലെ ഗതാഗതക്കുരുക്കു യാത്ര വൈകിക്കുന്നുവെന്നാണു ടിം പറയുന്നത്. നിലമ്പൂരിൽ നിന്നാണു കൊച്ചിയിൽ വന്നത്. ഓസ്ട്രേലിയയിലാണെങ്കിൽ 700 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന സമയമെടുത്തു നിലമ്പൂരിൽ നിന്ന് ഇവിടെ എത്താൻ. ഇവിടെ  എത്തിയപ്പോഴാണ് എറണാകുളത്തു വള്ളംകളി നടക്കുന്ന കാര്യം അറിഞ്ഞത്. ഇനി അതു കണ്ട ശേഷം മാത്രം കൊച്ചിയിൽ നിന്നു മടക്കമെന്നു ഫോർട്ട്കൊച്ചിയിലെ ഹോംസ്റ്റേയിൽ താമസിക്കുന്ന ടിം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT