ചരിത്രം കുറിച്ച് സെറീനയ്ക്ക് ഓസ്ട്രേലിയൻ ഓപ്പൺ കിരീടം; 23-ാം ഗ്രാൻസ്‌ലാം

മെൽബൺ ∙ കരിയറിലെ 23-ാം ഗ്രാൻസ്‌ലാം കിരീടം നേടി സെറീനാ വില്യംസിന് ചരിത്ര നേട്ടം. 14 വർഷത്തിനുശേഷം നടന്ന സഹോദരിമാരുടെ പോരാട്ടത്തിൽ വീനസ് വില്യംസിനെ 6–4, 6–4 എന്ന സ്കോറിന് തോൽപ്പിച്ചാണ് സെറീന ചരിത്രം കുറിച്ചത്. സ്റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്റ്സ്‌ലാം കിരീടം എന്ന റെക്കോർഡാണ് സെറീന മറികടന്നത്. ആധുനിക ടെന്നിസിൽ ഏറ്റവുമധികം ഗ്രാൻസ്‍ലാം നേടുന്ന താരമെന്ന നേട്ടവും ഇതോടെ സെറീനയ്ക്കായി.

സെറീനയും വീനസും നേർക്കുനേർ വന്ന ഒൻപതാം ഗ്രാൻസ്‌ലാം ഫൈനലായിരുന്നു ഇത്. 2009ൽ വിമ്പിൾഡൻ ഫൈനലിലാണ് അവസാനമായി ഇരുവരും നേർക്കുനേർ വന്നത്. വീനസ് ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിൽ അവസാനമായി കളിച്ചതും അന്നാണ്

ക്രൊയേഷ്യൻ താരം മിർജാന ലൂസിച്ച് ബറോണിയ്ക്കെതിരെ അനായാസ ജയത്തോടെയാണ് മുപ്പത്തിയഞ്ചുകാരിയായ സെറീന ഫൈനലിൽ കടന്നത്. കോകോ വാൻഡെവെഗെയെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് തോൽപ്പിച്ചാണ് വീനസിന്റെ ഫൈനൽ പ്രവേശം. സ്കോർ: 6-7, 6-2, 6-3.