Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകം കാണട്ടെ, ഐഎസ്ആർഒയിലെ ഈ പെൺകരുത്ത്

This photograph of Isro administration staff celebrating the Mars mission went viral ഐഎസ്ആർഒ തന്നെ പിന്നീടു വിശദീകരണവുമായി രംഗത്തെത്തി. ചിത്രത്തിലുണ്ടായിരുന്ന സ്ത്രീകൾ ഭരണവിഭാഗത്തിൽ ജോലിചെയ്യുന്നവർ.ദൗത്യം വിജയിച്ചപ്പോൾ അവർ നിഷ്കളങ്കമായി ആഹ്ലാദം പ്രകടിപ്പിക്കുകയായിരുന്നു.

ചൊവ്വ പര്യവേക്ഷണദൗത്യം രണ്ടുവർഷം മുമ്പ് ഇന്ത്യ വിജയകരമായി പൂർത്തിയാക്കിയപ്പോൾ ബെംഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രത്തിൽ നിന്നുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. മുടിയിൽ പൂക്കൾചൂടി സാരി ധരിച്ച ഒരുകൂട്ടം സ്ത്രീകളുടെ വിജയാഘോഷചിത്രം. റോക്കറ്റ് വിക്ഷേപണവും ഉപഗ്രഹദൗത്യവുമൊക്കെ പുരുഷൻമാരുടെ മേഖലയാണെന്ന അടിയുറച്ച വിശ്വാസത്തെ ചോദ്യം ചെയ്ത ആ ചിത്രത്തിലുണ്ടായിരുന്നത് ബഹിരാകാശ ഗവേഷണകേന്ദ്രത്തിൽ ജോലിചെയ്യുന്ന വനിതകളാണെന്നു റിപ്പോർട്ടുകൾ വന്നു.

ഐഎസ്ആർഒ തന്നെ പിന്നീടു വിശദീകരണവുമായി രംഗത്തെത്തി. ചിത്രത്തിലുണ്ടായിരുന്ന സ്ത്രീകൾ ഭരണവിഭാഗത്തിൽ ജോലിചെയ്യുന്നവർ.ദൗത്യം വിജയിച്ചപ്പോൾ അവർ നിഷ്കളങ്കമായി ആഹ്ലാദം പ്രകടിപ്പിക്കുകയായിരുന്നു. അവർ മാത്രമല്ല വനിതകളായി ഗവേഷണകേന്ദ്രത്തിലുള്ളത്. ശാസ്ത്രമേഖലയിലും വനിതകളുണ്ട്. പുരുഷൻമാർക്കൊപ്പം. ചൊവ്വാദൗത്യത്തിന്റെ പിന്നിൽ അവരുടെയും കരങ്ങളുണ്ട്. വിക്ഷേപണസമയത്ത് കൺട്രോൾ റൂമിൽ പുരുഷൻമാർക്കൊപ്പവും അവർ ഉണ്ടായിരുന്നെന്നും ഐഎസ്ആർഒ വ്യക്തമാക്കി.
അതോടെ, ലോകത്തിന്റെ ചില ധാരണകൾ തെറ്റാണെന്നു തെളിയിക്കപ്പെട്ടു. ഏതുമേഖലയിലും പുരുഷൻമാർക്കൊപ്പം ജോലി ചെയ്യാനാവും സ്ത്രീകൾക്കും. ബഹിരാകാശ ഗവേഷണകേന്ദ്രത്തിലെ സ്ത്രീകളുടെ പങ്കാളിത്തം തന്നെ ഏറ്റവും വലിയ തെളിവ്. ഒറ്റ റോക്കറ്റ് ഉപയോഗിച്ച് 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുന്നതിൽ വിജയംവരിച്ച് ഇന്ത്യ പുതുചരിത്രമെഴുതിയ സന്ദർഭത്തിൽ ബഹിരാകാശ ഗവേഷണ ദൗത്യങ്ങളിൽ പ്രമുഖ സ്ഥാനം അലങ്കരിച്ച മൂന്നു വനിതകളെ പരിചയപ്പെടാം.

റിതു കരിധാൾ (ഡയറക്ടർ, ഡെപ്യൂട്ടി ഓപറേഷൻസ് .ചൊവ്വാദൗത്യം)

ലക്നോ നഗരത്തിലെ കുട്ടിക്കാലം ഇന്നും റിതുവിന്റെ മനസ്സിലുണ്ട്.ആകാംക്ഷയോടെ ആകാശത്തിലേക്കു നോക്കിയ ദിവസങ്ങൾ.രാത്രിയിൽ തെളിയുന്ന ചന്ദ്രന്റെ വലുപ്പം ഓരോദിവസവും വ്യത്യാസപ്പെടുന്നത് അന്നു വല്ലാതെ അത്ഭുതപ്പെടുതിയിരുന്നു. ചന്ദ്രനുമപ്പുറം കാണപ്പെടുന്ന ഇരുണ്ട മേഖലകൾ എന്തെന്ന് അറിയണമെന്ന് അന്നേ മോഹിച്ചു. ശാസ്ത്രവിദ്യാർഥി യായിരിക്കുമ്പോഴും ഭൗതികശാസ്ത്രവും ഗണിതശാസ്ത്രവുമായിരുന്നു ഇഷ്ടവിഷയങ്ങൾ.

വർത്തമാനപത്രം അന്ന് അരിച്ചുപെറുക്കുമായിരുന്നു നാസയുടെയും ഐഎസ്ആർഒയുടെയും പുതിയ ഗവേഷണ പദ്ധതികളെക്കുറിച്ച് അറിയാൻ. ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട വാർത്തകൾ ശേഖരിച്ചുവയ്ക്കും. ഏറ്റവും ചെറിയ വാർത്തകൾപോലും ഓർത്തുവയ്ക്കും. ബിരുദാനന്തര ബിരുദത്തിനുശേഷം ഐഎസ്ആർഒയിൽ ജോലിക്ക് അപേക്ഷ അയച്ചു. അങ്ങനെ സ്വപ്നസാഫല്യമായി ഗവേഷണകേന്ദ്രത്തിലെത്തി. 18 വർഷമായി റിതു ബെഗലൂരുവിൽ ഗവേഷണകേന്ദ്രത്തിൽ ജോലിചെയ്യുന്നു. ഇതിനിടെ നടന്ന പ്രധാന ദൗത്യങ്ങളിലെല്ലാം പങ്കാളിയായി. മംഗൾയാൻ തന്നെ ഏറ്റവും വലിയ നേട്ടം. അതു ജീവിതത്തിലെ വഴിത്തിരിവുമായി.

Ritu Karidhal, Deputy Operations Director, Mars Orbiter Mission റിതു കരിധാൾ

‘തുടക്കം മുതൽതന്നെ മംഗൾയാൻ ദൗത്യത്തിൽ പുരുഷൻമാർക്കൊപ്പം സ്ത്രീകളുമുണ്ടായിരുന്നു.വിജയം ഒന്നോ രണ്ടോ പേരുടെയല്ല. ഒരു ടീമിന്റെ. എൻജീനീയർമാർക്കൊപ്പം ഞങ്ങളും ചർച്ചകളിൽ പങ്കെടുത്തു. എല്ലാവരും തലപുകച്ചു ചിന്തിച്ചു. അവധികൾ വേണ്ടെന്നുവച്ചു ജോലി ചെയ്തു’. അക്കാലത്തിന്റെ ഓർമയിൽ രണ്ടു മക്കളുടെ അമ്മയായ റിതു പറയുന്നു.വീടും ജോലിയും ഒരുമിച്ചുകൊണ്ടുപോകാനും അന്നു നന്നേ ബുദ്ധുമുട്ടി. കുടംബത്തിൽനിന്നുള്ള പിന്തുണകൊണ്ടുമാത്രം പിടിച്ചുനിന്നു.

2012 ഏപ്രിൽ മുതലുള്ള പതിനെട്ടുമാസം. അന്നു മകന് 11 വയസ്സ്. മകൾക്ക് അഞ്ചും. ഒരുദിവസം പോലും ഓഫിസിൽനിന്നു മാറിനിൽക്കാനാവാത്ത അവസ്ഥ. ജോലി ചെയ്തു തളരുമ്പോൾ വീട്ടിലേക്കോടും. മക്കളുടെ കൂടെയുള്ള നിമിഷങ്ങൾ ആസ്വദിക്കും.ഭർത്താവും മക്കളും സന്തോഷപ്രദമായ നിമിഷങ്ങളും നൽകുന്ന ഊർജവുമായി വീണ്ടും ഓഫിസിലേക്ക്.
വലിയ നേട്ടങ്ങളെപ്പറ്റി വാചാലയാകുമ്പോഴും റിതു വിനയവും മര്യാദയും കാത്തുസൂക്ഷിക്കുന്നു. ഞാൻ ഈ ഭൂമിയിൽ ജനിച്ച ഒരു സാധാരണ സ്ത്രീയാണ്. അവസരങ്ങൾ കിട്ടിയപ്പോൾ അതനുസരിച്ചു കഴിവുകൾ പുറത്തെടുക്കാൻ കഴിഞ്ഞ ഒരാൾ. ഇനിയുമേറെ ചെയ്യാനുണ്ട്: റിതു പറയുന്നു.

നന്ദിനി ഹരിനാഥ് (ഡയറക്ടർ, ഡെപ്യൂട്ടി ഓപറേഷൻസ്. ചൊവ്വാദൗത്യം)

കുട്ടിക്കാലത്തോ വിദ്യാർഥിയായിരിക്കുമ്പോഴോ ഐഎസ്ആർഒ എന്നതു നന്ദിനിയുടെ സ്വപ്നങ്ങളിൽപ്പോലുമുണ്ടായിരുന്നില്ല.അമ്മ ഗണിതശാസ്ത്ര അധ്യാപികയായിരുന്നു.അച്ഛൻ എൻജിനീയറും. ടെലിവിഷനിൽ കുടുംബത്തോടൊപ്പം ശാസ്ത്രസംബന്ധമായ പരിപാടികൾ കാണുകയായിരുന്നു ഏറ്റവും വലിയ വിനോദം.ഐഎസ്ആർഒ ജീവിതത്തിൽ യാദൃഛികമായി സംഭവിക്കുകയായിരുന്നു.ഇരുപതു വർഷമായി ഗവേഷണ കേന്ദ്രത്തിലുണ്ട്.

Nandini Harinath, Deputy Operations Director, Mars Orbiter Mission നന്ദിനി ഹരിനാഥ്

‘മംഗൾയാൻ വലിയൊരു ദൗത്യമായിരുന്നു.എനിക്കു മാത്രമല്ല,രാജ്യത്തിനും. ദൗത്യം വിജയിച്ചതോടെ വിദേശരാജ്യങ്ങൾ ഇന്ത്യയെ തുല്യശക്തിയായി കാണാൻതുടങ്ങി. രാജ്യാന്തര തലത്തിൽ രാജ്യത്തിന്റെ യശസ്സുയർത്തിയ സംഭവം’. മംഗൾയാൻ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴാണ് ഐഎസ്ആർഒ ആദ്യമായി പൊതുപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ജീവനക്കാരെ അനുവദിക്കുന്നതും. സമൂഹമാധ്യമങ്ങളിൽ ജീവനക്കാർ സജീവമായി.ഫെയ്സ്ബുക് പേജുകൾ തുടങ്ങി. അതിനുശേഷം ഗവേഷകരെ ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി.

പുതിയ രണ്ടായിരം രൂപ നോട്ടിൽ മംഗൾയാൻ ചിത്രം അച്ചടിച്ചപ്പോൾ ഏറെ അഭിമാനവും സന്തോഷവും തോന്നിയെന്നും നന്ദിനി പറയുന്നു. മംഗൾയാൻ തുടക്കസമയത്ത് ഗവേഷകർ 10 മണിക്കൂറൊക്കെ ദിവസവും ജോലി ചെയ്യും, പിന്നീടതു 12 മുതൽ 14 മണിക്കൂർ വരെയായി.വിക്ഷേപണത്തിന്റെ ദിവസങ്ങൾ ആയപ്പോഴേക്കും വീട്ടിൽ പോകാറേ ഇല്ലായിരുന്നു. രാവിലെ എത്തിയാൽ രാത്രിയും ജോലിതന്നെ. പിറ്റേന്ന് ഉച്ച കഴിയുമ്പോൾ ഭക്ഷണം കഴിക്കാനും കുറച്ചൊന്നുറങ്ങാനുമായി വീട്ടിൽപോയി പെട്ടെന്നു തിരിച്ചെത്തും. ഉറങ്ങാത്ത അനേകം രാത്രികൾക്കൊടുവിലാണു ദൗത്യം പൂർത്തിയായത്.

അക്കാലത്തെക്കുറിച്ചോർക്കുമ്പോൾ അവിസ്മരണീയമായ പല ഓർമകളുമുണ്ട്. നന്ദിനിയുടെ മകൾക്ക് അന്ന് സ്കൂൾകാലത്തിനൊടുവിലെ പ്രധാന പരീക്ഷ. മകളോടൊപ്പം ഇരിക്കേണ്ടതുണ്ട്. ഒപ്പം തീരാത്ത ജോലിയും.രാവിലെ നാലുമണിക്ക് മകളെ വിളിച്ചെഴുന്നേൽപിച്ച് മകൾക്കൊപ്പം ഇരിക്കും. പരീക്ഷയിൽ മകൾ ഉന്നതവിജയം നേടി. ഗണിതശാസ്ത്രത്തിൽ നൂറിൽ നൂറു മാർക്കു നേടിയ മകൾ ഇപ്പോൾ വൈദ്യശാസ്ത്രവിദ്യാർഥിനി. അന്നു വീടും കുടുംബവും ഒരുമിച്ചുകൊണ്ടുപോകാൻ ഏറെ ബുദ്ധിമുട്ടിയെങ്കിലും ഇന്ന് അക്കാലത്തെക്കുറിച്ചോർക്കുമ്പോൾ അഭിമാനവും സന്തോഷവും തോന്നുന്നു. കഷ്ടപ്പാടുകൾ സഹിച്ചിട്ടാണെങ്കിലും രാജ്യചരിത്രത്തിലെ നാഴികക്കല്ലിന്റെ ഭാഗമാകാൻ കഴിഞ്ഞല്ലോ.

അനുരാധ ടികെ (പ്രോഗ്രം ഡയറക്ടർ,ജിയോസാറ്റ് )

ബഹിരാകാശ ഗവേഷണകേന്ദ്രത്തിലെ ഏറ്റവും സീനിയറായ വനിതാ ഓഫിസർ. വിവര സാങ്കേതിക വിനിമയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിൽ സ്പെഷ്യലൈസ് ചെയ്യുന്നു. 34 വർഷമായി ഗവേഷണകേന്ദ്രത്തിൽ ജോലിചെയ്യുന്ന അനുരാധ ബഹിരാകാശത്തെക്കുറിച്ച് ആദ്യം ചിന്തിക്കുന്നത് ഒമ്പതാംവയസ്സിൽ. ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തിയപ്പോൾ അധ്യാപകരിൽ നിന്നും വീട്ടുകാരിൽനിന്നുമൊക്കെയാണു വിവരങ്ങൾ അറിഞ്ഞത്. അവേശഭരിതയായ അനുരാധ അന്നു മാതൃഭാഷയായ കന്നഡയിൽ ഒരുകവിതയുമെഴുതി.

Anuradha TK, Geosat Programme Director at Isro Satellite Centre അനുരാധ ടികെ

ഗവേഷണകേന്ദ്രത്തിലെ പല സ്ത്രീകളും ഒരു റോൾമോഡലായി ആരാധിക്കുന്ന അനുരാധ സ്ത്രീകളും ബഹിരാകാശ ദൗത്യവും ഒന്നുചേർന്നു പോകില്ലെന്ന തെറ്റിധാരണകളെ നിരാകരിക്കുന്നു. 1982–ൽ അനുരാധ എത്തുമ്പോൾ വളരെക്കുറിച്ചു സ്ത്രീകളേ സ്ഥാപനത്തിൽ ഉണ്ടായിരുന്നുള്ളൂ. എൻജിനീയറിങ് വിഭാഗത്തിൽ വിരലിലെണ്ണാവുന്നവർ മാത്രം. അനുരാധയുടെ ബാച്ചിൽ അഞ്ചാറു സ്ത്രീകൾ കൂടിയുണ്ടായിരുന്നു. അവർ ജോലി വിജയകരമായി പൂർത്തിയാക്കിയപ്പോൾ എല്ലാവരും സ്ത്രീകളെക്കുറിച്ച് അറിഞ്ഞു, അഭിമാനിച്ചു. ഇന്ന് ഐഎസ്ആർഒ യിലെ പതിനാറായിരത്തോളം തൊഴിലാളികളിൽ ഇരുപതു മുതൽ ഇരുപത്തഞ്ച് ശതമാനം വരെ സ്ത്രീകൾ.

സ്ത്രീയോ പുരുഷനോ എന്ന വേറിട്ട പരിഗണനകൾ ഗവേഷണകേന്ദ്രത്തിൽ ഒരിക്കലും ഒരാളിൽനിന്നും ഉണ്ടായിട്ടില്ലെന്നും അനുരാധ പറയുന്നു. മാനദണ്ഡം കഴിവുമാത്രം. നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയുമെന്നതാണു ചോദ്യം. അല്ലാതെ നിങ്ങൾ സ്ത്രീയോ പുരുഷനോ എന്നതല്ല. ഐഎസ്ആർഒ യിൽ ഇനിയും സ്ത്രീകൾ എത്തേണ്ടതുണ്ട്. തങ്ങളുടെ മുൻഗണനകൾ തീരുമാനിക്കാനും മനസ്സിന്റെ ആഗ്രഹമനുസരിച്ചു ജോലിയും ജീവിതവും വേർതിരിക്കാനും സ്ത്രീകൾക്കു കഴിയണം: അനുരാധ പറയുന്നു.  

Your Rating: