Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെരുവിൽ നിന്നു ജഡ്ജിയായി; നാടകീയം ഈ ജീവിതം

joyita-mondal ജോയിത.

ബംഗാളിലെ ഇസ്‍ലാംപൂർ കോടതിവളപ്പിലേക്കു കഴിഞ്ഞ ശനിയാഴ്ച വന്ന വെളുത്തനിറമുള്ള കാറിൽ ഒരു ചുവന്ന ബോർഡ് ഉണ്ടായിരുന്നു. ഡ്യൂട്ടിയിലുള്ള ജഡ്ജിമാർ സഞ്ചരിക്കുന്ന വാഹനങ്ങളിൽ പതിക്കുന്ന ബോർഡ്. കാറിൽനിന്നിറങ്ങിയ വ്യക്തി കോടതിയിൽനിന്ന് അഞ്ചുമിനിറ്റു മാത്രം നടന്നെത്താവുന്ന ബസ് സ്റ്റാൻഡിൽ ഒരിക്കൽ ഉറങ്ങിയിരുന്നു.

ഹോട്ടലുകളിൽ മുറി നിഷേധിക്കുകയും താമസിക്കാൻ ഇടം ഇല്ലാതെവരുകയും ചെയ്തപ്പോഴാണ് അവർക്ക് ബസ് സ്റ്റാൻഡിൽ അഭയം തേടേണ്ടിവന്നത്. ആട്ടിയോടിക്കപ്പട്ട ദിവസങ്ങൾ. ഭക്ഷണത്തിനു യാചിക്കേണ്ടിവന്ന നാളുകൾ. പേടിച്ചും വിറച്ചും നടന്ന നാളുകൾ.

ഇരുണ്ട ആ ഭൂതകാലം ഇനി മറക്കാം. ഒരിക്കൽ താമസിക്കാനിടം തേടി നടന്ന, സമൂഹത്തിൽ തന്റെ സ്ഥാനന്തെന്നു തിരിച്ചറിയാതിരുന്ന അതേ വ്യക്തി ഇന്ന് ബംഗാളിലെ ഉത്തർ ഡിനജ്പൂർ ജില്ലയിൽ നാഷണൽ ലോക് അദാലത്തിന്റെ വിദഗ്ധ ബഞ്ചിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നു. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായാണു ശനിയാഴ്ച അവർ കാറിൽ കോടതിയിൽ എത്തിയത്. അഡീഷണൽ സെഷൻസ് ജഡ്ജിയും അഭിഭാഷകനും ഉൾപ്പെട്ട പാനലിലേക്കു തിരഞ്ഞെടുക്കപ്പെട്ട ജോയിത മൊൻഡൽ.

തെരുവിൽനിന്ന് അഭിമാനാർഹമായ പദവിയിലേക്ക് എത്തിയ ജോയിതയുടെ ജീവിതം നാടകത്തേക്കാൾ നാടകീയം. കഥയേക്കാൾ കൗതുകകരം. പ്രതിസന്ധികളിൽ തളരാതെയും തിരിച്ചടികളെ വളർച്ചയുടെ പടവുകളാക്കിയും പൊരുതിനേടിയ വിജയകഥ.ഒപ്പം ഇന്നും അപമാനങ്ങൾ സഹിച്ചും ആക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കും ഇരയായി ജീവിതം സഹനമാക്കിയ ഭിന്നലിംഗ സമൂഹത്തിനു പ്രതീക്ഷയുടെ തിരിനാളവും.

ജയന്തയാണു പിന്നീട് ജോയിത മൊൻഡൽ ആയത്. കൊൽക്കത്തയിൽ കോളജ് പഠനകാലത്തു സഹപാഠികളുടെ പരിഹാസത്തിനിരയായ ജയന്ത.പഠിക്കാനാഗ്രഹിച്ചിട്ടും അന്തസ്സോടെ ജീവിക്കാൻ കൊതിച്ചിട്ടും പിന്തുടർന്നെത്തി ആക്രമിച്ച സമൂഹത്തിലെ വേട്ടമൃഗങ്ങളുടെയും സദാചാരപൊലീസിന്റെയും ഇര. ഒടുവിൽ കോളജിൽ‌ പോകാനാകാത്ത അവസ്ഥയായി. പഠനമെന്ന സ്വപ്നം ഉപേക്ഷിക്കേണ്ടിവന്നു. വേദനയോടെ ജയന്ത കോളജ് ഉപേക്ഷിച്ചു.

സമൂഹത്തിലേക്കിറങ്ങി. പാവപ്പെട്ടവർക്കു വേണ്ടി. അവഗണിക്കപ്പെട്ടവർക്കുവേണ്ടി. ആർക്കും വേണ്ടാത്തവർക്കുവേണ്ടി കരങ്ങൾ നീട്ടി. നിസ്വാർഥ സേവനത്തിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോയി. ഒരു ദേശസാൽകൃത ബാങ്കിന്റെ കോൾ സെന്ററിൽ കുറച്ചുകാലം ജോലി ചെയ്തെങ്കിലും അതു മുന്നോട്ടുകൊണ്ടുപോകാനായില്ല ദാരിദ്ര്യവും കഷ്ടപ്പാടുകളും അലട്ടി.

ഓരോ ദിവസത്തെയും ജീവിതം ചോദ്യചിഹ്നമായി. എല്ലാ വാതിലുകളും അടഞ്ഞപ്പോൾ തെരുവിലേക്ക്. വിശന്നപ്പോൾ ഭിക്ഷ യാചിച്ചു. ഉറക്കം വന്നപ്പോൾ വീണിടത്തുകിടന്നുറങ്ങി.അനാഥ ജൻമമായി, ഉപേക്ഷിക്കപ്പെട്ടവളായി പ്രതീക്ഷയില്ലാത്ത ദിവസങ്ങൾ. അന്നു തെരുവിൽവച്ചു ജോയിത ജീവിതം തിരിച്ചുപിടിക്കാൻ തീരുമാനിച്ചു. സാമൂഹിക സേവനത്തിനു ജീവിതം സമർപ്പിച്ചു. അന്നു തുടങ്ങിയ സമർപ്പിത സേവനത്തിന്റെ സാഫല്യമാണ് ഇന്നു കൈവന്നിരിക്കുന്ന അസുലഭ പദവി. 

ഇസ്‍ലാംപൂർ സബ് ഡിവിഷനൽ ലീഗൽ സർവീസസ് കമ്മിറ്റി ഓഫിസാണു ജോയിതയെ നിയമച്ചിരിക്കുന്നത്. ബാങ്ക് ലോണുകളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യണം. സാമൂഹിക സേവന മേഖലയിൽ നടത്തിയ പ്രവർത്തനങ്ങളുടെ പേരിലാണു ഇപ്പോഴത്തെ പദവി. നിയമനത്തിന്റെ വിവരങ്ങൾ കൊൽക്കത്തയിലെ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. 

ഇതാദ്യമായാണ് ഭിന്നലിംഗത്തിൽനിന്നുള്ള ഒരാൾ ഇത്ര സ്വാധീനശേഷിയുള്ള ഒരു പദവിയിൽ എത്തുന്നത്. നാഴികക്കല്ല് എന്നുതന്നെ വിശേഷിപ്പിക്കാം. ശാക്തീകരണം എന്നതിലുപരി സമൂഹത്തിന്റെ കാഴ്ചപ്പാടിൽ വലിയ വ്യത്യാസമുണ്ടാക്കുന്ന തീരുമാനമാണിതെന്ന് ഭിന്നലിംഗക്കാർക്കുവേണ്ടി ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന അഭീന അഹെർ പറയുന്നു. ഭിന്നലിംഗക്കാരോടുള്ള വിവേചനത്തിനെതിരായ ശക്തമായ നടപടിയാണിതെന്ന് ജോയിത മൊൻഡലും ആഹ്ലാദത്തോടെ  പ്രതികരിച്ചു. അപ്രതീക്ഷിതമായ സ്ഥാനലബ്ധയിൽ ആവേശഭരിതയാണെന്നും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ കാത്തിരിക്കുകയാണെന്നുംകൂടി ജോയിത മാധ്യമങ്ങളോടു പറഞ്ഞു. 

2011 മുതൽ ഭിന്നലിംഗക്കാരുമായി ബന്ധപ്പെട്ട സാമൂഹിക പ്രവർത്തനങ്ങളിലും ജോയിത സജീവം. ഒരിക്കൽ തിരസ്കരിച്ച സമൂഹം ഇപ്പോൾ സ്നേഹത്തോടെ ജോയിതയെ സ്വീകരിക്കുന്നു. അവരുടെ ഫെയ്സ്ബുക് പേജിൽ അഭിനന്ദനങ്ങൾ എഴുതി നിറയ്ക്കുന്നു. ജോയിതയ്ക്ക് അഭിനന്ദനങ്ങൾ. കടന്നുവന്ന വഴികൾ മറക്കരുത്; പ്രാർഥനകളുമായി നിങ്ങൾക്കു പിന്നിൽ അണിനിരന്നവരെയും.

ഭാവി ജീവിതത്തിൽ ദൈവം അനുഗ്രഹങ്ങൾ ചൊരിയട്ടെ. ഒരു മുതിർന്ന പൗരൻ‌ ജോയിതയുടെ ഫെയ്സ്ബുക്ക് പേജിൽ എഴുതിയ വാക്കുകൾ. ഇത് ഒരാളുടെ മാത്രം വാക്കുകളല്ല. സമൂഹത്തിന്റെ മൊത്തം വികാരമാണ്. സ്ഥാനക്കയറ്റവും കടമകളും ഉത്തരവാദിത്തത്തോടെ നിർവഹിക്കാൻ ജോയിതയ്ക്കു കഴിയട്ടെ. ഭിന്നലിംഗക്കാരുടെ സമൂഹത്തിൽ പ്രത്യാശയുടെ സൂര്യൻ ഉദിക്കട്ടെ.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.