''ആ ഭയം എനിക്കിപ്പോഴുമുണ്ട്''; രഹസ്യം വെളിപ്പെടുത്തി ദീപിക

ദീപിക പദുക്കോൺ.

പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് ബി ടൗണിനെയാകെ പിടിച്ചു കുലുക്കിക്കൊണ്ട് ആദ്യമായി ദീപിക ആ രഹസ്യം തുറന്നു പറഞ്ഞത്. വിജയാരവങ്ങളിൽ നിൽക്കുമ്പോഴും തനിക്കു സന്തോഷിക്കാൻ കഴിയുന്നില്ലെന്നും താൻ വിഷാദരോഗത്തിന്റെ പിടിയിലായിരുന്നുവെന്നുമായിരുന്നു അത്. പക്ഷെ വിഷാദരോഗമാണെന്നു പറഞ്ഞ് ചടഞ്ഞു കൂടിയിരിക്കാതെ ചികിത്സയ്ക്കു വിധേയയാവുകയും പൂർവാധികം ശക്തിയോടെ ജീവിതത്തിലേക്കു മടങ്ങി വരുകയും ചെയ്ത ദീപിക ഒപ്പം തന്നെ വിഷാദരോഗമനുഭവിക്കുന്നവർക്ക് താങ്ങും തണലും ആകുകയും ചെയ്തു.

ന്യൂ ഡൽഹിയിൽ നടന്ന ഇന്ത്യ ഇക്കണോമിക് സമ്മിറ്റിൽ സംസാരിക്കുമ്പോഴാണ് ദീപിക വീണ്ടും ആശങ്ക പങ്കുവെച്ചത്. വിഷാദരോഗത്തിന്റെ പിടിയിൽ നിന്ന് പൂർണ്ണമായും മുക്തയായെന്നു തോന്നുന്നില്ലെന്നും വിഷാദരോഗം വീണ്ടെടുക്കുമോ എന്ന ഭയം ഇപ്പോഴുമുണ്ടെന്നും ജീവിതത്തിലെ ഏറ്റവും മോശമായ കാലഘട്ടമായിരുന്നു അതെന്നും ദീപിക പറയുന്നു. 

വിഷാദരോഗമുണ്ടെന്ന് തുറന്നു പറഞ്ഞ സമയത്ത് സിനിമയിൽ തനിക്ക് ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നും അവർ പറഞ്ഞു. സങ്കടപ്പെട്ടിരിക്കുന്ന എനിക്ക് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയില്ല എന്ന തോന്നൽ ഉണ്ടായിരുന്നതുകൊണ്ടാവാം പലരും തന്നെ സമീപിക്കാൻ മടിച്ചതെന്നും എന്നാൽ ആ സയത്ത് ഇഷ്ടമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനും അഭിനയിക്കാനും പറ്റുന്ന അവസ്ഥയിൽത്തന്നെയായിരുന്നു താനെന്നും ദീപിക പറയുന്നു. പക്ഷേ വിഷാദരോഗത്തിന്റെ പിടിയിലാകുന്ന എല്ലാവർക്കും അങ്ങനെയൊരവസരം ലഭിക്കുമോയെന്നറിയില്ലെന്നും അവർ പറയുന്നു.