Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൽകാം ഒരു സല്യൂട്ട് യാഷിനിക്ക്; മുൻധാരണകൾ ഇനി പടിക്കു പുറത്ത്

chennai-yashini.jpg.image.784.410 പൃത്വിക യാഷിനി ചൂളൈമേട് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റപ്പോൾ.

പൃത്വിക യാഷിനി എസ്ഐ യൂണിഫോമണിയുമ്പോൾ പടിക്കുപുറത്താകുന്നതു ചില മുൻധാരണകൾ കൂടിയാണ്. അതിനാൽ, ആദരപൂർവമൊരു സല്യൂട്ട് നൽകി ഇതു വായിച്ചു തുടങ്ങാം. രാജ്യത്ത് ആദ്യമായി എസ്ഐയായി നിയമനം ലഭിച്ച ട്രാൻസ്ജെൻഡർ യാഷിനി. കഴിഞ്ഞ ദിവസം ചെന്നൈ ചൂളൈമേട് പൊലീസ് സ്റ്റേഷനിൽ ജോലി തുടങ്ങി. 

പ്രതിബന്ധങ്ങളുടെ നീണ്ട നിര മറികടന്നാണു സ്വപ്ന ജോലിയിലേക്കു യാഷിനി ചുവടുവച്ചത്. എസ്ഐ നിയമനത്തിനുള്ള എഴുത്തുപരീക്ഷയെഴുതാൻ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ വേണ്ടിവന്നു. എഴുത്തുപരീക്ഷയ്ക്കു ശേഷമുള്ള ശാരീരിക ശേഷി പരീക്ഷയിലും ഇളവു ലഭിച്ചു. എല്ലാ കടമ്പകളും കടന്നു കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ എസ്ഐ നിയമനം ലഭിച്ചു. പിന്നീട് പരിശീലനം പൂർത്തിയാക്കി ധർമപുരി പൊലീസ് സ്റ്റേഷനിൽ എസ്ഐയായി ചുമതലയേറ്റു. അവിടെ നിന്നു സ്ഥലം മാറ്റം ലഭിച്ചാണു കഴിഞ്ഞ ദിവസം ചൂളൈമേട്ടിലേക്കെത്തിയത്. 

1990ൽ സേലത്ത് ഓട്ടോറിക്ഷ തൊഴിലാളിയുടെ മകൻ പ്രദീപ് കുമാറായാണു ജനനം. അകത്തെ സ്ത്രൈണത പിടിച്ചു നിർത്താനാവാത്ത ഘട്ടമെത്തിയപ്പോൾ ലിംഗ മാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറി. അങ്ങനെയാണു പ്രദീപ് കുമാർ, പൃഥ്വിക യാഷിനിയായി മാറിയത്. ഹോസ്റ്റൽ വാർഡനായും ആശുപത്രി ജീവനക്കാരിയായുമെല്ലാം ജോലി ചെയ്തിട്ടുണ്ട്. ട്രാൻസ്ജെൻഡർ എന്ന പേരിൽ തമിഴ്നാട്  യൂണിഫോം റിക്രൂട്മെന്റ് ബോർഡ് ജോലിക്കുള്ള അപേക്ഷ തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതോടെയാണു യാഷിനി വാർത്തകളിൽ നിറഞ്ഞത്.