Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഞ്ചുകുഞ്ഞിനെ ആ അമ്മ വെള്ളത്തിലാഴ്ത്തി കൊലപ്പെടുത്തി; ഇത് ഉത്തരകൊറിയയുടെ ദുരിത തടവറ!

hyeon-aji ജി ഹ്യേന്‍. ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

ഇരുപതാം വയസ്സില്‍ കണ്ടൊരു കാഴ്ച ഇപ്പോള്‍ ഓര്‍ക്കുമ്പോഴും ജി ഹ്യേന്‍-എയെന്ന വനിതയുടെ നെഞ്ചിലൂടെ ഒരു മിന്നല്‍ പാളും. ആദ്യമായി ഉത്തരകൊറിയയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച് പിടിക്കപ്പെട്ട സമയം. ലേബര്‍ ക്യാംപിലാണ് ജീവിതം. അവിടെ അത്തരത്തിലുള്ള ഒട്ടേറെ പേരുണ്ട്. എല്ലാവരും ഉത്തരകൊറിയയില്‍ നിന്നു രക്ഷപ്പടാന്‍ ശ്രമിച്ച് പിടിയിലായവര്‍്. ചിലരെയാകട്ടെ ചൈന തിരികെ ഉത്തരകൊറിയയ്ക്ക് ഏല്‍പ്പിച്ചതും. ഹ്യേനും അങ്ങനെയായിരുന്നു. ലേബര്‍ ക്യാംപും മതിയാകില്ലെന്നു തോന്നിയാല്‍ ചിലരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കു വിടും. റീഎജ്യുക്കേഷന്‍ സെന്റര്‍ എന്നാണ് ആ സ്ഥലം അറിയപ്പെടുന്നത്. അവിടം വിട്ട് പുറത്തിറങ്ങുന്നവര്‍ വളരെ കുറവാണ്. ഇറങ്ങിയാല്‍ത്തന്നെ മരിച്ചതിനു തുല്യമായിരിക്കും അവരുടെ ശേഷജീവിതം. അത്രയേറെ കൊടുംപീഡനങ്ങളാണ് ലേബര്‍ ക്യാംപുകളില്‍ കാത്തിരിക്കുന്നത്. 

സ്വന്തം അമ്മ കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊല്ലുന്ന കാഴ്ചയ്ക്കു സാക്ഷിയായതാണ് അടുത്തിടെ ലോകത്തിനു മുന്നില്‍ ഹ്യേന്‍ വിളിച്ചു പറഞ്ഞത്. ഉത്തരകൊറിയയില്‍ നിന്നു രക്ഷപ്പെട്ടവരുടെ മൊഴിയെടുക്കുന്നതിന്റെ ഭാഗമായി യുഎസ് വിദേശ കാര്യ ഉപസമിതിക്കു മുന്നില്‍ ഹാജരായതായിരുന്നു അവര്‍. ഉത്തരകൊറിയയ്ക്കു പുറത്തു പോയി അവിടെ വച്ച് ഗര്‍ഭം ധരിച്ച് തിരിച്ചെത്തുന്നവരെ രാജ്യത്തു കാത്തിരിക്കുന്നത് കൊടുംപീഡനമാണ്. സ്വന്തം വംശത്തില്‍ അത്രയേറെ അഭിമാനം കൊള്ളുന്നവരാണ് ഉത്തരകൊറിയന്‍ ഭരണാധികാരികള്‍. മറ്റു രാജ്യങ്ങളുടെ വംശം ഉത്തരകൊറിയയില്‍ വളര്‍ന്നു പെരുകാന്‍ അവര്‍ അനുവദിക്കില്ല. ചൈനയില്‍ പോയി അവിടെ നിന്നു വിവാഹം കഴിച്ച് തിരികെ ഗര്‍ഭിണിയായി ഉത്തരകൊറിയയില്‍ എത്തിപ്പെടുന്നവരുണ്ട്. ചൈന തന്നെയാണ് അവരെ കൈമാറുന്നത്. അത്തരക്കാര്‍ക്കായി പ്രത്യേക ക്യാംപുകളുമുണ്ട്. അവിടെ പക്ഷേ ഗര്‍ഭിണിയാണെന്ന പരിഗണനയൊന്നുമുണ്ടാകില്ല. മറിച്ച് അതികഠിനങ്ങളായ ജോലിയായിരിക്കും കാത്തിരിപ്പുണ്ടാകുക. ആവശ്യത്തിനു വെള്ളമോ ഭക്ഷണമോ ലഭിക്കാതെ ഭൂരിപക്ഷം ഗര്‍ഭവും അലസിപ്പോകുകയാണു പതിവ്. എന്നാല്‍ ഒരു പെണ്‍കുട്ടി മാത്രം എങ്ങനെയോ പിടിച്ചു നിന്നു. എട്ടാം മാസത്തില്‍ അവള്‍ പ്രസവിച്ചു. നല്ലൊരു മിടുക്കന്‍ കുഞ്ഞ്. ആ കുരുന്നിനെ പക്ഷേയൊന്നു താലോലിക്കാന്‍ പോലും അധികൃതര്‍ സമയം നല്‍കിയില്ല. ടാങ്കിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ പറഞ്ഞു. ആ അമ്മ കരഞ്ഞു പറഞ്ഞു- കുഞ്ഞിനെ വെറുതെവിടണമെന്ന്. എന്നാല്‍ ആ കണ്ണുനീര്‍ ആരും കണ്ടില്ല. അവര്‍ കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്നു! ഹ്യേന്‍ ഉള്‍പ്പെടെ നോക്കിനില്‍ക്കുമ്പോഴായിരുന്നു അത്. 

മൂന്നു തവണ രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട് ഹ്യേന്‍. അപ്പോഴെല്ലാം ചൈനയില്‍ വച്ച് പിടിയില്‍പ്പെട്ട് തിരികെ ഉത്തരകൊറിയയിലേക്കു തന്നെ അയച്ചു. ഉത്തരകൊറിയയുമായി വഴക്കിട്ടു നില്‍ക്കുമ്പോള്‍ അതിര്‍ത്തി കടന്നെത്തുന്ന എല്ലാവരെയും ചൈന സംരക്ഷിക്കും. പിണക്കം മാറുമ്പോഴാകട്ടെ, എല്ലാ ഉത്തരകൊറിയക്കാരെയും പിടികൂടി തിരികെ വിടും. ലേബര്‍ ക്യാംപുകളില്‍ പച്ചപ്പുല്ലു വരെ തിന്നാണ് മനുഷ്യന്‍ ജീവന്‍ നിലനിര്‍ത്തുന്നത്. ഹ്യേനും സുഹൃത്ത് യങ്ങിയും പുല്ലുതിന്നുന്നത് ഒരിക്കല്‍ അധികൃതര്‍ കണ്ടു. അതേ പുല്ല് വേരിലെ ചെളിയടക്കം കഴിക്കാനായിരുന്നു ശിക്ഷ. കൂട്ടുകാരി വൈകാതെ തന്നെ ഡയേറിയ ബാധിച്ചു മരിച്ചു. ഹ്യേന്‍ എങ്ങനെയോ രക്ഷപ്പെട്ടു. പുല്‍ച്ചാടിയെ വരെ പച്ചയ്ക്കു തിന്നേണ്ട അവസ്ഥയുണ്ടായിരുന്നതായി പറയുന്നു ഹ്യേന്‍. 

വലിച്ചെറിഞ്ഞ കാബേജ് ഇലകള്‍, തൊലി കളഞ്ഞ തവളകളും എലികളും തുടങ്ങിയവയാണ് ലേബര്‍ ക്യാംപിലെ ഭക്ഷണം. ഡയേറിയ ബാധിച്ച് ക്ഷീണിച്ചും നിര്‍ജ്ജലീകരണം സംഭവിച്ചുമാണ് ഭൂരിപക്ഷം പേരും ക്യാംപുകളില്‍ മരിച്ചു വീഴുന്നത്. ഈ മൃതശരീരങ്ങള്‍ ക്യാംപിലെ ഗാര്‍ഡിന്റെ നായയ്ക്കു തിന്നാല്‍ നല്‍കുകയാണു പതിവ്. ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഹ്യേനിന്റെ സുഹൃത്ത് യങ്ങിയുടെ വിധിയും അതുതന്നെയായിരുന്നു. കയ്യില്‍ ബൈബിള്‍ സൂക്ഷിച്ചതിന് ഒരിക്കല്‍ ഹ്യേനിന് കിട്ടിയത് പുറം പൊളിയുന്ന തല്ലായിരുന്നു. മൂന്നാം തവണയും പിടിക്കപ്പെട്ട് തിരികെയെത്തുമ്പോള്‍ ഹ്യേന്‍ മൂന്നുമാസം ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ഒരു പൊലീസ് സ്റ്റേഷനില്‍ വച്ച് യാതൊരു മെഡിക്കല്‍ സുരക്ഷയുമില്ലാതെ ഗര്‍ഭഛിദ്രം നടത്തിക്കളഞ്ഞു. 'ഭൂമിയിലേക്കും വരും മുന്‍പേ എന്റെ കുഞ്ഞിനെ അവര്‍ ഇല്ലാതാക്കി. ആ കുരുന്നിനോട് ഞാനെങ്ങനെ മാപ്പു പറയും...' വിദേശകാര്യസമിതിക്കു മുന്നില്‍ കണ്ണുനിറഞ്ഞാണ് ഹ്യേന്‍ തന്റെ ദുരവസ്ഥ വിവരിച്ചത്. എന്തായാലും നാലാം തവണ ഹ്യേനിന്റെ പലായനം വിജയം കണ്ടു. 2007ല്‍ ദക്ഷിണ കൊറിയയിലെത്തിപ്പെട്ടു. അവിടെ നല്ലൊരു ജീവിതവും ലഭിച്ചു. ഇന്നവിടത്തെ പേരുകേട്ട എഴുത്തുകാരിയും ആക്ടിവിസ്റ്റുമാണ് ഹ്യേന്‍. മുപ്പതിനായിരത്തിലേറെ പേര്‍ ഉത്തരകൊറിയയില്‍ നിന്നു രക്ഷപ്പെട്ട് ദക്ഷിണകൊറിയയില്‍ ജീവിക്കുന്നുണ്ടെന്നാണു കണക്ക്. യുഎന്നിനു മുന്നിലും ഹ്യേന്‍ തന്റെ ഉത്തരകൊറിയന്‍ ദുരിതജീവിതം വിവരിച്ചിരുന്നു. കൊടുംക്രൂരത നടമാടുന്ന തടവറ എന്നാണ് ഉത്തരകൊറിയയ്ക്ക് ഹ്യേന്‍ നല്‍കുന്ന വിശേഷണം.