Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''എനിക്കൊരു അവസരമാണ് വേണ്ടത്''; ഫെമിനിസ്റ്റുകളും മെയിൽ ഷോവനിസ്റ്റുകളും കാണണം ഈ ചിത്രം

chance ചിത്രത്തിന് കടപ്പാട് : യുട്യൂബ്.

മാറ്റി നിർത്താനും അവഗണിക്കാനും എളുപ്പമാണ്. പ്രത്യേകിച്ചും എട്ടുംപൊട്ടും തിരിയാത്ത പെൺകുട്ടികളെ. ജീവിതത്തിൽ അവരെ എങ്ങനെ പരിഗണിക്കുന്നു എത്രത്തോളം അവസരം നൽകുന്നു എന്നതിനനുസരിച്ചായിരിക്കും അവരുടെ അറിവും വ്യക്തിത്വവും കൂടുതൽ മെച്ചപ്പെടുന്നത്. കുടുംബം സാമ്പത്തീകമായി അൽപ്പം പിന്നോട്ടു പോകുമ്പോൾ ചില പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ വെട്ടിച്ചുരുക്കേണ്ടി വരാറുണ്ട്.

ചിലർ ആ ചിലവു ചുരുക്കലിന്റെ ഭാഗമായി പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വരെ നിഷേധിക്കാറുണ്ട്. അങ്ങനെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരു പെൺകുട്ടിയ്ക്ക് പുതിയ സ്വപ്നങ്ങൾ കാണാൻ അവസരമൊരുക്കുന്ന ഒരു സ്ത്രീയാണ് ഈ ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രം. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ വ്യക്തമായ അഭിപ്രായം പറയുന്ന കൽക്കി കൊച്ചെ‌ലിൻ ആണ് ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

നായികയുടെ വീട്ടിൽ ജോലിക്കെത്തുന്ന സ്ത്രീ ഒരു ദിവസം വന്നത് അവരുടെ മകളെയും ഒപ്പം കൂട്ടിയാണ്. അവൾക്ക് സ്കൂളിൽ പോകണ്ടേ എന്നു  വീട്ടുടമസ്ഥ ചോദിക്കുമ്പോൾ കുഞ്ഞിന്റെ മുഖം വാടുന്നു. ആ ചോദ്യത്തിന് മറുപടി പറഞ്ഞത് അവളുടെ അമ്മയാണ്. ഇവളെ കൂടാതെ രണ്ട് ആൺമക്കൾ കൂടി തനിക്കുണ്ടെന്നും മൂന്നുപേരുടെയും പഠനച്ചെലവ് താങ്ങാൻ പറ്റാത്തതിനാൽ ഭർത്താവിന്റെ തീരുമാനപ്രകാരം മകളുടെ പഠനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും അവർ അറിയിച്ചു.

ജോലിക്കാരിയുടെ മറുപടി ആ സ്ത്രീയെ തീർത്തും നിരാശയാക്കി. തുടർന്ന് അമ്മയെ വീട്ടുജോലിയിൽ സഹായിക്കുന്ന പെൺകുട്ടി വീട്ടുടമസ്ഥ സുഹൃത്തിനോട് ഇംഗ്ലീഷിൽ സംസാരിക്കുന്നത് കൊതിയോടെ നോക്കിനിൽക്കുന്നു. സംസാരശേഷം യുവതി പെൺകുട്ടിയോട് കുശലം ചോദിച്ചു. വലുതാകുമ്പോൾ നിനക്ക് ആരാകാനാണിഷ്ടം എന്നായിരുന്നു ചോദ്യം. എനിക്ക് താങ്കളെപ്പോലെ ആയാൽ മതി എന്നായിരുന്നു അവളുടെ ഉത്തരം.

എന്നെപ്പോലെ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്നവർചോദിച്ചപ്പോൾ അതുപോലെ ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കണം എന്നായിരുന്നു അവളുടെ മറുപടി. അതത്ര പ്രയാസമുള്ള കാര്യമല്ലെന്നും താൻ പഠിപ്പിച്ചു തരാമെന്നും അവർ അവൾക്കു വാക്കു നൽകുന്നു. ആൾ ഐ നീഡ് ഈസ് എ ചാൻസ് എന്ന വാക്ക് ആവർത്തിച്ചു പറഞ്ഞശേഷം അവളെക്കൊണ്ട് അത് പറയിപ്പിക്കുന്നു. അതിന്റെ അർഥവും അവൾക്കു പറഞ്ഞുകൊടുക്കുന്നു. ശേഷം അവളുടെ അമ്മയെ വിളിച്ചതിനുശേഷം നാളെ മുതൽ ഇവൾ ഇവിടെ വരുമ്പോൾ വീട്ടുജോലി ചെയ്യണ്ട എന്നു തീർത്തു പറയുന്നു.

വീട്ടുടമസ്ഥയുടെ വാക്കു കേട്ട് അവർ ഭയക്കുമ്പോൾ താനതു പറഞ്ഞത് മറ്റൊന്നുകൊണ്ടുമല്ല. അമ്മ വീട്ടുജോലി ചെയ്യുമ്പോൾ താൻ മകളെ പഠിപ്പിച്ചുകൊള്ളാമെന്ന് അവർ പറയുന്നു. തന്റെ ഭർത്താവറിഞ്ഞാൽ ദേഷ്യപ്പെടുമെന്നു പറഞ്ഞപ്പോൾ അതറിഞ്ഞാലല്ലേ എന്നവർ തിരിച്ചു ചോദിക്കുന്നു. ഈ സംഭാഷണങ്ങൾ ശ്രദ്ധിച്ചപെൺകുട്ടി അമ്മയോട് ആൾ ഐ നീഡ് എ ചാൻസ് എന്ന് വ്യക്തമായി പറയുന്നു.

അതിന്റെ അർഥം അമ്മയ്ക്കു പറഞ്ഞുകൊടുക്കൂവെന്ന് വീട്ടുടമസ്ഥ പറയുമ്പോൾ അവൾ അതും പറയുന്നു. പഠിക്കാനുള്ള മകളുടെ ആഗ്രഹം കണ്ട് ആ അമ്മയുടെ കണ്ണു നിറയുന്നു. അങ്ങനെ ആ അമ്മയുടെയും മകളുടെയും ജീവിതത്തിൽ പോസിറ്റീവായ ഒരു മാറ്റമുണ്ടാക്കാൻ വീട്ടുടമസ്ഥയ്ക്കു കഴിയുന്നു.

ആൺകുട്ടികൾക്കു പഠിക്കാൻ വേണ്ടി പെൺകുട്ടികളുടെ അവസരം നഷ്ടപ്പെടുത്തുകയല്ല വേണ്ടതെന്നും അവർക്കൊരു അവസരം കൊടുക്കുകയാണുവേണ്ടതെന്നും ഈ ഹ്രസ്വചിത്രം പറയുന്നു. സ്വന്തം കുടുംബം തന്നെ അവസരം നിഷേധിക്കുമ്പോൾ പിന്നെയാരാണ് അവർക്ക് അറിവു നേടാനും ലോകത്തെ മനസ്സിലാക്കാനും അവസരം നൽകുകയെന്നും ഈ ഹ്രസ്വചിത്രം ചോദ്യം ഉയർത്തുന്നുണ്ട്.