Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതല്ലേ ഹീറോയിസം; കഠ്‌വ പെൺകുട്ടിയുടെ അഭിഭാഷകയ്ക്ക് കൈയടിച്ച് സമൂഹമാധ്യമങ്ങൾ

kathua-deepika

കഠ്‌വ പെൺകുട്ടിയ്ക്കുവേണ്ടി വാദിക്കാനെത്തിയ അഭിഭാഷക ദീപികസിങ് റജാവത്തിനെ ആദ്യം ജനങ്ങൾ കണ്ടത് അവരുടെ ജീവനുപോലും ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ്. താൻ കൊല്ലപ്പെട്ടേക്കാം എന്നും മാനഭംഗം ചെയ്യപ്പെട്ടാക്കാമെന്നും തനിക്കും കുടുംബത്തിനും സുരക്ഷ നൽകണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെടും എന്നു പറഞ്ഞുകൊണ്ട് മാധ്യമപ്രവർത്തകരോടു സംസാരിക്കുന്ന ദീപികയുടെ മുഖം അന്നേ എല്ലാവരുടേയും മനസ്സിൽ പതിഞ്ഞതുമാണ്.

ദീപികയ്ക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കാൻ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ലോകം കൈയടിക്കുന്നത് ദീപികയുടെ അസാമാന്യ ധൈര്യം കണ്ടാണ്. അഭിഭാഷകരുൾപ്പെടെയുള്ള ഒരുകൂട്ടം പുരുഷന്മാരുടെ കൂട്ടത്തിൽ നിൽക്കുന്ന ദീപികയുടെ മുഖത്തെ ആത്മവിശ്വാസത്തിനാണ് സമൂഹമാധ്യമങ്ങൾ സല്യൂട്ട് ചെയ്യുന്നത്.

ആ കൂട്ടത്തിലെ ഏറ്റവും ആത്മവിശ്വാസമുള്ള മുഖം ഏതെന്ന ചോദ്യത്തോടെയാണ് പലരും ദീപികയുടെ ചിത്രം പങ്കുവെയ്ക്കുന്നത്. ദീപികയുടെ ധൈര്യത്തിനു മുന്നിൽ അമ്പരന്നുപോയെന്നും ചിലർ പറയുന്നു. എട്ടുവയസ്സുകാരിക്ക് നീതി ലഭിക്കാൻ ഏതറ്റം വരേയും പോകുമെന്നും അഞ്ചുവയസ്സുകാരിയായ ഒരു മകൾ തനിക്കുമുണ്ടെന്നും ഈ പോരാട്ടം അവൾക്കുവേണ്ടിക്കൂടിയാണെന്നും അവർ നേരത്തെ പറഞ്ഞിരുന്നു. വാക്കിലും പ്രവർത്തിയിലും ധൈര്യം കാത്തുസൂക്ഷിക്കുന്ന ദീപികയെ അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങൾ.