Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാഡം, നിങ്ങളോടുള്ള ബഹുമാനം നഷ്ടപ്പെട്ടിരിക്കുന്നു: സരോജ്ഖാനെതിരെ നടികൾ

saroj-shri.jpg

നിങ്ങളും നിർമാതാക്കളുടെ അടിമയാണല്ലോ. കഷ്ടം. സരോജ് മാഡം, എനിക്കു നിങ്ങളോടുള്ള ബഹുമാനം നഷ്ടപ്പെട്ടിരിക്കുന്നു: നൃത്ത സംവിധായിക സരോജ് ഖാന്റെ പരാമർശത്തിൽ എതിർപ്പു പ്രകടിപ്പിക്കുന്ന തെലുങ്കു നടി ശ്രീ റെഡ്ഡിയുടെ വാക്കുകൾ ഒറ്റപ്പെട്ടതല്ല. പീഡനവും ഇരകളുമൊക്കെ ചരിത്രത്തിന്റെ തുടക്കം മുതലേ ഉണ്ടെന്നും ഇന്ത്യൻ സിനിമാ ലോകം അപവാദമല്ലെന്നും പറഞ്ഞു വിവാദത്തിനു തിരികൊളുത്തിയ  ഖാനെതിരെ കത്തിപ്പടരുകയാണു പ്രതിഷേധം. പ്രത്യേകിച്ചും നടിമാരിൽനിന്ന്. 

സിനിമാ ലോകത്തെ മുതിർന്ന വ്യക്തി എന്ന നിലയിൽ തുടക്കക്കാർക്കു മാതൃക കാണിക്കേണ്ടയാളാണു നിങ്ങൾ. പക്ഷേ, തെറ്റായ വഴിയാണു നിങ്ങൾ ചൂണ്ടിക്കാണിക്കുന്നത് – സരോജ് ഖാനോടു ശ്രീ റെഡ്ഡി പ‌റയുന്നു. തെലുങ്കു സിനിമയിലെ നടിമാർ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതായി ആരോപിച്ച് ഹെദരാബാദിലെ ഫിലിം ചേംബർ ഓഫിസിനു മുന്നിൽ മേൽവസ്ത്രമുരിഞ്ഞു പ്രതിഷേധിച്ചയാളാണു ശ്രീ റെഡ്ഡി. അവസരങ്ങൾക്കുവേണ്ടി കിടക്ക പങ്കിടേണ്ടിവരുന്ന നടിമാർ ഇന്ത്യയിലും ഉണ്ടെന്നും ആരും സത്യം പറയാൻ തയാറാകുന്നില്ലെന്നും പറഞ്ഞിരുന്നു ശ്രീ റെഡ്ഡി. അതിനിടെയാണ് സരോജ് ഖാന്റെ വിവാദപരാമർശങ്ങൾ പുറത്തുവന്നത്. 

പീഡനവും ഇരകളുമൊക്കെ ചരിത്രത്തിന്റെ തുടക്കം മുതലേ ഉണ്ടെന്നും ഇന്ത്യൻ സിനിമാ ലോകം അപവാദമല്ലെന്നും പറഞ്ഞ സരോജ് ഖാൻ  ഇരകളാക്കുന്ന സ്ത്രീകളെ സിനിമാ മേഖല ഉപേക്ഷിക്കാറില്ല എന്നുകൂടി കടത്തിപ്പറഞ്ഞു. ഈ പരാമർശമാണ് വിവാദമായിരിക്കുന്നതും നടിമാരുടെ ഉൾപ്പെടെ പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നതും. കാസ്റ്റിങ് കൗച്ച് പുതിയ കാര്യമൊന്നുമല്ല. എല്ലാ മേഖലകളിലും അതുണ്ട്. പിന്നെന്തിനാണു സിനിമ മേഖലയെ മാത്രം ആക്ഷേപിക്കുന്നത്. മാനഭംഗപ്പെടുത്തിയാലും സിനിമാ രംഗത്തുള്ളവർ നടിമാർക്ക് അവസരവും കൊടുക്കുന്നുണ്ട്. അല്ലാതെ ഉപേക്ഷിക്കുന്നില്ല. ഇക്കാര്യം ഓരോ സ്ത്രീയേയും ആശ്രയിച്ചിരിക്കും. – ഇതായിരുന്നു സരോജ് ഖാന്റെ വാക്കുകൾ. 

വിവാദം കത്തിപ്പടരുകയും എതിർപ്പ് ഉയരുകയും ചെയ്തതിനെത്തുടർന്നു പ്രസ്താവന പിൻവലിച്ചു മാപ്പു പറഞ്ഞിരുന്നു സരോജ് ഖാൻ. ഞാൻ മാപ്പു പറഞ്ഞുകഴിഞ്ഞു. ഒരു ചോദ്യത്തിനുള്ള മറുപടിയാണു ഞാൻ പറഞ്ഞത്. ചോദ്യം എന്തായിരുന്നു എന്നു നിങ്ങളാരും തിരക്കുന്നില്ലല്ലോ എന്നും അവർ വിശദീകരിച്ചെങ്കിലും പ്രതിഷേധവും എതിർപ്പും കുറയുന്നില്ല. ജോലിക്കു വേണ്ടി കിടക്ക പങ്കിടാൻ ആർക്കും താൽപര്യമില്ല. പക്ഷേ ജോലി കിട്ടാനുള്ള എളുപ്പവഴി കിടക്ക പങ്കിടുകയാണെന്നാണ് പൊതുധാരണ. അങ്ങനെ ചെയ്യാൻ തയാറാകാത്തവർക്കുമുന്നിലുള്ളത് കഠിനമേറിയ പാതയും. ഇതവസാനിച്ചേ പറ്റൂ – ശ്രീ റെഡ്ഡിക്കു പിന്നാലെ രംഗത്തുവന്ന നടി സോഫി ചൗധരി പറയുന്നു. 

ഒരു നൃത്ത സംവിധായിക എന്ന നിലയിൽ എനിക്കു ബഹുമാനമുള്ള വ്യക്തിയാണു സരോജ് മാഡം. പക്ഷേ, ഇങ്ങനെയാണോ തുടക്കക്കാരെ നിങ്ങൾ സംരക്ഷിക്കുന്നത് ? സാമ്പത്തിക അടിത്തറയുള്ള കുടുംബത്തിൽനിന്നല്ലായിരുന്നു ഞാൻ വന്നതെങ്കിൽ മുംബൈയിൽനിന്ന് ഒരുമാസത്തിനകം ലണ്ടനിലേക്ക് എനിക്കു തിരിച്ചുപോകേണ്ടിവന്നേനേം എന്നും കൂട്ടിച്ചേർത്തു സോഫി. ഒരിക്കൽ തങ്ങളുടെ സ്വപ്നം സഫലമാകും എന്ന പ്രതീക്ഷയിൽ സിനിമാ രംഗത്തേക്കു കാലെടുത്തുവയ്ക്കുന്ന ആയിരക്കണക്കിനു പെൺകുട്ടികളെക്കുറിച്ചു ചിന്തിക്കുമ്പോൾ ഭയം തോന്നുന്നു– സോഫി പറഞ്ഞു. 

ട്വിറ്ററിലും സരോജ് ഖാന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധം പടരുകയാണ്. തെറ്റായ കാര്യം പറയാൻ ഇവർക്ക് ആരാണ് അധികാരം കൊടുത്തത്. കാസ്റ്റിങ് കൗച്ച് ലളിതമായി പറഞ്ഞാൽ മാനഭംഗം തന്നെയാണ്. അതിനെ ന്യായീകരിക്കുന്ന സ്ത്രീകളുമോ എന്നു പ്രതികരിച്ചു ഒരു ട്വിറ്റർ ഉപയോക്താവ്. 

ബോളിവുഡിനെക്കുറിച്ചു സരോജ് ഖാൻ പറഞ്ഞതു പൂർണമായും ശരിയാണെന്നായിരന്നു മറ്റൊരാളുടെ കമന്റ്. 90 ശതമാനും നടിമാർക്കും അവസരങ്ങൾക്കുവേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നു എന്നതാണു യാഥാർ‌ഥ്യം. ശാരീരിക പീഡനത്തിലൂടെ കടന്നുപോകേണ്ടിയും വരുന്നു. പലരും ഇതു തുറന്നുപറഞ്ഞിട്ടുണ്ട്. സിനിമാലോകത്തെ ഇരുട്ട് കാണിച്ചുതരുകയാണ് സരോജ് ഖാൻ എന്നായിരുന്നു മറ്റൊരു കമന്റ്.  ഈ സ്ത്രീക്ക് എന്തു പറ്റി. ഇവരുടെ ബോധം നഷ്ടമായോ എന്നും സരോജ് ഖാനെക്കുറിച്ചു ചോദിച്ചവരുണ്ട്. പക്ഷേ, കുറച്ചുപേർ പൂർണമായും നൃത്തസംവിധായികയെ പിന്തുണയ്ക്കുന്നുമുണ്ട്. 

എല്ലാവർക്കും അറിയാവുന്ന കാര്യമാണിത്. സരോജ് ഖാൻ അഭിനന്ദനങ്ങൾ –സത്യം തുറന്നുപറഞ്ഞതിന് എന്നൊരാൾ അഭിപ്രായപ്പെട്ടു. 

മൂന്നുതവണ ദേശീയ പുരസ്കാരം നേടിയ നൃത്തസംവിധായികയാണു സരോജ് ഖാൻ. ഏക് ദോ തീൻ, ചോളി കെ പീച്ചെ ഉൾപ്പടെ തൊണ്ണൂറുകളിൽ മാധുരി ദീക്ഷിതിനെ പ്രശസ്തയാക്കിയ ഹിറ്റ് നൃത്തരംഗങ്ങളുടെ പിന്നിൽ  പ്രവർത്തിച്ച പ്രതിഭയും റാണി മുഖർജി, ഐശ്വര്യ റായ്, ആമിർ ഖാൻ, കജോൾ എന്നിവർക്കൊപ്പം ജോലി ചെയ്തിട്ടുള്ളയാളുമാണ് സരോജ് ഖാൻ.