Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയസ്സ് 16, ജോലി എഞ്ചിനീയർ; അവിശ്വസനീയം ഈ പെൺകുട്ടിയുടെ ജീവിതം

kasibhatta-samhitha കാശിഭട്ട സംഹിത. ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

മകൾക്കു മൂന്നു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ ആ സത്യം മനസ്സിലാക്കി; തങ്ങളുടെ മകൾ സാധാരണ കുട്ടിയല്ല. കാർട്ടൂൺ കണ്ടും കുട്ടുകാരുടെ കൂടെ കളിച്ചും നടക്കേണ്ട  പ്രായത്തിൽ വിവിധ രാജ്യങ്ങളുടെ തലസ്ഥാന നഗരങ്ങളുടെ പേരുകൾ മകൾ അനായാസം ഓർത്തുപറയുന്നു. അതൊരു വെളിപാടായി. പിന്നീടു കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ കാശിഭട്ട സംഹിത എന്ന പെൺകുട്ടി ഉയരങ്ങൾ ഓടിക്കയറി ഉന്നതങ്ങളിലെത്തി. ഇപ്പോൾ തെലങ്കാന സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എൻജിനീയർ എന്ന നേട്ടത്തിലെത്തി നിൽക്കുന്നു. 

സംഹിത പത്താംക്ലാസ് വിജയിക്കുന്നതു പത്താം വയസ്സിൽ. വെറും വിജയമായിരുന്നില്ല. 8.8 ആയിരുന്നു സ്കോർ. ഏറ്റവും മികച്ചവർ സ്വന്തമാക്കുന്ന മാർക്ക് ശതമാനം. ഇന്റർമീഡിയറ്റിനു ലഭിച്ചതാകട്ടെ 89 ശതമാനം മാർക്ക്. അന്ന് എൻജിനീയറിങ് ബിരുദത്തിനു ചേരാനുള്ള പ്രായമായിരുന്നില്ല. പ്രായപരിധി പൂർത്തിയാക്കാതെ ബിരുദ കോഴ്സുകളിൽ പ്രവേശനം ലഭിക്കാറുമില്ല. സംഹിത സംസ്ഥാന സർക്കാരിനെതന്നെ സമീപിച്ചു. പ്രായത്തിൽ തനിക്ക് ഇളവു വേണമെന്ന അഭ്യർഥനയുമായി. സംസ്ഥാന സർക്കാർ അപേക്ഷ അനുഭാവപൂർവം പരിഗണിച്ചു.

അസാധാരണ കഴിവുകളും പ്രതിഭയുമുള്ള കുട്ടിക്ക് പ്രായത്തിൽ ഇളവു നൽകാൻ സർക്കാർ തയാറായി. അങ്ങനെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദത്തിനു ചേർന്നു. പ്രായത്തിൽ ഏറെ മുതിർന്നവരായിരുന്നു സംഹിതയുടെ ക്ലാസിൽ. സഹപാഠികളുടെ കുഞ്ഞനുജത്തി ആകാനുള്ള പ്രായമേ ആയിട്ടുള്ളൂ. പക്ഷേ, പഠിക്കുന്നതിലും മാർക്ക് വാങ്ങുന്നതിലും ആരുടെയും പിന്നിലായില്ല സംഹിത. ദൃഡനിശ്ചയത്തോടുകൂടി തന്നെ പഠിച്ചു. പ്രായം വെറുമൊരു അക്കം മാത്രമാണെന്നും അസാധ്യമായി ഒന്നുമില്ലെന്നും തെളിയിച്ചു. എൻജിനീയറിങ് ബിരുദ കോഴ്സിലും 8.85 സ്കോറിൽ സംഹിത സ്വന്തമാക്കിയത് അദ്ഭുതവിജയം. അഞ്ചും പത്തും വയസ്സു മുതിർന്ന സഹപാഠികൾ കഷ്ടിച്ചു ജയിച്ചുകയറാൻ പാടുപെട്ടപ്പോഴായിരുന്നു സംഹിത ഈ നേട്ടം സ്വന്തമാക്കിയത്. 16–ാം വയസ്സിൽ തെലങ്കാനയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എൻജിനീയർ. 

ബിരുദം സ്വന്തമാക്കിയതുകൊണ്ടുമാത്രം അവസാനിക്കുന്നില്ല സംഹിതയുടെ യാത്ര. ഊർജ്ജ മേഖലയിൽ ജോലി ചെയ്യണമെന്നാണ് ആഗ്രഹം. രാജ്യത്തിനുവേണ്ടി തന്റെ കഴിവുകൾ വിനിയോഗിക്കുകയാണ്  ലക്ഷ്യം. ഊർജമേഖലയിൽ ലോകത്തെ വികസിത രാജ്യങ്ങൾക്കൊപ്പം ഇന്ത്യയെ എത്തിക്കുക. അതിനുവേണ്ടിയുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് സംഹിതയുടെ അടുത്ത പടി. 16 വയസ്സിനുള്ളിൽ അവിശ്വസനീയ നേട്ടങ്ങൾ സ്വന്തമാക്കിയ പെൺകുട്ടിയെ പ്രതീക്ഷയോടെയാണു സംസ്ഥാനം ഉറ്റുനോക്കുന്നത്. കാത്തിരിക്കാം സംഹിത റെക്കോർഡുകൾ ഒന്നൊന്നായി സ്വന്തമാക്കുന്നതു കാണാനായി.