Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടും ആത്മഹത്യകൾ,കാരണം ഒന്ന്; ദീപിക പറയുന്നു

deepika-0022

ഒരിക്കൽ രക്ഷപെടുകയായിരുന്നു. നേരിയ വ്യത്യാസത്തിന്. പക്ഷേ, ആ ഓർമ ഇന്നുമുണ്ട്. ഇനിയെന്നുമുണ്ടായിരിക്കും. അതുകൊണ്ടുതന്നെ അതിന്റെ സൂചനകളോ ലക്ഷണങ്ങളോ കാണുമ്പോൾ മുന്നറിയിപ്പു തരാതിരിക്കാനാകില്ല. രാഷ്ട്രീയ നിരീക്ഷകനോ ശാസ്ത്ര‍ജ്ഞനോ അക്കാദമിക് വിദഗ്ധനോ അല്ല മുന്നറിയിപ്പു തരുന്നത്. ബോളിവുഡ് താരറാണി ദീപിക പദുക്കോൺ. മൂന്നു വർഷം മുമ്പ് തന്നെ അക്രമിച്ചു കീഴ്പ്പെടുത്താനെത്തിയ ശത്രു പ്രതിഭാശാലികളെ ഒന്നൊന്നായി കീഴ്പ്പെടുത്തുമ്പോൾ നിശ്ശബ്ദയാകാനാകുമോ ദീപികയ്ക്ക്. ഇനിയെങ്കിലും നാം ആ വിപത്തിനെ പൂർണമായി മനസ്സിലാക്കണം എന്നാണു നടിക്കു പറയാനുള്ളത്. ഡിപ്രഷൻ എന്ന വിഷാദ രോഗത്തിന്റെ നശീകരണശേഷിയെക്കുറിച്ച്.

കഴിഞ്ഞയാഴ്ച ലോകത്തിനു നഷ്ടപ്പെട്ടത് രണ്ടു പ്രതിഭാശാലികളെ. രണ്ടുപേരും പകരം വയ്ക്കാനാവാത്തവർ. ഇരുവരെയും ഇല്ലാതാക്കിയത് ഒരാൾതന്നെ – ലോകമാകെ വേരുകൾ ആഴത്തിൽ ഇറക്കി നാശം വിതയ്ക്കുന്ന വിഷാദരോഗം. 

ഇൻസ്റ്റഗ്രാമിലാണ് ദീപിക വിഷാദരോഗത്തെക്കുറിച്ച് എഴുതിയത്. വിഖ്യാത ഷെഫും പാചക കലാ വിമർശകനും എഴുത്തുകാരനുമായ ആന്റണി ബോർഡെയിൻ, പ്രമുഖ ഫാഷൻ ഡിസൈനർ‌ കേറ്റ് സ്പെയ്ഡ് എന്നിവരുടെ അകാലത്തിലുള്ള അപ്രതീക്ഷിത മരണങ്ങളെക്കുറിച്ചാണു ദീപിക പരാമർശിക്കുന്നത്. ന്യൂയോർ‌ക്കിലെ അപാർട്ട്മെന്റിൽ ഈ മാസമാദ്യം ജീവനൊടുക്കുകയായിരുന്നു കേറ്റ്.

മൂന്നു ദിവസങ്ങൾക്കുശേഷം സിഎൻഎൻ ചാനലിലെ പ്രശസ്തമായ ‘പാർട്‌സ് അൺനോൺ’ പരമ്പരയുടെ ചിത്രീകരണത്തിനു ഫ്രാൻസിലെ സ്ട്രാസ്‌ബുർഗിലായിരിക്കെ, ഹോട്ടൽമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു ആന്റണി ബോർഡെയിനിനെ. രണ്ടും ആത്മഹത്യകൾ.

രണ്ടു മരണങ്ങൾക്കും പിന്നിലുള്ള കാരണം വിഷാദരോഗം തന്നെ. മൂന്നുവർഷം മുമ്പ് തന്നെ തകർത്തുകളഞ്ഞ വിഷാദ രോഗത്തെക്കുറിച്ചു വെളിപ്പെടുത്തുകയും രോഗത്തെക്കുറിച്ചു തുറന്നുപറയാൻ മടിക്കരുതെന്നു ലോകത്തെ ആഹ്വാനം ചെയ്യുകയും ചെയ്ത നടി ഒരിക്കൽക്കൂടി ഒരു കടമ ഏറ്റെടുക്കുകയാണ്. ഡിപ്രഷൻ എന്ന വിഷാദ രോഗത്തെ തിരിച്ചറിയുക. മറ്റേതൊരു രോഗവും ബാധിച്ചവരെപ്പോലെ വിഷാദ രോഗികളെയും അകറ്റിനിർത്താതിരിക്കുക. 

വിഷാദം വലിയൊരു വിപത്തായി മാറിയിരിക്കുകയാണെന്നു പറയുന്നു ഇൻസ്റ്റഗ്രാം പോസ്റ്റിൽ ദീപിക. രോഗത്തിന്റെ കാരണങ്ങളെക്കുറിച്ച് വ്യാപകമായ തെറ്റിദ്ധാരണകളുണ്ട്. ബോർഡെയിനും കേറ്റും അവരിരുവരുടെയും മേഖലകളിലെ കിരീടം വയ്ക്കാത്ത രാജാവും രാജ്ഞിയുമായിരുന്നു. ലോകത്തെ എന്നും തങ്ങളുടെ പ്രതിഭയാൽ വിസ്മയിപ്പിച്ചവർ. ആരാധകരേറെയുണ്ടായിരുന്നു ഇരുവർക്കും. പ്രശസ്തിയും പണവും ആവോളമുണ്ടായിരുന്നു. ലോകത്തിനുമുന്നിൽ എന്നുമവർ ചിരിച്ചുകൊണ്ടു പ്രത്യക്ഷപ്പെട്ടു. ഭാഗ്യം ചെയ്തവർ എന്നവരെ വാഴ്ത്തി. അവരുടെ സന്തോഷം നോക്കൂ എന്നു പരസ്പരം പറഞ്ഞു. എന്നിട്ടും എങ്ങനെ അവർ വിഷാദരോഗികളായി മാറി: ദീപിക ചോദിക്കുന്നു. 

ലിവ് ലവ് ലാഫ് ഫൗണ്ടേഷന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ദീപികയുടെ പോസ്റ്റ്. രോഗത്തെക്കുറിച്ചു പറയുക മാത്രമല്ല കാരണങ്ങളുടെ ആഴത്തിൽ തൊടുന്നുമുണ്ട് നടി. വിഷാദരോഗത്തെ രോഗികൾക്കു നിയന്ത്രിക്കാൻ കഴിയും എന്നു വ്യാപകമായ ഒരു തെറ്റിദ്ധാരണയുണ്ട്. യഥാർഥത്തിൽ മറിച്ചാണു കാര്യങ്ങൾ. രോഗം രോഗികളെ  കാർന്നൊടുക്കുന്നു. ചികിൽസയോ പരിചരണമോ ഇല്ലാതെ രോഗികൾ കഷ്ടപ്പെടുന്നു.

വിഷാദം ബാധിച്ചവർ സ്വന്തം കാര്യങ്ങളിൽ ഒരു നിയന്ത്രണവുമില്ലാത്തവരായി മാറുന്നു. എവിടെ പോകണം എപ്പോൾ പോകണം എങ്ങോട്ടു പോകണം എന്തു കഴിക്കണം എപ്പോൾ ഉറങ്ങണം തുടങ്ങി എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതു രോഗം. വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു പകർച്ചാവ്യാധിയാണ് വിഷാദ രോഗം. പക്ഷേ, രോഗം ബാധിച്ചവർ‌പോലും വിവരങ്ങൾ മറച്ചുവയ്ക്കുകയും സഹായം തേടാതിരിക്കുകയും ചെയ്യുന്നു. കാലൊടിഞ്ഞവരോട് ഓടാൻ ആജ്ഞാപിക്കുന്നതുപോലെയാണ് രോഗികളോട് സാധാരണപോലെ പെരുമാറാൻ പറയുന്നതും. 

വിഷാദരോഗത്തിൽനിന്നു മുക്തയായതിനെത്തുടർന്നാണ് ദീപിക ലിവ് ലവ് ലാഫ് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയ്ക്കു രൂപം കൊടുക്കുന്നത്. വിഷാദ രോഗം ബാധിച്ചവരെ സഹായിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. സാമ്പത്തികമായോ സാമൂഹികമായോ ഉയർന്നവരെന്നോ പ്രശസ്തരെന്നോ പ്രഗത്ഭരെന്നോ വ്യത്യാസമില്ലാതെ ആർക്കും എപ്പോഴും വരാം ഡിപ്രഷൻ എന്നു പലതവണ പറഞ്ഞിട്ടുണ്ട് 32 വയസ്സുകാരിയായ ദീപിക. 

രോഗത്തിൽനിന്നു എനിക്കു രക്ഷപ്പെടാൻ കഴിഞ്ഞത് അതിശക്തമായ പിന്തുണയുള്ളതുകൊണ്ട്. എല്ലാവർക്കും അങ്ങനെയാകണമെന്നില്ല. രോഗത്തെക്കുറിച്ചു തുറന്നുപറയുന്നതിലൂടെ ഒരാളെയെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞാലോ എന്ന പ്രതീക്ഷയിലാണ് ഞാൻ സത്യം തുറന്നുപറയുന്നത്– ഒരു ടെലിവിഷൻ അഭിമുഖത്തിൽ നടി വെളിപ്പെടുത്തിയിരുന്നു.