Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈയിലെ ആ വനിതാ ഓട്ടോ ഡ്രൈവറുടെ ചിത്രം വൈറലാവാൻ കാരണം?

mumbai-auto-driver

അർധരാത്രി മഹാനഗരത്തിൽ പൊതുസ്ഥലത്ത് ഒരു സ്ത്രീ തനിച്ചാകുക.എത്ര ധൈര്യമുള്ളവരും ഒന്നു പേടിക്കും. എന്നാൽ, പേടി ആശ്വാസമാകുകയും പ്രചോദിപ്പിക്കുന്ന ഒരു കാഴ്ചയ്ക്കു സാക്ഷിയായ കാര്യം പങ്കുവെച്ചിരിക്കുകയാണ് ഒരു യുവതി. വിജയത എന്ന പേരിൽ ട്വിറ്ററിൽ സജീവമായ ഒരു യുവതി അങ്ങനെയൊരു അനുഭവം പങ്കുവച്ചത്. സ്ത്രീകൾക്കു ജീവിക്കാൻ ഏറ്റവും അപകടം പിടിച്ച സ്ഥലമാണ് ഇന്ത്യ എന്ന കണ്ടെത്തൽ പുറത്തുവന്ന ദിവസം തന്നെയാണ് സ്ത്രീസുരക്ഷയിൽ അഭിമാനിക്കാവുന്ന സംഭവം പുറത്തറിഞ്ഞതും. 

മുംബൈയിൽ പവെയ് എന്ന സ്ഥലത്തുവച്ച് എന്റെ വാഹനം ബ്രേക്ക് ഡൗണായി. അപ്പോൾ അർധരാത്രി കഴിഞ്ഞിരുന്നു. അതുവഴി വന്ന ഒരു ഓട്ടോയ്ക്കു കൈ കാണിച്ചു. അവിശ്വസനീയം എന്നേ പറയേണ്ടൂ. ഒരു യുവതിയാണ് ആ ഓട്ടോ ഓടിക്കുന്നത്. ഓട്ടോയിൽ അവർ എന്നെ സുരക്ഷിതയായി വീട്ടിലെത്തിച്ചു. ഞങ്ങൾ കുറേയേറെ സംസാരിച്ചു. സ്ത്രീകൾക്ക് ഏതു സമയവും പുറത്തിറങ്ങാവുന്ന,ആരെയും പേടിക്കാതെ ജോലി ചെയ്യാവുന്ന ഒരു നഗരത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ‌ സന്തോഷിക്കാതിരിക്കുന്നതെങ്ങനെ. എന്നും ഇങ്ങനെതന്നെയാകട്ടെ എന്നാഗ്രഹിക്കുന്നു. 

ഈ വരികൾക്കൊപ്പം ഏകാഗ്രതയോടെ മുബൈ രാത്രിയിലൂടെ പേടിക്കാതെ ഓട്ടോ ഓടിക്കുന്ന യുവതിയുടെ ചിത്രവും പങ്കുവച്ചു. നിമിഷങ്ങൾക്കകം ചിത്രം വൈറലായി. കമന്റുകളും പ്രവഹിച്ചുതുടങ്ങി. അർധരാത്രിക്കുശേഷവും ഒരു സ്ത്രീക്കു സുരക്ഷിതയായി ഓട്ടോ ഓടിക്കാവുന്ന സ്ഥലം തികച്ചും സുരക്ഷിതം എന്നായിരുന്നു ഒരു കമന്റ്. 

സ്വാതന്ത്ര്യം കിട്ടി എഴുപതു വർഷത്തിനുശേഷവും പുരുഷൻ ചെയ്യുന്ന ജോലി അതേ രീതിയിൽ സ്ത്രീ ചെയ്യുമ്പോൾ നമ്മൾ അതിശയിക്കുന്നു. ഇത്തരം സംഭവങ്ങൾ അതിശയങ്ങളല്ലാതാകുകയും സാധാരണമാകുകയും ചെയ്യുമ്പോഴേ രാജ്യത്തിന് യഥാർഥ സ്വാതന്ത്ര്യം ലഭിക്കൂ. ആ കാലത്തിനു വേണ്ടി കാത്തിരിക്കാം. ചിത്രത്തിലെ യുവതി ഓട്ടോ ഓടിക്കുകയല്ല മറിച്ചു രാജ്യത്തെ മാറ്റത്തിന്റെ പാതയിലേക്കു നയിക്കുകയാണ് എന്നായിരുന്നു ആവേശകരമായ ഒരു കമന്റ്. 

മുംബൈ എന്നും എപ്പോഴും സ്ത്രീകൾക്കു സുരക്ഷിതമായ നഗരമാണ്. ചീത്ത കാര്യങ്ങൾ മാത്രം സംഭവിക്കുന്ന ഒരു ലോകത്ത് ഇങ്ങനെയും ചില നല്ല കാര്യങ്ങളും ഉണ്ടാകുന്നല്ലോ എന്നെഴുതി ഒരു യുവതി. പുരുഷൻമാർ അർധരാത്രി ഓടിക്കുന്ന ഓട്ടോയിൽ നമ്മുടെ പെൺമക്കൾ സുരക്ഷിതരായി യാത്ര ചെയ്യുന്ന കാലം സ്വപ്നം കാണുന്നു എന്നെഴുതിയവരുണ്ട്. ഞാൻ സ്വപ്നം കാണുന്ന മാതൃരാജ്യം ഇതുതന്നെ എന്നു പറഞ്ഞവരുമുണ്ട്.