Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തായ്ഗുഹയിലെ കുഞ്ഞുങ്ങളുടെ ദൈവമാണവൾ

capt-jessica-tait

തായ്ഗുഹയിലകപ്പെട്ട 12കുട്ടികളുടെയും കോച്ചിന്റെയും ജീവനുവേണ്ടി ലോകം മുഴുവൻ പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.  ആദ്യം എട്ടുകുട്ടികളെയാണ് സുരക്ഷിതരായി പുറത്തെത്തിച്ചത്.പിന്നീട് ബാക്കിയുള്ള കുട്ടികളെയും കോച്ചിനെയും രക്ഷപെടുത്തി. പുരുഷന്മാർ വോളന്റിയർമാരായ ആ കമാൻഡിങ് ടീമിലെ വനിതാ സാന്നിധ്യമായ ക്യാപ്റ്റൻ ജെസീക്ക ടെയ്റ്റിനും ലോകത്തോടു ചിലത് പറയാനുണ്ട്. ഇൻഡോ–പെസഫിക് കമാൻഡ് വക്താവാണ് ജെസീക്ക. രക്ഷാപ്രവർത്തനത്തിനായി നിയോഗിക്കപ്പെട്ട 35 അംഗ ടീമിലെ ഈ പെൺമുഖത്തെ ആരാധനയോടെ അതിലുപരി ബഹുമാനത്തോടെയാണ് ലോകം കാണുന്നത്. 

'രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ട്. ഗുഹയിലകപ്പെട്ട കുട്ടികളെയും കോച്ചിനെയും ജീവനോടെ കണ്ടെത്താൻ കഴിഞ്ഞതാണ് ഏറ്റവും വലിയ കാര്യം. രക്ഷാദൗത്യത്തിന് എല്ലാ പിന്തുണയും നൽകിയ ഗവൺമെന്റന്റെ മനോഭാവവും സന്തോഷം നൽകുന്നുണ്ട്. രക്ഷാദൗത്യം വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഘോഷത്തിലാണ് എല്ലാവരും. 

രക്ഷാദൗത്യത്തിനെത്തിയ വിദഗ്ധരായ ടീം അംഗങ്ങളെക്കുറിച്ചും രക്ഷാപ്രവർത്തനത്തിലെ പ്രതിബന്ധങ്ങളെക്കുറിച്ചും ആ പ്രതിബന്ധങ്ങളെ അതിജീവിച്ചതിനെക്കുറിച്ചുമൊക്കെ വളരെ വ്യക്തമായിത്തന്നെ ജെസീക്ക പറയുന്നുണ്ട്. കുട്ടികളുടെ ആരോഗ്യാവസ്ഥയെക്കുറിച്ചും ധൈര്യത്തെക്കുറിച്ചും വളരെ വികാരഭരിതയായാണ് ജെസീക്ക പറയുന്നത്. ഒറ്റപ്പെട്ട ഗുഹയിൽ ആഹാരം പോലുമില്ലാതെ 9 ദിവസം കഴിഞ്ഞ കുഞ്ഞുങ്ങളുടെ ജീവിതത്തെ അസാധ്യം എന്നാണ് ജെസീക്ക വിശേഷിപ്പിച്ചത്.'

- ജെസീക്ക പറയുന്നു.

 ലോകം ഒരു മനസ്സോടെ കൈകോർത്ത പ്രയത്നത്തിനും പ്രാർഥനയ്ക്കും ശുഭാന്ത്യം. തായ് ഗുഹയ്ക്കുള്ളിൽ അകപ്പെട്ട 13 പേരെയും പുറത്തെത്തിച്ചു. മൂന്നാം ദിവസത്തെ ദൗത്യത്തോടെയാണു രക്ഷാപ്രവർത്തനം പൂർണമായത്. സമീപകാലത്തു ലോകം കണ്ട അതീവ ദുഷ്കരദൗത്യമാണ് ആർക്കും ഒരു പോറലുമേൽക്കാതെ 17–ാം ദിവസം വിജയത്തിലെത്തിയത്. തീവ്രരക്ഷാദൗത്യത്തിനിടെ, തായ് നാവികസേനാ മുൻ ഉദ്യോഗസ്ഥൻ സമൻ കുനോന്ത് (38) മരിച്ചതു നൊമ്പരമായി. ഗുഹയിൽ കുടുങ്ങിയ 13 പേർക്കായി ഓക്സിജൻ എത്തിച്ചശേഷം ആഴമേറിയ വെള്ളക്കെട്ടിലൂടെ മടങ്ങുംവഴി സ്വന്തം ശേഖരത്തിലെ ജീവവായു തീർന്നാണു നീന്തൽ വിദഗ്ധനായ സമൻ കുനോന്ത് മരിച്ചത്. 

ജൂൺ 23നാണ് ഉത്തര തായ്‍ലൻഡിൽ താം ലുവാങ് ഗുഹയിൽ 12 കുട്ടികളും അവരുടെ ഫുട്ബോൾ പരിശീലകനും കയറിയത്. 11നും 16നും മധ്യേ പ്രായമുള്ളവരാണ് കുട്ടികൾ. ഇരുപത്തിയഞ്ചുകാരനാണു പരിശീലകൻ. ഇവർ കയറുന്ന സമയത്തു വെള്ളമുണ്ടായിരുന്നില്ല. ഗുഹയുടെ അകത്തുള്ളപ്പോൾ പെരുമഴ പെയ്തു വെള്ളം ഇരച്ചുകയറി. ഗുഹാകവാടം ചെളിമൂടി. ചെളിയും മാലിന്യങ്ങളും ഗുഹയുടെ ഇടുങ്ങിയ ഭാഗങ്ങളിലും നിറഞ്ഞു. വെളിച്ചം മറഞ്ഞു. തുടർച്ചയായി മഴ പെയ്തതോടെ, 10 കിലോമീറ്റർ നീളമുള്ള, ചുണ്ണാമ്പുകല്ലു നിറഞ്ഞ ഗുഹയുടെ നാലു കിലോമീറ്റർ അകത്തെത്തി കുട്ടികൾ.

കുട്ടികളുടെ സൈക്കിൾ, ബാഗുകൾ, ഷൂസ് തുടങ്ങിയവ ഗുഹാമുഖത്തിനു സമീപം കണ്ട ചിയാങ് റായ് വനത്തിലെ റേഞ്ചർ വിവരമറിയിച്ചപ്പോഴാണു വിവരം മറ്റുള്ളവർ അറിഞ്ഞത്. കുട്ടികളുടെ മാതാപിതാക്കൾ മക്കളെ കാണാനില്ലെന്ന പരാതിയുമായി എത്തുകയും ചെയ്തതോടെ ഗുഹയ്ക്കുള്ളിൽ പെട്ടതാകാമെന്ന് ഉറപ്പായി. ഒൻപതു ദിവസം നീണ്ട അതീവ ശ്രമകരമായ ദൗത്യത്തിനൊടുവിൽ ബ്രിട്ടിഷ് കേവ് റെസ്ക്യൂ കൗൺസിൽ അംഗങ്ങളായ നീന്തൽ വിദഗ്ധർ ജോൺ വോളന്തെനും റിച്ചാർഡ് സ്റ്റാന്റനുമാണു കുട്ടികളെ കണ്ടെത്തിയത്. തൊട്ടടുത്ത നിമിഷം തായ്‍ലൻഡിലേക്കു ലോകം കാരുണ്യപൂർവം പാഞ്ഞെത്തി.

ആയിരത്തിനും ആയിരത്തി അഞ്ഞൂറിനും ഇടയിൽ സാങ്കേതിക വിദഗ്ധർ, ഡൈവർമാർ, ഗുഹാ വിദഗ്ധർ, മെഡിക്കൽ സംഘം, സന്നദ്ധ പ്രവർത്തകർ എന്നിവരടങ്ങുന്ന രക്ഷാപ്രവർത്തകരാണു രണ്ടാഴ്ചയിലേറെയായി ഗുഹാമുഖത്ത് കുട്ടികളെ രക്ഷിക്കാനായി പ്രവർത്തിച്ചത്. റോയൽ തായ് നാവികസേനയുടെ ഭാഗമായ തായ് നേവൽ സീലുകളാണു നേതൃത്വം നൽകിയത്. ഗുഹയിലേക്കു മറ്റു പ്രവേശനമാർഗങ്ങളുണ്ടോ എന്നു കണ്ടുപിടിക്കാൻ ഡ്രോണുകളും റോബട്ടുകളും ഉപയോഗിച്ചു. എന്നാൽ, ഗുഹയ്ക്കുള്ളിലെ മനുഷ്യസാന്നിധ്യം കണ്ടെത്താൻ നേരിട്ടു പോവുകയല്ലാതെ മാർഗങ്ങളില്ലായിരുന്നു.

ബ്രിട്ടനിലെ ഡെർബിഷർ റെസ്ക്യൂ ഓർഗനൈസേഷനിൽനിന്നു കടം വാങ്ങിയ ഹേയ്ഫോൺ വിഎൽഎഫ് റേഡിയോകളുമായാണ് രക്ഷാപ്രവർത്തകർ ഗുഹയ്ക്കുള്ളിലേക്കു പോയത്. കുട്ടികളെ കണ്ടെത്തിയ ശേഷം അവരുടെ വിഡിയോ ഫോണിൽ പകർത്തിയതു പുറത്തുവന്നു. അകത്തേക്ക് ടെലിഫോൺ കേബിൾ വലിക്കാനുളള ശ്രമം വിജയിച്ചില്ല. കുട്ടികൾ കത്തുകൾ എഴുതി കൊടുത്തയച്ചു. മാതാപിതാക്കൾ തിരിച്ചും കത്തെഴുതി. ഗുഹയ്ക്കുള്ളിലേക്കു കയറും മുൻപ് വാങ്ങിയ ലഘുഭക്ഷണവും വെള്ളവും കോച്ചിന്റെ നിർദേശപ്രകാരം അൽപാൽപമായി കഴിച്ചാണു പത്തുദിവസം പിന്നിട്ടത്. രക്ഷാപ്രവർത്തകർ കുട്ടികളെ കണ്ടെത്തിയ ശേഷം ഡോക്ടറുടെ നിർദേശപ്രകാരം പ്രത്യേക ജെല്ലികൾ, വിറ്റമിൻ, മിനറൽ ഗുളികൾ എന്നിവ നൽകി.

ബ്രിട്ടൻ, യുഎസ്, ചൈന, മ്യാൻമർ, ലാവോസ്, ഓസ്ട്രേലിയ, ജപ്പാൻ, റഷ്യ, ഫിൻലൻഡ്, ഡെന്മാർക്ക്, സ്വീഡൻ, നെതർലൻഡ്സ്, ബെൽജിയം, ജർമനി, ചെക്ക് റിപ്പബ്ലിക്, യുക്രെയ്ൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളുടെ ഏകോപനമാണു രക്ഷാപ്രവർത്തനം വിജയമാക്കിയത്. ചൊവ്വാഴ്ച പ്രാദേശികസമയം രാവിലെ 10.08 നാണു മൂന്നാം ദിവസത്തെ ദൗത്യം ആരംഭിച്ചത്. 19 ഡൈവർമാരാണു ഗുഹയ്ക്കകത്തേക്കു പ്രവേശിച്ചത്.

പുറത്തെത്തിച്ച കുട്ടികളെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ടെറ്റനസ്, റാബിസ് രോഗപ്രതിരോധത്തിനുളള മരുന്നുകൾക്കൊപ്പം ഐവി ഡ്രിപ്പുകളും കുട്ടികൾക്കു നൽകുന്നുണ്ട്. ആദ്യസംഘത്തിലുണ്ടായിരുന്ന കുട്ടികളുടെ ശരീരതാപനില ഏറെ താഴ്ന്ന നിലയിലായിരുന്നു. രണ്ടു കുട്ടികൾക്കു ശ്വാസകോശത്തിൽ പ്രശ്നങ്ങൾ കണ്ടു. ചികിൽസ പൂർത്തിയാകാത്തതിനാലും അണുബാധ ഒഴിവാക്കാനും കുട്ടികളെയും രക്ഷിതാക്കളെയും ആശുപത്രി ജാലകത്തിലൂടെ തമ്മിൽ കാണാൻ മാത്രമാണ് അനുവദിക്കുന്നത്. ദിവസങ്ങളോളം ഗുഹയ്ക്കകത്ത് പെട്ടുപോയ മുഴുവൻ പേരെയും പുറത്തെത്തിച്ചതോടെ ലോകത്തിനാകെ മാതൃകയായിരിക്കുകയാണ് തായ്‍ലൻഡിലെ രക്ഷാപ്രവർത്തനം.