Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മെലിയാൻ ഞാൻ ആ കടുംകൈ' ചെയ്തു; പിന്നെ രോഗിയായി, ഒടുവിൽ

mumbai-women-45 ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്.

മെലിഞ്ഞു സുന്ദരിയായിരിക്കുന്നല്ലോ...

ഇങ്ങനെയൊരു അതിശയവും അഭിനന്ദനവും കേൾക്കാൻ കൊതിക്കാത്ത സ്ത്രീകളുണ്ടാവില്ല.

 എത്ര കിലോ കുറഞ്ഞു ? 

എങ്ങനെയാണു കുറച്ചത് ? 

ഇങ്ങനെയുള്ള ചോദ്യങ്ങളും സ്വാഗതാർഹം. ഈ ചോദ്യങ്ങൾ ഒരിക്കലെങ്കിലും കേൾക്കാൻവേണ്ടി ഇഷ്ടപ്പെട്ട ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. ദിവസവും അത്താഴം വേണ്ടെന്നുവയ്ക്കുന്നവരുണ്ട്. എല്ലാ ത്യാഗവും മെലിയാൻവേണ്ടി, മെലിയുന്നതിലൂടെ സുന്ദരിയാകാം എന്ന ഉറച്ച വിശ്വസത്തിലാണു ചെയ്യുന്നത്. സ്വന്തം ശരീരത്തിന്റെ സ്വാഭാവികതയെ നിഷേധിക്കുകയും സാങ്കൽപികമായ സൗന്ദര്യസങ്കൽപത്തിനു പിന്നാലെ പായുകയും ചെയ്യുമ്പോൾ ഗുരുതര രോഗങ്ങൾ കൂടിയാണ് കാത്തിരിക്കുന്നതെന്നു പലരും മനസ്സിലാക്കുന്നില്ല. എങ്ങനെ സുന്ദരിയാകാം എന്നു ഗവേഷണം ചെയ്യുന്നവരും മെലിഞ്ഞവരെ അസൂയയോടെ നോക്കുന്നവരുമെല്ലാം മനസ്സിരുത്തി വായിക്കണം മുംബൈ സ്വദേശിയായ ഒരു യുവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്: 

എനിക്കന്നു 19 വയസ്സ്. ടൈഫോയിഡ് രോഗബാധയെത്തുടർന്നു ഞാൻ വല്ലാതെ മെലിഞ്ഞു. ശരീരഭാരം കുറഞ്ഞ് 41 കിലോ വരെയായി. എങ്ങനെ ഇത്രയ്ക്കു മെലിയാൻ കഴിഞ്ഞു എന്ന് അതിശയത്തോടു ചോദിക്കുന്നരോട് രോഗമായിരുന്നു എന്നു മറുപടി പറഞ്ഞാലും ഭാഗ്യവതി എന്നായിരിക്കും എനിക്കു കിട്ടുന്ന മറുപടി. അഭിനന്ദങ്ങൾ എന്റെ തലയ്ക്കുപിടിച്ചു തുടങ്ങി. മെലിഞ്ഞിരിക്കുന്നതിന്റെ സൗന്ദര്യവും അത്മാഭിമാനവും എന്നെ ക്രമേണ കീഴ്പ്പെടുത്തി. രാത്രി വീട്ടുകാരോടൊത്ത് അത്താഴം കഴിച്ചിട്ട് രഹസ്യമായി ശുചിമുറിയിൽ പോയി ഞാൻ വായിൽ വിരൽ കടത്തി ഛർദിക്കും. കൂടുതൽ മെലിയുക എന്നതായി എന്റെ ആഗ്രഹം. ശരീരഭാരം ഇനിയും കൂടി സൗന്ദര്യം ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. 

വീണ്ടുമൊരു 11 കിലോയോളം കുറഞ്ഞു. ആത്മവിശ്വാസം വർധിച്ചു. ലഭിക്കുന്ന അഭിനന്ദനങ്ങളുടെ എണ്ണവും കൂടി. കൂടുതൽ സുന്ദരിയായി എന്നെനിക്കു തോന്നാൻ തുടങ്ങി. പക്ഷേ, ഞാൻ യാഥാർഥ്യത്തിലേക്കു തിരിച്ചുവന്നു. ഒരു സുഹൃത്താണതിനു കാരണം. ഒരുപക്ഷേ എനിക്കു മാനസികരോഗമാകാം എന്നു സുഹൃത്ത് അഭിപ്രായപ്പെട്ടു. കൂടുതൽ മെലിയാനുള്ള ആഗ്രഹം ഒഴിയാബാധയാകുകയും അതിനുവേണ്ടി ഭക്ഷണം ഉപേക്ഷിക്കുന്നതുമായ ബുലിമിയ രോഗം. 

കൂടുതൽ വിവരങ്ങൾ തിരക്കിയപ്പോൾ എനിക്കു മനസ്സിലായി–ഞാൻ രോഗത്തിന്റെ അടിമയായിക്കഴിഞ്ഞു. എനിക്കു രക്ഷപ്പെടേണ്ടിയിരിക്കുന്നു. ഞാൻ വിവരം വീട്ടിൽ പറഞ്ഞു. അവരെന്നെ ഒരു ഡോക്ടറെ കാണിച്ചു. അദ്ദേഹത്തിന്റെ സഹായത്തോടെ പതുക്കെ ഞാൻ ആരോഗ്യത്തിലേക്കു തിരിച്ചുവന്നു തുടങ്ങി. 

അളവു കുറച്ചു കൂടുതൽ നേരങ്ങളിലായി ഭക്ഷണം കഴിച്ച് വിശപ്പു മടക്കിക്കൊണ്ടുവരികയായിരുന്നു ആദ്യഘട്ടം. രാത്രിഭക്ഷണത്തിനുശേഷം ശുചിമുറിയിൽ പോകുന്ന പതിവും ഞാൻ നിർത്തി. വീട്ടിലുള്ളവരും എന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധവച്ചതോടെ ആരോഗ്യം തിരിച്ചുകിട്ടിത്തുടങ്ങി. നഷ്ടപ്പെട്ട ഭാരം തിരിച്ചുകിട്ടി. 

സമൂഹമാധ്യമങ്ങളിലാണെങ്കിലും ഫാഷൻ മാഗസിനുകളുട കവറിലാണെങ്കിലും നമ്മൾ കൂടുതൽ കാണുന്നതും അംഗീകരിക്കുന്നതും മെലിഞ്ഞ ശരീരമുള്ളവരെ. അവരുടെ സൗന്ദര്യത്തിൽ മയങ്ങുന്ന നമ്മൾ സ്വന്തം ശീരീരത്തെ വെറുക്കുന്നു. ശരീത്തെക്കുറിച്ചുള്ള അബദ്ധ ധാരണകൾ ഒഴിവാക്കുന്നതിനുവേണ്ടിയുള്ള സാമൂഹിക പ്രവർത്തനങ്ങളിലാണ് ഞാൻ ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. നിരാശയും വിഷാദരോഗവും ഒഴിവാക്കുന്ന പ്രവർത്തനങ്ങളിൽ. 

സുന്ദരിയാകാൻ മെലിയേണ്ട ആവശ്യമില്ല. നിങ്ങളുടെ രൂപം എങ്ങനെയുമായിക്കോട്ടെ. നിങ്ങൾക്കു സൗന്ദര്യമുള്ളവരാകാം. നിറം കറുപ്പോ വെളുപ്പോ ആയിക്കോട്ടെ. വണ്ണമുള്ള ആളോ മെലിഞ്ഞ ആളോ ആയിക്കോട്ടെ. നിങ്ങൾ എങ്ങനെ നിങ്ങളെത്തന്നെ കാണുന്നു എന്നതാണു പ്രധാനം. ഞാൻ ആ കഴിവു നേടിക്കഴിഞ്ഞു, ഇനിയെനിക്കു ലോകത്തോടതു പറയണം– സ്വന്തം ശരീരത്തെ സ്നേഹിക്കാനും അംഗീകരിക്കാനും. നമ്മുടെയെല്ലാം ഉള്ളിൽ സ്വന്തം ശരീരത്തോടുള്ള ഇഷ്ടമുണ്ട്. നാമതു തിരിച്ചറിയണം എന്നുമാത്രം.