Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച് ഐ വി പോസിറ്റീവ് പെൺകുട്ടിയോട് അപരിചിതർ പെരുമാറിയത്; കണ്ണുനിറയ്ക്കും വിഡിയോ

azima ചിത്രത്തിന് കടപ്പാട്: ട്വിറ്റർ.

ഞാൻ എച്ച് ഐ വി പോസിറ്റീവ് ആണ്. എന്നെ ഒന്ന് കെട്ടിപ്പിടക്കൂ എന്ന് ഒരു പെൺകുട്ടി പറഞ്ഞാൽ നമ്മളിൽ എത്രപേർ അവളെ ചേർത്തു പിടിക്കാൻ തയാറാകും. അവളുടെ അടുത്ത് ചെല്ലാൻ പോയിട്ട് സ്നേഹത്തോടെ അവളെ ഒന്നു നോക്കാൻ പോലും നമ്മളിൽ എത്രപേർക്ക് മനസ്സുണ്ട്?. അങ്ങനെയുള്ളവരുടെ മനസ്സിൽ ഒരു ചെറിയ മാറ്റമെങ്കിലും ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് യൂണിസെഫ് ട്വിറ്ററിൽ ആ വിഡിയോ പങ്കുവച്ചത്.

'എനിക്ക് എച്ച്ഐവി ആണ് എന്നെ ഒന്നു കെട്ടിപ്പിടിക്കൂ' എന്നെഴുതിയ പ്ലക്കാർഡുമായി തിരക്കുള്ള നിരത്തിൽ നിൽക്കുന്ന പെൺകുട്ടിയെയും അവളോടുള്ള അപരിചിതരുടെ സമീപനവുമാണ് വിഡിയോയുടെ ഇതിവൃത്തം. ഉസ്ബക്കിസ്ഥാനിലെ തിരക്കുള്ള നഗരത്തിൽ വെച്ചാണ് എച്ച് ഐ വി പോസിറ്റീവായ പെൺകുട്ടി അപരിചിതരോട് തന്നെ കെട്ടിപ്പിടിക്കാൻ ആവശ്യപ്പെടുന്നത്.

കെട്ടിപ്പിടിച്ചതുകൊണ്ടോ, ചുംബിച്ചതുകൊണ്ടോ എച്ച് ഐവി പകരില്ലെന്ന് ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് പെൺകുട്ടി അങ്ങനെ ചെയ്തത്. രക്തത്തിലൂടെയും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും അമ്മയിൽ നിന്ന് കുഞ്ഞിലേക്കും മാത്രമേ എച്ച്ഐവി പകരുകയുള്ളൂവെന്ന് എഴുതിയിരിക്കുന്ന പ്ലക്കാർഡും അവൾ കൈയിൽ കരുതിയിരുന്നു.

ഇത്തരം വ്യത്യസ്തമായ ഒരു ബോധവത്കരണത്തിനായി ഇറങ്ങിത്തിരിച്ച അസിമ പറയുന്നതിങ്ങനെ ; - 10 വർഷമായി ഞാൻ എച്ച് ഐ വി ബാധിതയാണ്. ജീവിതം നന്നായിത്തന്നെ മുന്നോട്ടു പോകുന്നു. ഞാനിപ്പോൾ സന്തോഷവതിയാണ്. എച്ച് ഐ വി ബാധിതർ അപകടകാരികളല്ല എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാണ് ഇത്തരത്തിൽ ഒരു ബോധവൽക്കരണത്തിനായി ഇറങ്ങിത്തിരിച്ചത്'. 

അസിമയുടെ ശ്രമത്തിന് വളരെ പോസിറ്റീവായ പ്രതികരണമാണ് സമൂഹത്തിൽ നിന്ന് ലഭിച്ചതെന്ന് വിഡിയോയിൽ നിന്ന് വ്യക്തമാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകൾ അവളുടെ അടുത്തെത്തുകയും സ്നേഹത്തോട അവളെ ചേർത്തു പിടിക്കുകയും ചെയ്തു. കൈക്കുഞ്ഞുങ്ങളുമായെത്തിയവർ മുതൽ ലിംഗവ്യത്യാസമില്ലാതെ എല്ലാവരും വളരെ കരുതലോടെ അവളെ ആലിംഗനം ചെയ്തു. ചിലർ വാത്സല്യത്തോടെ അവളെ ചുംബിച്ചു.

വിഡിയോയുടെ അവസാനം അസിമ പറയുന്നതിങ്ങനെ. 'ഇത്രയധികം പിന്തുണ ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല. അപരിചിതർ ഓരോരുത്തരും വന്ന് എന്നെ കെട്ടിപ്പിടിക്കുമ്പോൾ വീട്ടിലെ ഒരംഗത്തെപ്പോലെയാണ് എനിക്ക് തോന്നിയത്'. സമൂഹമാധ്യമങ്ങളിലും മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.