Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുടെ അഭിമാനം ഈ ശാസ്ത്രജ്ഞ

kusala-rajendran Photo Credit: Facebook/The Life of Science

രാജ്യം ഒരിക്കലും മറക്കാത്ത മുറിവുകളിലൊന്നാണ് ലത്തൂരിലെ ഭൂമികുലുക്കം. നൂറുകണക്കിനു ജീവന്‍ നഷ്ടമായ ദുരന്തം. ഭൂകമ്പ ഭീഷണിയുടെ നിഴലിലാണ് ഇന്ത്യയെന്നും ഓര്‍മിപ്പിച്ച ദുരന്തങ്ങളിലൊന്ന്. പുനരധിവാസത്തിന് ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നതിനൊപ്പം ഭാവിയില്‍നിന്നു ദുരന്തങ്ങളെ ഒഴിവാക്കാനുള്ള പഠനങ്ങളും നടന്നു. ഭൗമശസ്ത്ര വിദഗ്ധരാണു പഠനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. അവരില്‍ മുന്നിലുണ്ടായിരുന്നു കുശല രാജേന്ദ്രന്‍. ഇത്തവണ രാജ്യത്തെ മികച്ച ശാസ്ത്രജ്ഞയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ വനിത. ഓഷ്യന്‍ സയന്‍സസ് ആന്‍ ടെക്നോളജി ആന്‍ഡ് അറ്റ്മോസ്ഫയറിക് സയന്‍സസ് ടെക്നോളജിക്കു വേണ്ടിയാണ് കുശല പുരസ്കാരത്തിന് അര്‍ഹയായത്. ഈ വിഭാഗത്തിലുള്ള ആദ്യത്തെ ദേശീയ പുരസ്കാരം. 

ബിരുദം നേടുന്നതോടെ വിദ്യാഭ്യാസം അവസാനിപ്പിച്ച് സ്ത്രീകള്‍ വിവാഹജീവിതത്തിലേക്കു കടക്കുന്നതായിരുന്നു കുശല ജനിച്ച കുടുംബത്തിലെ പാരമ്പര്യം. ഭൗമശാസ്ത്ര പഠനം അന്ന് അപൂര്‍വമായ ശാസ്ത്രശാഖയും. തനിക്കു ലഭിച്ച ദേശീയ പുരസ്കാരം പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിട്ടു നേട്ടം കരസ്ഥമാക്കിയ വനിതകള്‍ക്കാണ് കുശല സമര്‍പ്പിച്ചതും ഇക്കാരണം കൊണ്ടുതന്നെ. പാരമ്പര്യ ഇന്ത്യന്‍ സമൂഹത്തില്‍ ഒരു സ്ത്രീ നേരിടുന്ന വിവേചനങ്ങള്‍ മറ്റാരെക്കാളും നന്നായറിയാം കുശലയ്ക്ക്. 

റൂര്‍ക്കി െഎെഎടിയിലായിരുന്നു കുശലയുടെ ബിരുദ പഠനം. 1970-കളില്‍ രാജ്യത്തെ മുന്‍നിര സ്ഥാപനമായിരുന്നു റൂര്‍ക്കി െഎെഎടി. ജിയോഫിസിക്സ് പഠിക്കാനെത്തിയ ആറു കുട്ടികളില്‍ ഒരേയൊരു വനിതയായിരുന്നു കുശല. 1979- ല്‍ ബിരുദാനന്തര ബിരുദം നേടി പുറത്തുവന്നു കുശല. അക്കാലത്ത് ഭൗമശാസ്ത്രം പഠിക്കുന്ന പെണ്‍കുട്ടികളെ സംശയത്തോടെയാണ് എല്ലാവരും കണ്ടത്. പഠനത്തിന്റെ ഭാഗമായി ധാരാളം യാത്ര ചെയ്യണം. ഭര്‍ത്താക്കന്‍മാരല്ലാത്ത പുരുഷന്‍മാരോടൊത്ത് യാത്ര ചെയ്യുന്നവരെ സമൂഹം കണ്ടതു സംശയത്തോടെ. വിവേചനത്തെ ധീരമായി നേരിടാന്‍ അസാധാരണ കരുത്തു വേണ്ടിയിരുന്നു. സൗത്ത് കാരലൈന സര്‍വകലാശാലയില്‍നിന്നു ഡോക്ടറേറ്റ് നേടാന്‍ കുശല അമേരിക്കയ്ക്കു പുറപ്പെട്ടത് 1987ല്‍. 93- ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയ കുശല നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസില്‍ ചേര്‍ന്നു. 2007- മുതല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസില്‍ അസോസിയേറ്റ് പ്രഫസര്‍.

കുശല ജീവിതപങ്കാളിയെ കണ്ടെത്തുന്നതു തിരുവനന്തപുരത്തെ ഭൗമശാസ്ത്രപഠന കേന്ദ്രത്തില്‍ ജോലി ചെയ്തപ്പോള്‍- ജിയോളജിസ്റ്റ് സി.പി.രാജേന്ദ്രന്‍. വിവാഹത്തിനു മുമ്പ് അവരിരുവരും ഒരുമിച്ച് ഒട്ടേറെ ഗവേഷണ പദ്ധതികളുടെ ഭാഗവുമായി. ലത്തൂരിലെ ഭൂകമ്പമായിരുന്നു അവരുടെ ആദ്യത്തേ ഗവേഷണവിഷയം. പിന്നീടു ലോകം ശ്രദ്ധിച്ച ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങള്‍ അവര്‍ പുറത്തിറക്കി. 2004- ലെ സുനാമി ആഞ്ഞടിച്ചപ്പോഴും  പഠന-ഗവേഷണ രംഗത്ത് കുശലയും രാജേന്ദ്രനും ഒരുമിച്ചുണ്ടായിരുന്നു. അന്നു തമിഴ്നാട്ടിലെ കാവേരിപട്ടണത്ത് ഗവേഷണത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ മുമ്പ് ഇത്തരമൊരു ദുരന്തം ഉണ്ടായിട്ടുണ്ടോ എന്ന സംശയം നേരിട്ടു. സഹായത്തിനെത്താന്‍ ഔദ്യോഗിക രേഖകളൊന്നും ഇല്ലായിരുന്നു. ഒടുവില്‍ വ്യാപക ഗവേഷണത്തിനൊടുവില്‍ പുരാതന തമിഴ് കാവ്യമായ മണിമേഖലയില്‍ സുനാമിയുടെ ആദ്യത്തെ സൂചനകള്‍ കണ്ടെത്താനും അവര്‍ക്കു കഴിഞ്ഞു. 

93-ല്‍ കൃഷ്ണന്‍ സ്മാരക സ്വര്‍ണമെഡലും കുശല നേടിയിരുന്നു. മറ്റനേകം ചെറുതും വലുതുമായ പുരസ്കാരങ്ങളും. ഭൗമശാസ്ത്ര പഠനത്തിലും ഗവേഷണത്തിലും ഒരിക്കല്‍ പിന്നിലായിരുന്ന ഇന്ത്യ ഇന്ന് രാജ്യാന്തര തലത്തില്‍ മറ്റു രാജ്യങ്ങള്‍ക്കൊപ്പം എത്തിയിരിക്കുന്നു. ഈ വലിയ നേട്ടത്തിന് രാജ്യം കടപ്പെട്ടിരിക്കുന്നത് കുശല ഉള്‍പ്പെടയുള്ള പ്രതിഭകളോട്.