Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയദിനങ്ങളിൽ ചെന്നൈയിൽ കാണാത്തത്; കേരളത്തിൽ കണ്ടതും

chennai-women-01

പ്രളയക്കെടുതിയെ അതിജീവിച്ച് കേരള ജനത സ്വാഭാവിക ജീവിതത്തിലേക്ക് മെല്ലെ തിരികെപ്പോകാനൊരുങ്ങുകയാണിപ്പോൾ. വെള്ളമിറങ്ങിയ വീടുകൾ വൃത്തിയാക്കാനുള്ള ശ്രമത്തിലാണ് പല കുടുംബംങ്ങളും സാമൂഹിക പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും യുവാക്കളും ഈ അതിജീവനത്തിന്റെ നാളുകളിൽ കുടുംബങ്ങൾക്കൊപ്പമുണ്ട്. ഈ സാഹചര്യത്തിലാണ് ചെന്നൈ മലയാളിയായ ഒരു യുവതി ഒരു കുറിപ്പെഴുതിയത്.

പ്രളയത്തെ അതിജീവിച്ച ചെന്നൈയിൽ നിന്ന് കേരളം വ്യത്യസ്തമാകുന്നതെങ്ങനെയെന്ന് സാന്ദ്ര കെ.എസ് എന്ന യുവതി ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ :- 

മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവർ നമ്മളെ മല്ലൂസ് എന്ന് വിളിച്ചു കളിയാക്കാറുണ്ട്. അങ്ങനെ വിളിക്കുമ്പോളും അതിൽ ഞാൻ അഭിമാനിച്ചിരുന്നു. എന്നാൽ ഇന്ന് ഞാൻ ആ വിളിയിൽ ആകാശം മുട്ടെ വളർന്നു അഭിമാനിക്കുന്നു. അതിന്റെ കാരണം ഇതാണ്.

2015 ൽ ചെന്നൈയിലെ വെള്ളപ്പൊക്കം നേരിൽ കണ്ട ആളാണ് ഞാൻ. എന്നെ പോലെ ചെന്നൈയിലെ ഓരോ മലയാളിയും അതിന്റെ ഭീകരത അറിഞ്ഞവരാണ്. എന്നാൽ ചെന്നൈയിലെ വെള്ളപ്പൊക്കത്തിൽ കാണാൻ കഴിയാത്ത പലതും ഞാൻ പാലക്കാട് ഇരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു.

1. മത്സ്യ തൊഴിലാളികൾ ചെന്നൈയിലും വന്നിരുന്നു.നാട്ടുകാരുടെ വക നല്ലൊരു യാത്ര അയപ്പ് എവിടെയും കണ്ടില്ല. ഇവിടെ ആർമിക്കും മത്സ്യ തൊഴിലാളികളെയും യാത്ര ആക്കിയത് എങ്ങനെ എന്ന് നമ്മൾ കണ്ടതാണ്.

2. ചെന്നൈയിൽ വെള്ളം താഴ്ന്ന ശേഷം ഒരുപാടു ബോട്ടുകൾ റോഡിൽ കിടക്കുന്നത് ഫെയ്സ്ബുക്ക് വഴി കണ്ടിരുന്നു. അവരെ കൊണ്ടുവരുമ്പോൾ ഉണ്ടായിരുന്ന ശുഷ്‌കാന്തി പിന്നീട് വെള്ളം ഇറങ്ങിയപ്പോൾ കണ്ടില്ല. ഫെയ്സ്ബുക്ക് പോസ്റ്റ് വഴി ഇതുപോലെ നമ്മുടെ നാട്ടിലും ഉള്ളതായി അറിഞ്ഞു, പക്ഷേ എത്രയും പെട്ടന്നു തന്നെ അതിനൊക്കെ പരിഹാരവും കണ്ടു.

3. ഫെയ്സ്ബുക്കിനെ നമ്മൾ എല്ലാരും കൂടെ ചേർന്ന് ഒരു കൺട്രോൾ റൂം ആക്കിയതല്ലേ. ഇതൊന്നും ഞാൻ ചെന്നൈയിലെ വെള്ളപ്പൊക്കത്തിൽ കണ്ടില്ല.

4. എന്റെ സുഹൃത്തുക്കൾ ഉൾപ്പടെ വിദേശത്തുള്ള ഒരുപാടു പേർ ശരീരം അവിടെയും മനസ്സ് നാട്ടിൽ വെച്ചും ഓരോ കോർഡിനേഷൻ വർക്കും ഉറക്കമില്ലാതെ ചെയ്തു. ഇതും ഞാൻ ചെന്നൈയിലെ വെള്ളപ്പൊക്കത്തിൽ കണ്ടില്ല.

5. ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ keralarescue.in എന്ന website വളരെ പെട്ടന്ന് ഉണ്ടാക്കി ലോകത്തിന്റെ ഓരോ കോണിലും ഇരുന്ന് മലയാളികൾ പ്രവർത്തിച്ചു. IT കമ്പനികൾ ഒരുപാടുള്ള ചെന്നൈയിൽ ഇങ്ങനെ ഒരു ബുദ്ധി ആർക്കും തോന്നിയില്ല. അഥവാ തോന്നിയിരുനെങ്കിലും അതിനു വേണ്ടത്ര സപ്പോർട്ട് കിട്ടിയിട്ടുണ്ടാവില്ല.

6. ചെന്നൈയിലെ ആൽവാർപേട്ടയിൽ കേരളത്തിലെ വെള്ളപൊക്കത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ ഒരു കോൾ സെന്റർ.

7. ചെന്നൈയിലെ ഒരു ക്യാമ്പിലും ഭക്ഷണം അധികമായി എന്ന് പറഞ്ഞു കേട്ടില്ല. ഇന്നലെ ടോവിനോ ലൈവിൽ പറഞ്ഞത് എറണാകുളത്തു മാത്രം 10,000 പേർക്കുള്ള ഭക്ഷണം പാഴായിപ്പോയി എന്നാണ്. ഇത് നമ്മൾ മലയാളികളുടെ സ്‌നേഹം ആണ്. ഈ സ്നേഹക്കൂടുതൽ കാരണം ഒരു ക്യാംപിൽ ഭക്ഷണം ഇല്ല എന്ന് അറിയുമ്പോൾ എല്ലാവരും അത് അവിടേക്കു എങ്ങനെയെങ്കിലും എത്തിക്കാൻ വെമ്പൽ കാണിക്കുകയായിരുന്നു. ഇതുകൊണ്ടു തന്നെ ഒരേ ക്യാമ്പിൽ പല തവണ ഭക്ഷണം എത്തിപ്പെട്ടു.

8. വീടുകൾ വൃത്തിയാക്കാൻ ഒരു കൂട്ടം ചെറുപ്പക്കാർ ഇവിടെ തയാറായി മുമ്പിൽ നടക്കുന്നു. അങ്ങനെ ചെന്നൈയിൽ ഉണ്ടായിരുന്നില്ല.

9. പാൽ - 200രൂപ, മെഴുകുതിരി - 100 രൂപ. അങ്ങനെ പലതും കൊള്ള ലാഭത്തിൽ വിറ്റിരുന്നു ചെന്നൈയിൽ. അത്യാവശ്യ സാധനം ആയതുകൊണ്ടും ആവശ്യക്കാർ കൂടുതൽ ആയതുകൊണ്ട് കാശുള്ളവർ അതും വാങ്ങി.നമ്മുടെ നാട്ടിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മാത്രമേ അങ്ങനെ വില കൂട്ടി കച്ചവടം ഉണ്ടായുള്ളൂ. അവയൊക്കെ റിപ്പോർട്ട് ചെയ്ത ഉടനെ തന്നെ Kerala Police ആക്ഷൻ എടുത്തു. ചെന്നൈയിൽ ഇങ്ങനെ ഉള്ള സന്ദർഭത്തിൽ പോലീസോ ഗവണ്മെന്റോ ഇടപെട്ടതായി അറിഞ്ഞില്ല.

10. മൃഗങ്ങളെ മാത്രമായി രക്ഷപെടുത്താൻ ഒരു ടീം ചെന്നൈയിൽ കണ്ടില്ല.

11. ഒരു രാഷ്ട്രീയവും കാണിക്കാതെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ നമ്മുടെ കൂടെ നിന്നു. ചെന്നൈയിൽ വെള്ളപൊക്കം ഉണ്ടായപ്പോൾ ഓരോ രാഷ്ട്രീയ പാർട്ടികളും അവരുടെ ചിഹ്നം പതിപ്പിച്ച ഭക്ഷണ പൊതികളാണ് വിതരണം ചെയ്‌തത്‌, അതും സംഭാവന ചെയ്യുന്നവരുടെ കയ്യിൽ നിന്ന് തട്ടി എടുത്ത ശേഷം.

12. ക്യാമ്പിൽ ജിമിക്കി കമ്മൽ ഡാൻസും അന്താക്ഷരിയും 

13. രാഷ്ട്രീയത്തെയോ രാഷ്ട്രീയക്കാരെയോ പേടിക്കാത്ത നമ്മുടെ IAS ഓഫീസഴ്സ്.

14. USB കേബിളും 3 battery ഉം ഉപയോഗിച്ച് മൊബൈൽ ചാർജ് ചെയ്യാം എന്ന് എല്ലാരേയും കൃത്യ സമയത്തു അറിയിച്ചു തന്നു. കുറച്ചു പേർ അത് വീഡിയോ ആക്കി facebook ഇൽ ആ അറിവ് ശെരിയാണെന്നു കാണിച്ചു തന്നു. കുറച്ചു വിദ്യാർഥികൾ അത് ഉണ്ടാക്കുകയും സൗജന്യമായി വിതരണം ചെയുകയും ചെയ്തു. ചെന്നൈയിൽ വെള്ളപ്പൊക്കത്തിൽ ഇതൊന്നും ആരും ആരോടും പറഞ്ഞു കൊടുത്തില്ല.

15. നാട്ടുകാരുടെ ജീവന് വേണ്ടി പരസ്യമായി മാധ്യമങ്ങളോടും മറ്റും കെഞ്ചുന്ന ഒരു ജനപ്രതിനിധി - MLA സജി ചെറിയാനെ പോലെ ചെന്നൈയിൽ ആരും ഉണ്ടായിരുന്നില്ല.

16. ചെന്നൈയിലെ വെള്ളപ്പൊക്കത്തിൽ എത്ര പേര് മരിച്ചു എന്ന കൃത്യമായ കണക്ക് ഇന്നും ജനങ്ങൾക്ക് ഉണ്ടാവില്ല. പല കൂട്ട മരണങ്ങൾ മാധ്യമങ്ങളേയോ പുറം ലോകത്തിനെയോ അറിയിച്ചിരുന്നില്ല.(ഇതിനെ പറ്റി ചെന്നൈവാസികൾക്കു അറിയാം. രാഷ്ട്രീയപരമായ കാര്യങ്ങൾ ഞാൻ കൂടുതൽ പറയുന്നില്ല). നമ്മുടെ കേരളത്തിലെ ഓരോ ജില്ലയിലെയും കണക്കു മലയാളികൾക്ക് അറിയാം. നമുക്ക് നമ്മുടെ നാട്ടിൽ ഒരുപാട് സ്ഥാനമുണ്ട്.

17. കേരളം വെള്ളപൊക്കത്തിൽ അകപ്പെട്ട സമയത്തുതന്നെ Back to life kit, Clean up kit, Kids kit എന്നിങ്ങനെ ആളുകൾ വീടുകളിലേക്ക് തിരിച്ചു പോകുമ്പോൾ ഉപയോഗിക്കാനായി ഒരു മുൻകരുതൽ എന്നപോലെ സംഭരിച്ചു തുടങ്ങി. ഇത്രയും ദീർഘവീക്ഷണത്തോടെ ഉള്ള ഒരു കാര്യവും ചെന്നൈയിൽ കണ്ടില്ല.

18. കേരളത്തിൽ ഡാമുകൾ തുറക്കുന്നതിനു മുൻപ് തന്നെ പുഴകളുടെ തീരത്തു താമസിക്കുന്നവർക്ക് മുന്നറിയിപ്പ് കൊടുക്കുകയും മാറ്റി പാർപ്പിക്കുകയും ചെയ്തു. എന്നാൽ ചെന്നൈയിലെ ചെമ്പരമ്പാക്കം തടാകം തുറന്നു വിടുന്നതിനു മുൻപ് ജാഗ്രതാ നിർദ്ദേശം കൊടുക്കാൻ വൈകിയതുകൊണ്ട് ആളുകൾക്ക് മാറി താമസിക്കാനുള്ള സമയപരിധി ഉണ്ടായിരുന്നു എന്ന് പല രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

19. ഗൂഗിൾ ലൊക്കേഷൻ ഷെയർ ചെയ്തത് വഴി നിരവധി ആളുകളെ രക്ഷപെടുത്തി നമ്മുടെ കേരളത്തിൽ. ഇതും ചെന്നൈയിൽ കണ്ടില്ല.

20. വെള്ളപ്പൊക്കം കഴിഞ്ഞാലുടനെയുള്ള ആരോഗ്യ പ്രശ്നങ്ങൾ നിരവധിയാണ്. അതിനായുള്ള മുൻകരുതലുകൾ ഗവണ്മെന്റും മലയാളികളും മുന്നിൽ കണ്ട് അത് പല മാധ്യമങ്ങളിലൂടെയും (പത്രം, ഫേസ്ബുക്, whatsapp, TV etc) എല്ലാവരിലേക്കും എത്തിച്ചു.

21. വീടുകളിൽ എത്തുമ്പോൾ എന്തൊക്കെ ചിന്തിക്കണം എന്ന് എല്ലാവരിലേക്കും എത്തിച്ചു. വൈദ്യതി എങ്ങനെ അപായം ഇല്ലാതെ ഉപയോഗിക്കാം, ഇഴ ജന്തുക്കൾ വീടിന്റെ അകത്തു ഉണ്ടായാൽ എന്ത് ചെയ്യണം, മൃഗങ്ങളുടെ ശവ ശവീരം എങ്ങനെ കൈകാര്യം ചെയ്യണം എന്നിങ്ങനെ പലതും നമ്മൾ എല്ലാവരിലേക്കും എത്തിച്ചു കൊടുത്തു .

22. നമ്മുടെ നാട്ടിൽ ഓരോ സ്ഥലത്തും മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് പോകുമ്പോൾ രണ്ടു നിലയുള്ള വീടുകളിലെ ആളുകൾ അവരെ ഒരു നില മാത്രം ഉള്ള വീടുകളിലേക്ക് ആദ്യം പറഞ്ഞയച്ചു.

23. നമ്മുടെ നാട്ടിൽ ഒരുപാട് വെള്ളം കയറിയിട്ടും മൊബൈൽ സിഗ്നലുകൾ മൊത്തത്തിൽ നമ്മളെ ചതിച്ചില്ല. അതുകൊണ്ടാണ് വെള്ളപ്പൊക്കത്തിൽ അകപെട്ടവർ പോലും facebook live വന്ന് ലുകൾ അവരുടെ കഷ്ടങ്ങൾ അറിയിച്ചത്.

24. അതുപോലെ തന്നെ വൈദ്യതി. KSEB യിലെ ലൈൻമാന്മാർ രാവും പകലും ഇല്ലാതെ മഴയത്തും പ്രളയത്തും നമ്മെ സഹായിച്ചു. ചെന്നൈയിലെ ഒരു വീട്ടിലും ആ സമയത്തു വൈദ്യതി ഉണ്ടായിരുന്നില്ല.

25. 6 വലിയ പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിച്ച് life jacket ഉണ്ടാക്കാം എന്ന് എല്ലാരേയും കൃത്യ സമയത്തു അറിയിച്ചു തന്നു.

26. ക്യാമ്പുകളിൽ മൃഗങ്ങൾക്കു പ്രത്യേകമായി ഭക്ഷണ ശേഖരണം.

ഇനിയും ഉണ്ട് പറഞ്ഞാൽ തീരാത്ത ഒരുപാടു വ്യത്യാസങ്ങൾ...................................

അതുകൊണ്ടാവാം കേരളത്തിന് മറ്റ് രാജ്യങ്ങളിൽ നിന്നും സംസഥാനങ്ങളിൽ നിന്നും ഒരുപാടു സഹായം വേണ്ടുവോളം കിട്ടുന്നത്.

നമ്മൾ മാലയാളികളെ പോലെ നമ്മൾ മലയാളികൾ മാത്രമേ ഉള്ളു. ചെന്നൈയിലെ വെള്ളപ്പൊക്കത്തിന് ശേഷം അതിവേഗം തന്നെ നഗരം പഴയ ശക്‌തി വീണ്ടെടുത്ത് അതേ വീര്യത്തോടെ തന്നെ തിരിച്ചു വന്നു. അതിനേക്കാൾ 1000 മടങ്ങു വേഗത്തിൽ നമ്മുടെ കേരളം തിരിച്ചു വരും എന്നതിൽ നമ്മുടെ മുഖ്യമന്ത്രിയെ പോലെ എനിക്കും യാതൊരു സംശയവും ഇല്ല. എല്ലാവരുടെയും ഈ കൂട്ടായ്‌മ മാത്രം മതി നമ്മുക്ക് തിരിച്ചു വരാൻ.

ട്രെയിൻ വാളയാർ എത്തുമ്പോ ഒരു സ്പെഷ്യൽ ഫീൽ ഉണ്ട്. ആ ഒരു സുഖം വേറെ തന്നെയാ..അത് അനുഭവിച്ചറിഞ്ഞവർക്കേ അറിയൂ