Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസാധാരണമായ ആ ദിവസത്തെക്കുറിച്ച് അശ്വതി ശ്രീകാന്ത്

aswathy-sreekanth-4 അശ്വതി ശ്രീകാന്ത് അധ്യാപികയ്ക്കൊപ്പം.

ഒന്നുമല്ലാതിരുന്ന കാലത്തു നിന്നും എന്തൊക്കെയോ ആക്കിത്തീർത്ത കാലത്തിലേക്ക് എത്തിച്ച അധ്യാപകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ഒട്ടുമിക്കപേരും തങ്ങളുടെ ഗുരുക്കന്മാരെ അഭിസംബോധന ചെയ്ത് കുറിപ്പുകളെഴുതിയത്. അധ്യാപകദിനത്തിൽ അതിമനോഹരമായ ഒരു കുറിപ്പാണ് അശ്വതി ശ്രീകാന്ത് പങ്കുവച്ചത്.

അശ്വതിയുടെ കുറിപ്പിങ്ങനെ:- 

‘പോരാനിറങ്ങുമ്പോള്‍ കവിള് നിറയെ ഉമ്മ തന്നു. 'ഇനി എന്നാ ന്റെ കൊച്ചിനെ കാണുന്നേ' ന്നു നെടുവീര്‍പ്പിട്ടു.... പോരും മുന്‍പേ ടീച്ചറിന്റെ കൈകളില്‍ ഞാന്‍ ഒരിക്കല്‍ കൂടി അമര്‍ത്തി പിടിച്ചു. പണ്ടൊരു ജൂണ്‍ മാസത്തില്‍ അമ്മ സ്‌കൂള്‍ മുറ്റത്തു വിട്ടു പോയപ്പോള്‍ ആകെയുണ്ടായിരുന്ന ആശ്രയം അന്നേ ചുളിവ് വീണു തുടങ്ങിയിരുന്ന ഈ കൈകളായിരുന്നല്ലോ എന്നോര്‍ത്തു.’ തന്നെ ഒന്നാം ക്ലാസ്സില്‍ പഠിപ്പിച്ച ശാന്ത ടീച്ചറുടെ വീട്ടിലെത്തിയ അനുഭവമാണ് അശ്വതി പങ്കുവയ്ക്കുന്നത്. 

അശ്വതി ശ്രീകാന്ത് എഴുതിയ കുറിപ്പ് വായിക്കാം

പെട്ടെന്നുണ്ടായൊരു തോന്നലിലാണ് വണ്ടി എടുത്തൊരു യാത്ര പുറപ്പെട്ടത്. ജനിച്ചു വളര്‍ന്ന നാട്ടിലേയ്ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷമൊരു യാത്ര. ഒന്നാം ക്ലാസ്സില്‍ പഠിപ്പിച്ച ശാന്ത ടീച്ചറിന്റെ വീട്ടുമുറ്റത്താണ് വണ്ടി നിന്നത്. ടീച്ചറേന്നു നീട്ടി ഒന്ന് വിളിച്ചപ്പോള്‍ 'ചിന്നുമോളേ'ന്നു തിരികെ വിളിച്ച്, തിമിരത്തിന്റെ പാടയെയും എന്നെയും ടീച്ചര്‍ ഒന്നു പോലെ ഞെട്ടിച്ചു കളഞ്ഞു. 

പിന്നെ നീയെന്നെ കാണാന്‍ വന്നല്ലോന്നു കണ്ണ് നിറച്ചു. മോളെ കൂടി കൂട്ടമായിരുന്നൂന്ന് പരാതി പറഞ്ഞു. 'പത്മ' നല്ല പേരാണല്ലോന്നു സന്തോഷം പറഞ്ഞു. എന്റെ കൈ പിടിച്ചു മടിയില്‍ വച്ചു വാതോരാതെ വിശേഷം പറഞ്ഞു. കറിയൊന്നുമില്ലേലും ഇച്ചിരി ഉണ്ണാമെന്ന് നിര്‍ബന്ധിച്ചു. വൃദ്ധ ദമ്പതികളുടെ ഉച്ചയുറക്കത്തിലേയ്ക്ക് മുന്നറിയിപ്പില്ലാതെ കയറിച്ചെന്നത് കൊണ്ട് ഉണ്ടില്ലെങ്കിലും ഉണ്ടെന്നു കള്ളം പറയേണ്ടി വന്നു. 

പോരാനിറങ്ങുമ്പോള്‍ കവിള് നിറയെ ഉമ്മ തന്നു. 'ഇനി എന്നാ ന്റെ കൊച്ചിനെ കാണുന്നേ' ന്നു നെടുവീര്‍പ്പിട്ടു.... പോരും മുന്‍പേ ടീച്ചറിന്റെ കൈകളില്‍ ഞാന്‍ ഒരിക്കല്‍ കൂടി അമര്‍ത്തി പിടിച്ചു. പണ്ടൊരു ജൂണ്‍ മാസത്തില്‍ അമ്മ സ്‌കൂള്‍ മുറ്റത്തു വിട്ടു പോയപ്പോള്‍ ആകെയുണ്ടായിരുന്ന ആശ്രയം അന്നേ ചുളിവ് വീണു തുടങ്ങിയിരുന്ന ഈ കൈകളായിരുന്നല്ലോ എന്നോര്‍ത്തു... കണ്ണ് നിറഞ്ഞു.... മനസ്സ് നിറഞ്ഞു... ഒരു ഒന്നാം ക്ലാസ്സുകാരി തിരികെ പോന്നു !! അതിസാധാരണമായേക്കാവുന്ന ചില ദിവസങ്ങള്‍ അസാധാരണമാകുന്നത് ഇങ്ങനെയൊക്കെയാണ്... അത് വലത്തേക്ക് പോകേണ്ട വണ്ടിയെ പെട്ടെന്ന് ഇടത്തേക്ക് തിരിക്കുന്നത്ര അപ്രതീക്ഷിതമായേക്കാം