അസാധ്യം അഞ്ചുവയസ്സുകാരിയുടെ നൃത്തം, ജഡ്ജസ്സിനെ കരയിച്ച് കൊറിയോഗ്രാഫർ; കണ്ണുനിറയ്ക്കും വിഡിയോ

അസാധ്യമെയ്‌വഴക്കത്തോടെ ആ അഞ്ചുവയസ്സുകാരി നൃത്തം ചെയ്തു കയറിയത് വിധികർത്താക്കളുടെ ഹൃദയത്തിലേക്കായിരുന്നു. വേദിയിൽ അവളുടെ പ്രകടനമവസാനിച്ചപ്പോൾ എഴുന്നേറ്റു നിന്നാണ് വിധികർത്താക്കൾ കൈയടിച്ചത്. കൊച്ചുകുട്ടിയെ അഭിനന്ദിക്കാനായി വിധികർത്താക്കളിൽ രണ്ടുപേർ വേദിയിലെത്തി. വിധികർത്താക്കളിലൊരാളായ ശിൽപ്പാഷെട്ടി കുഞ്ഞിനെ വാരിയെടുത്തപ്പോൾ അവളെ ചേർത്തുപിടിച്ച് ചുംബിച്ചാണ് മറ്റൊരു വിധികർത്താവ് അവളോടുള്ള വാത്സല്യം പ്രകടിപ്പിച്ചത്.

കുട്ടി വേദിയിൽ തകർത്താടുമ്പോഴും അവൾക്ക് വിധികർത്താക്കൾ മാർക്ക് നൽകിയപ്പോഴുമൊക്കെ സദസ്സിലിരുന്ന് ഒരാൾ കരയുന്നുണ്ടായിരുന്നു. പിഴവില്ലാതെ നൃത്തം ചെയ്യാൻ അവളെ പരിശീലിപ്പിച്ച ഗുരുവായിരുന്നു അത്.ഒട്ടും മടിക്കാതെ അദ്ദേഹത്തെ വിധികർത്താക്കൾ വേദിയിലേക്കു ക്ഷണിച്ചു. സദസ്സിൽ നിന്ന് വേദിയിലേക്ക് അദ്ദേഹമെത്തിയത് എത്തിയത് ഇഴഞ്ഞായിരുന്നു. കാരണം അദ്ദേഹത്തിന്റെ ഇരുകാലുകളും തളർന്നതായിരുന്നു.

ഈ ദൃശ്യങ്ങൾ കണ്ട് വേദിയിൽ നിന്ന വിധികർത്താക്കളും സദസ്സിലിരുന്ന പ്രേക്ഷകരും ഒരുപോലെ ഞെട്ടി. ശിൽപ്പഷെട്ടി കണ്ണീരടക്കാൻ പാടുപെട്ടു. വേദിയിൽ നിന്ന് വിതുമ്പിയ അദ്ദേഹത്തെ വിധികർത്താക്കൾ സമാശ്വസിപ്പിച്ചു. പിന്നെയാണ് അദ്ദേഹം ആ കഥപറഞ്ഞത്. കാലില്ലാത്ത താൻ നൃത്താധ്യാപകനായ കഥ. കൈകുത്തി സഞ്ചരിക്കുന്ന അദ്ദേഹം കൈകൊണ്ടാണ് നൃത്തത്തിനുള്ള സ്റ്റെപ്പുകൾ ചിട്ടപ്പെടുത്തുന്നത്. പിന്നെ രാവും പകലുമില്ലാതെ ഊണും ഉറക്കവുമില്ലാതെ പ്രിയ ശിഷ്യരെ പഠിപ്പിക്കും. ചെറിയ സദസ്സിനു മുന്നിൽ നൃത്തം ചെയ്യിപ്പിച്ച് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും. അങ്ങനെയാണ് വലിയ സ്വപ്നങ്ങൾ കീഴടക്കാൻ അദ്ദേഹം തന്റെ ശിഷ്യരെ പരിശീലിപ്പിക്കുന്നത്.

വേദിയിൽ നിന്ന് തന്റെ പ്രജോദാത്മക ജീവിതം തുറന്നു പറഞ്ഞ അദ്ദേഹത്തിന്റെ മുന്നിൽ ശിൽപ്പഷെട്ടി സാഷ്ടാംഗ പ്രണാമം ചെയ്തു. മറ്റു രണ്ടു ജഡ്ജസും അദ്ദേഹത്തെയും ശിഷ്യയായ മത്സരാർഥിയെയും അഭിനന്ദിച്ചു.