നിറവയറുമായി പോൾ ഡാൻസ് ചെയ്തു; ആ ഗർഭിണിയും കുഞ്ഞും ഇപ്പോൾ?

ഉയരുന്ന നെഞ്ചിടിപ്പുകളോടെയാണ് ആലിസണിന്റെ പോൾ ഡാൻസ് പ്രകടനം  അന്ന് കാണികൾ ആസ്വദിച്ചത്. എന്നും ഏറെ കൗതുകത്തോടെ മാത്രം കണ്ടിരുന്ന പോൾഡാൻസ് വേഗം പൂർത്തിയാകാൻ പ്രാർഥിച്ചവർ പോലും അന്ന് കാണികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നിരിക്കാം. കാരണം അന്ന് തങ്ങൾക്കു മുന്നിൽ നൃത്തം ചെയ്തത് ഗർഭിണിയായ ഒരു സ്ത്രീയായിരുന്നുവെന്ന് അവർ മനസ്സിലാക്കിയിരുന്നു.

നിറവയറുമായി അതിസാഹസികമായി നൃത്തം ചെയ്യുന്ന പോൾ ഡാൻസ് താരം അന്നൊരുപാട് വിമർശനങ്ങൾ നേരിട്ടു. ഗർഭാവസ്ഥയിലുള്ള ഇത്തരം നൃത്തപ്രകടനം കുഞ്ഞിന്റെ ജീവനു തന്നെ ഭീഷണിയാകുമെന്ന് പലരും വിധിയെഴുതി. എന്നാൽ ആലിസണിനു മാത്രം അങ്ങനെയൊരു സംശയമേയുണ്ടായില്ല. കാരണം ഗർഭാവസ്ഥയിലായിരിക്കെ ചെയ്ത ഓരോ നൃത്തപ്രകടനങ്ങൾക്കു ശേഷവും അവൾ കൃത്യമായി ഡോക്ടറിനെ ചെന്നുകാണുകയും കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. 

വിമർശനങ്ങളോട് അന്ന് മൗനം പാലിച്ച ആലിസൺ ഇപ്പോൾ മറുപടി പറഞ്ഞിരിക്കുന്നത് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ്. നൃത്തവേദിയിലെത്തിയ അതേ കോസ്റ്റ്യൂമിലെത്തിയ ആലിസണ് ഒരു ചെറിയ വ്യത്യാസം മാത്രമാണുള്ളത്. അന്നത്തെ നിറവയറിന്റെ സ്ഥാനത്ത് ഇപ്പോഴുള്ളത് ഒരു മാലാഖക്കുഞ്ഞാണ്. കാണികളുടെ പേടിയും ആകാംക്ഷയുമൊക്കെ അസ്ഥാനത്തായിരുന്നുവെന്നും കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നതെന്നുമുള്ള സന്ദേശമാണ് ആലിസൺ ഒരു സുന്ദര ചിത്രത്തിലൂടെ പങ്കുവച്ചത്.