Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക ടെന്നിസിന് നവോൻമേഷം പകർന്ന പുതിയ രാജകുമാരി

Naomi Osaka

സെറിന വില്യംസിന്റെ പൊട്ടിത്തെറിക്കൊപ്പമായിരുന്നു ആ വരവ്. 23 ഗ്രാൻസ്‌ലാം കിരീടങ്ങൾ സ്വന്തമായുള്ള സെറിന യുഎസ് ഓപ്പൺ ടെന്നിസ് വനിതാ ഫൈനലിൽ തിരിച്ചടിക്കാൻ പോലും ശേഷിയില്ലാതെ കീഴടങ്ങിയപ്പോൾ ലോക ടെന്നിസിന് നവോൻമേഷം പകർന്ന് പുതിയ രാജകുമാരിയെത്തി. പാതി ഹെയ്തിക്കാരിയായ ജപ്പാൻ താരം നവോമി ഒസാക്ക. 

 എന്നിട്ടും ‘ചാംപ്യൻ’ സെറിന

ഗ്രാൻസ്‌ലാം കിരീടം നേടുന്ന ആദ്യ ജപ്പാൻ താരമെന്ന ഖ്യാതിയൊന്നും പക്ഷേ, ന്യൂയോർക്കിലെ ഫ്ലഷിങ് മെഡോസിലെ ആരാധകർ വകവച്ചു കൊടുത്തില്ല. സെറിനയുടെ പട്ടാഭിഷേകം കാണാനെത്തിയവർ നവോമിയുടെ വിജയത്തെ കൂവലുകളോടെയാണ് വരവേറ്റത്. മൽസരത്തിനിടെ അംപയറുമായി കൊമ്പുകോർത്ത് പോയിന്റുകളും പിന്നാലെ കിരീടവും നഷ്ടമായ സെറിനയ്ക്കൊപ്പമായിരുന്നു അവരുടെ മനസ്സ്. മൽസരശേഷം കിരീടം സമ്മാനിക്കുമ്പോൾ, യുണൈറ്റഡ് സ്റ്റേറ്റ്സ് ടെന്നിസ് അസോസിയേഷൻ(യുഎസ്ടിഎ) പ്രസിഡന്റ് കത്രീ ആഡംസും സെറിന എന്ന ‘ചാംപ്യനെ’ക്കുറിച്ചാണ് സംസാരിച്ചത്. നവോമിയുടെ കന്നി ഗ്രാൻസ്‌ലാം കിരീടത്തിന്റെ തിളക്കമൊന്നം അമേരിക്കൻ താരത്തിന്റെ നേട്ടങ്ങൾക്കൊപ്പം നിൽക്കാൻ യോഗ്യമല്ലന്ന മട്ടിലായിരുന്നു അവർ. 

തന്റെ ആരാധനപാത്രമായ സെറിനയെ നിഷ്കരുണം കീഴടക്കിയ നവോമിയുടെ ശരീരഭാഷയും താൻ എന്തോ തെറ്റു ചെയ്തെന്ന മട്ടിലായിരുന്നു. കിരീടം ഏറ്റുവാങ്ങുമ്പോഴും കണ്ണീരണിഞ്ഞു നിന്ന ആ ഇരുപതുകാരി സെറിനയുടെ തോൽവിക്ക് താൻ കാരണക്കാരിയായല്ലോ എന്നാകും സങ്കടപ്പെട്ടത്. ,സമകാലിക വനിതാ ടെന്നിസിന്റെ റാണിയായ സെറിനയെ നവോമി നിഷ്പ്രഭമാക്കുന്നത് ആദ്യമല്ല. കഴിഞ്ഞ മാർച്ചിൽ മയാമി ഓപ്പണിന്റെ ആദ്യ റൗണ്ടിലും നവോമിക്കായിരുന്നു വിജയം. 

 വ്യത്യസ്ത പാരമ്പര്യം

അനുപമമായ ടെന്നിസ് പാടവം മാത്രമല്ല നവോയെ വ്യത്യസ്തയാക്കുന്നത്. ഹെയ്തിക്കാരനായ ലിയൊനാർഡ് സാൻ ഫ്രാൻസ്വായുടെയും ജപ്പൻകാരി തമാകി ഒസാക്കയുടെയും മകളായി 1997 ഒക്ടോബർ 16ന് ജനിച്ച നവോമിയുടെ രൂപഭാവങ്ങൾ തന്നെ ശ്രദ്ധയാകർഷിക്കും. മറ്റു വംശജരെ അത്ര പെട്ടെന്ന് സ്വന്തക്കാരായി സ്വീകരിക്കാൻ മനസ്സു കാട്ടാത്ത ജപ്പാന്റെ ഏറ്റവും വലിയ ടെന്നിസ് താരമാണ് ഈ കറുത്ത നിറക്കാരി. ബേസ്ബോളും ഫുട്ബോളും സുമോ ഗുസ്തിയുമൊക്കെ കഴിഞ്ഞേ ടെന്നിസിന് ജപ്പാനിൽ ജനപ്രീതിയുള്ളൂ. പക്ഷേ, യുഎസ് ഓപ്പണില വൻവിജയത്തെ നാട്ടുകാരും മാധ്യമങ്ങളും ആഘോഷിക്കുകയാണ്. 

Naomi Osaka

നവോമിയുടെ വിജയം ദുർഘട സന്ധിയിൽ രാജ്യത്തിന് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി ഷിൻസോ ആബെ ട്വീറ്റ് ചെയ്തപ്പോൾ, ജപ്പാന്റെ അഭിമാന നായികയെന്നാണ് പല താരങ്ങളും താരത്തെ വിശേഷിപ്പിച്ചത്. മറ്റു വംശജർക്കും ജപ്പാൻകരുടെ മനസ്സുകളിലേക്കു വാതിൽ തുറക്കുന്നതാണ് നവോമിയുടെ വിജയം. കുട്ടിക്കാലത്ത് നവോമി ഒസാക്കയെന്ന പേരു കേൾക്കുമ്പോൾ സംശയത്തോടെ നെറ്റി ചുളിച്ചിരുന്നവർ വരെ ഇപ്പോൾ ഈ താരത്തെ അറിയുന്നു. ഈ വിജയം അവർ നെഞ്ചിലേറ്റുന്നു.

 പുതിയ പ്രതീക്ഷ

ഗെയ്മിങ്ങിനെ പ്രണയിക്കുന്ന ടെന്നിസ് പ്രതിഭയെന്നാണ് നവോമിയെ പലരും വിശേഷിപ്പിക്കുന്നത്. സഹോദരി മരിക്കൊപ്പം കംപ്യൂട്ടർ ഗെയിമുകൾ ആസ്വദിക്കുന്ന താരം മൂന്നാം വയസ്സു മുതൽ അമേരിക്കയിലെ ഫ്ലോറിഡയിലാണ് താമസിക്കുന്നത്. അമേരിക്കയുടെയുടെയും ജപ്പാന്റെയും പൗരത്വമുള്ള താരം പ്രഫഷനൽ ടെന്നിസിലേക്കു തിരിഞ്ഞപ്പോൾ വീട്ടുകാരുടെ ആശിർവാദത്തോടെ ജപ്പാനെ മാതൃരാജ്യമായി തിരഞ്ഞെടുക്കുകയായിരുന്നു. യുഎസ് ഓപ്പൺ വിജയത്തിനു മുൻപ് ഇന്ത്യൻവെൽസ് ബിഎൻപി പാരിബാസ് ടൂർണമെന്റിലും കിരീടം നേടി. ഒഫൻസീവ് ബേസ്‌ലൈൻ കളിക്കാരിയായ നവോമിയുടെ ഫോർഹാൻഡുകളും കരുത്തുറ്റതാണ്. ഇതിനൊപ്പം ബാക്ക്ഹാൻഡ് വിന്നറുകളും മണിക്കൂറിൽ 200 കിലോമീറ്റർ വേഗമുള്ള സെർവുകളും കൂടിയാകുമ്പോൾ എതിരാളികൾ വിയർക്കും. 

സെറിന വില്യസിനു ശേഷം മിന്നും താരങ്ങളെ അധികമൊന്നും കണ്ടിട്ടില്ലാത്ത വനിതാ ടെന്നിസന് വീണുകിട്ടിയ സൗഭാഗ്യമാണ് നവോമി. ആഗോളീകരണത്തിന്റെ കാലത്ത് രാജ്യാന്തര കായികരംഗത്ത് പുതിയ ഊർജപ്രവാഹവുമാവുകയാണ് ഈ മിശ്രവംശജ.