Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളെ ബോക്സറാക്കാൻ സ്വർണ്ണം വിറ്റ് അമ്മ; ഒടുവിൽ മകൾ തിരിച്ചു നൽകിയത്

tracy-darlong-11 ട്രേസി ഡാർലോങ്

ഇന്ത്യയ്ക്കുവേണ്ടി സ്വർണം നേടുക എന്നതായിരുന്ന ട്രേസി ഡാർലോങ് എന്ന ഇരുപതുകാരിയുടെ ഏറ്റവും വലിയ സ്വപ്നം. ഇക്കഴിഞ്ഞയാഴ്ച ചണ്ഡിഗഡിൽ ആ സ്വപ്നം പൂവണിഞ്ഞു. ശ്രീലങ്കയിൽനിന്നുള്ള എതിരാളിയെ 55 കിലോ വിഭാഗത്തിൽ തോൽപിച്ചായിരുന്നു കിക്ക്ബോക്സിങ്ങിൽ സ്വർണനേട്ടം. രാജ്യത്തിന് അഭിമാനം പകരാൻ ട്രേസിക്കു കഴിഞ്ഞെങ്കിലും നേട്ടത്തിലേക്കുള്ള പാത ഒട്ടും സുഗമമായിരുന്നില്ല. കഷ്ടപ്പാടുകളും ദുരിതവും കണ്ണീരും കടന്നാണു ട്രേസി സ്വർണനേട്ടത്തിലെത്തുന്നത്. 

ത്രിപുരയുടെ തലസ്ഥാനനഗരമായ അഗർത്തലയിൽനിന്നു 140 കിലോമീറ്റർ അകലെയാണു ട്രേസിയുടെ ജന്മവീട്. അവിടെനിന്നു രാജ്യതലസ്ഥാനത്തോളം സഞ്ചരിച്ചാണ് സ്വർണത്തിൽ ട്രേസി എത്തിയത്. ഒരു വർഷം മുമ്പ് ട്രേസിക്കു പിതാവിനെ നഷ്ടപ്പെട്ടു. അതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. അമ്മ ബിയാക്‌വെലി ഡാർലോങ് കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. മകൾക്കു വിദ്യാഭ്യാസം നൽകുക എന്ന ചുമതലയും അവർ സന്തോഷത്തോടെ ഏറ്റെടുത്തു. 

ട്രേസിക്കാകട്ടെ കുട്ടിക്കാലം മുതലേ കായികരംഗത്തായിരുന്നു താൽപര്യം. കബഡി, ഫുട്ബോൾ, വോളിബോൾ എന്നിങ്ങനെ എല്ലാ മൽസരയിനങ്ങളിലും പങ്കെടുക്കും. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ കോച്ച് പിനാകി ചക്രബർത്തിയാണ് ട്രേസിക്കു കിക്ക് ബോക്സിങ്ങിൽ തിളങ്ങാനാകുമെന്ന കണ്ടെത്തുന്നതും പരിശീലിപ്പിക്കുന്നതും. 

പിനാകി ചക്രബർത്തി വീട്ടിൽചെന്ന് ട്രേസിയെ കിക്ക്ബോക്സിങ് പരിശീലിപ്പക്കണം എന്നാവശ്യപ്പെട്ടെങ്കിലും അമ്മ ബിയാക്‌വെലിക്ക് തുടക്കത്തിൽ അതിലത്ര താൽപര്യം തോന്നിയില്ല. 2013 ൽ കൊൽക്കത്തയിൽ നടന്ന ഒരു ടൂർണമെന്റിൽ പങ്കെടുക്കാനും അവർ മകളെ അനുവദിച്ചില്ല; സാമ്പത്തികസ്ഥിതി മെച്ചമല്ലാത്തതുകൊണ്ടാണ് മകളുടെ യാത്രയ്ക്ക് അവർ അന്ന് തടസ്സം നിന്നത്. ഒരു വർഷം കൂടി കഴിഞ്ഞ് 2014–ൽ ഒരവസരം കൂടി ലഭിച്ചു–ബെംഗളൂരുവിൽ. അത്തവണ അമ്മ അനുവദിച്ചു. ആ ടൂർണമെന്റിൽ സ്വർണം നേടിക്കൊണ്ട് അമ്മയോടുള്ള കടപ്പാടു വീട്ടി മകൾ. 

സാമൂഹിക സേവനരംഗത്താണ് ബിയാക്‌വെലി പ്രവർത്തിക്കുന്നത്. ആശവർക്കറായി. മാസം ലഭിക്കുന്നത് 1000 രൂപ. ഗർഭിണികളായ സ്ത്രീകളെ ആശുപത്രിയിലെത്തിച്ചാൽ ചെറിയൊരു തുക പ്രതിഫലം ലഭിക്കാം. എല്ലാം കൂടി കൂട്ടിയാലും 2000 രൂപ പോലും വരില്ല മാസവരുമാനം. ഒടുവിൽ ചണ്ഡിഗഡിൽ നടക്കുന്ന ടൂർണമെന്റിൽ മകളെ അയയ്ക്കാൻ അമ്മ ഒരു വഴി കണ്ടെത്തി. സൂക്ഷിച്ചുവച്ച ആഭരണങ്ങളൊക്കെ വിൽക്കുക. ട്രേസി ചണ്ഡീഗഡിൽ എത്തി. ദേശീയ ചാംപ്യൻഷിപ്പിൽ സ്വർണവും നേടി. 

അമ്മയുടെ കഷ്ടപ്പാടിന്റെ ഫലമായാണ് ഞാൻ ഇതുവരെ എത്തിയത്. എല്ലാവർക്കും ഇങ്ങനെയൊരു അവസരം ലഭിക്കണമെന്നില്ല– സന്തോഷത്തോടെയും അമ്മയോടുള്ള തീർത്താൽതീരാത്ത കടപ്പാടോടെയും ട്രേസി പറയുന്നു. രണ്ടാമതു ദേശീയ സെവറ്റ് ചാംപ്യൻഷിപ്പിലായിരുന്നു ട്രേസിയുടെ സ്വർണനേട്ടം.