Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാരിനു നടിയോടുള്ള നീരസമോ ആ തിരോധാനത്തിനു പിന്നിൽ?

fan-bingbing-555

ആരാധകരുടെ ആർപ്പുവിളികൾക്കിടെ റെഡ് കാർപറ്റിലൂടെ നടക്കുന്ന ജെന്നിഫർ ലോറൻസ് പെട്ടെന്നൊരുദിവസം അപ്രത്യക്ഷയാകുന്നതു ചിന്തിക്കാനാകില്ലെങ്കിലും ചൈനപോലൊരു രാജ്യത്തിൽ പ്രശസ്തയായ ഒരു നടി അപ്രത്യക്ഷയാകുന്നതുപോലും വലിയ സംഭവമല്ല. ദുരൂഹതയുടെയും നിഗൂഡതയുടെയും മേലങ്കിയിട്ടുനിൽക്കുന്ന,  കമ്മ്യൂണിസ്റ്റ് പാർട്ടി സർവാധിപത്യം നിലനിൽക്കുന്ന രാജ്യത്തുനിന്നു വരുന്ന വാർത്തകൾ പേടിപ്പിക്കുന്നതും അതേസമയം സ്വതന്ത്രചിന്തയുടെ ഭാവിയെക്കുറിച്ചു സംശയം ഉയർത്തുന്നതുമാണ്. ചൈനയിലെ ഏറ്റവും പ്രശസ്തയായ നടിയുടെ തിരോധാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ വാർത്ത. 

നികുതിവെട്ടിപ്പു നടത്തിയെന്ന ആരോപണത്തിനിടെ ഒരു സൂചനയോ അടയാളമോ ബാക്കിവയ്ക്കാതെ അപ്രത്യക്ഷയാരിക്കുകയാണ് ഫാൻ ബിങ്ബിങ് എന്ന നടി. നികുതിവെട്ടിപ്പല്ല സർക്കാരിനു നടിയോടുള്ള നീരസമാണ് തിരോധാനത്തിനു കാരണമെന്നു കരുതുന്നവരും ഉണ്ട്. ചൈനയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുകയും എക്സ് മെൻ ഫ്രാഞ്ചൈസി ഉൾപ്പെടെയുള്ള പാശ്ചാത്യ സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ബിങ്ബിങ്. 

ചൈനയിലൂടനീളം പരിചിതവും പ്രശസ്തവുമാണ് ബിങ്ബിങ്ങിന്റെ മുഖം. ആയിരക്കണക്കിനു പരസ്യബോർഡുകളിൽ മനംമയക്കുന്ന പുഞ്ചിരിയുമായി ലക്ഷങ്ങളെ ആകർഷിച്ച നടി. പ്രശസ്ത ബ്രാൻഡുകളുടെ മോഡലുമായിരുന്നു ബിങ്ബിങ്. അഴകളവുകളുടെ വിസ്മയ ഫാഷൻ അരങ്ങുകളിലും പുരസ്കാരദാനച്ചടങ്ങുകളിലും സ്ഥിരം സാന്നിധ്യവുമായിരുന്നു. മൂന്നുവർഷം മുമ്പ് ചൈനയിലെ ഏറ്റവും പ്രശസ്ത നടിയായി ബിങ്ബിങ്ങിനെ ടൈം മാഗസിൻ തിരഞ്ഞെടുത്തിരുന്നു. പക്ഷേ, കഴിഞ്ഞ ജൂണിനു ശേഷം നടിയെ പുറത്തു കണ്ടിട്ടേയില്ല. ടിബറ്റിലെ കുട്ടികളുടെ ആശുപത്രി സന്ദർശനമായിരുന്നു ബിങ്ബിങ്ങിന്റെ അവസാനം നടന്ന ചടങ്ങ്. ജൂണിൽ. അതിനുശേഷം പൊതുചടങ്ങുകളിൽ നടി പ്രത്യക്ഷപ്പെട്ടിട്ടില്ല. 

സെക്യൂരിറ്റീസ് ഡെയ്‍ലി എന്ന ചൈനയിലെ ഔദ്യോഗിക മാധ്യമത്തിൽ ബിങ്ബിങ്ങിനെക്കുറിച്ച് ഒരു വാർത്ത സെപ്റ്റംബർ ആറിനു വന്നിരുന്നു. നടി നിയന്ത്രണത്തിലാണെന്നും നിയമപരമായ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നുമായിരുന്നു വാർത്ത. പക്ഷേ, പിന്നീട് ഈ വാർത്ത സൈറ്റിൽനിന്ന് അപ്രത്യക്ഷമായി. ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ഒന്നും നടിക്കെതിരെ ഇല്ലെങ്കിലും അവർ എവിടെയാണെന്നോ എങ്ങോട്ടു പോയെന്നോ ഔദ്യോഗിക സ്ഥിതീകരണമില്ല. നടി ജയിലിലാണെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. 

ചൈനീസ് സർക്കാരിന്റെ ഗുഡ് ബുക്കിൽ ഉൾപ്പെട്ടവർക്കുമാത്രമാണ് രാജ്യത്ത് സ്വാതന്ത്ര്യവും അവകാശങ്ങളും ലഭിക്കൂ. അങ്ങനെയല്ലാത്തവർ നിരന്തരം നിരീക്ഷണത്തിലുമായിരിക്കും. സാമൂഹിക ഉത്തരവാദിത്ത റേറ്റിങ്ങിൽ ബിങ്ബിങിന് പൂജ്യം മാർക്ക് മാത്രമാണ് ലഭിച്ചത്. പ്രഫഷണൽ ജീവിതവും ആത്മാർഥതയും സത്യസന്ധതയും ഒക്കെ അടിസ്ഥാനമാക്കുന്ന 100 പ്രശസ്തരുടെ ലിസ്റ്റിൽ ഏറ്റവും അവസാനത്തെ പേരായാണ് ബിങ്ബിങ്ങിനെ ചേർത്തിരുന്നത്. ഈ വസ്തുതകളും ഇപ്പോഴത്തെ തിരോധാനവുമായും ബന്ധമുണ്ടെന്നാണ് സ്വതന്ത്രചിന്തകർ ഭയക്കുന്നത്.