Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനത്തിൽ വച്ച് കാമുകന്റെ വിവാഹാഭ്യർഥന; എയർഹോസ്റ്റസിന്റെ ജോലി പോയി

propose-77

പ്രണയാഭ്യർഥനയിൽ എന്താണു തെറ്റ്? ഒരു യുവാവ് വിവാഹാഭ്യർഥന നടത്തുന്നു. യുവതി അഭ്യർഥന സ്വീകരിക്കുന്നു. ഇരുവരും വിവാഹ ഒരുക്കങ്ങളും നടത്തുന്നു. പക്ഷേ വിവാഹാഭ്യർഥനയുടെ പേരിൽ യുവതിക്കു ജോലി നഷ്ടപ്പെട്ടാലോ. അങ്ങനെയൊരു സംഭവമുണ്ടായിരിക്കുകയാണ് ചൈനയിൽ.

ചൈന ഈസ്റ്റേൺ എയർലൈൻസിലെ എയർഹോസ്റ്റസാണു സംഭവത്തിലെ നായിക. മേയ് മാസത്തിലായിരുന്നു വിവാദ സംഭവം. വിമാനം പറന്നുയർന്ന് അരമണിക്കൂറായപ്പോഴേക്കും വിമാനജീവനക്കാരിയുടെ കാമുകൻ യുവതിയെ സമീപിച്ചു. മുട്ടുകാലിൽനിന്നുകൊണ്ട് തന്റെ പ്രണയിനിക്കു മുന്നിൽ അയാൾ പ്രണയാഭ്യർഥന നടത്തി. സന്തോഷത്തോടെയും ആവേശത്തോടെയും യുവതി അഭ്യർഥന സ്വീകരിച്ചു. അവരൊന്നായി; ഒരു നിമിഷത്തേക്ക്.

വിമാനത്തിനുള്ളിൽവച്ചു നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തതോടെ ലോകം ശ്രദ്ധിച്ചു. വിഡിയോ വൈറലാവുകയും ചെയ്തു. പക്ഷേ മാസങ്ങൾക്കുശേഷം വിമാനക്കമ്പനിയിൽനിന്നു പിരിച്ചുവിട്ടുകൊണ്ടുള്ള നോട്ടീസ് യുവതിക്ക്. ലഭിച്ചിരിക്കുന്നു ഉത്തരവാദിത്തമില്ലാതെയാണു യുവതി പ്രവർത്തിച്ചത് എന്നാണ് പ്രധാന ആരോപണം. പ്രഫഷണൽ ലൈഫും വ്യക്തിജീവിതവും തമ്മിൽ കൂട്ടിക്കലർത്തുകയും സ്വന്തം ഉത്തരവാദിത്തവും ജോലിയും മറന്ന് കാമുകനു പിന്നാലെ പോകുകയും ചെയ്തതാണ് യുവതി കാണിച്ച തെറ്റെന്നു വിമാനക്കമ്പനി പറയുന്നു. യാത്രക്കാരുടെ സുരക്ഷയുടെ ഉത്തരവാദിത്തമുള്ളയാൾ അതു മറന്നു പ്രവർത്തിക്കാമോ എന്നതാണു കമ്പനിയുടെ ചോദ്യം.

എന്നാൽ വിമാനത്തിനുള്ളിൽവച്ച് പ്രണയാഭ്യർഥന സ്വീകരിച്ചതിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ട യുവതിയെ പിന്തുണച്ച് രംഗത്തു വന്നവരുണ്ട്. കമ്പനി പിരിച്ചുവിടൽ നോട്ടീസ് കൊടുത്തത് ഉചിതമായെന്നു പറയുന്നവരുമുണ്ട്. എയർഹോസ്റ്റസിനെ പിന്തുണച്ചും അല്ലാതെയും നിരവധിപേർ രംഗത്തെത്തിയതോടെ ചർച്ച കൊഴുക്കുകയാണ്. ചൈനയിൽ മാത്രമല്ല ലോകത്തെല്ലായിടത്തും.