Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് കാൻസറിനെതിരെ ഒന്നിച്ചു പോരാടി; ഇന്ന് പുഞ്ചിരികൊണ്ട് ഹൃദയം കവർന്നു

beat-cancer-55

നാലു സുന്ദരിക്കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ പുഞ്ചിരികളാണ് ഇപ്പോൾ ലോകത്തിന്റെ ഹൃദയം കീഴടക്കുന്നത്. കുസൃതികാട്ടി നടക്കേണ്ട സമയത്ത് കാൻസർ സമ്മാനിച്ച അതിവേദനകൾ സഹിച്ച് ആശുപത്രിക്കിടക്കകളിൽ ചുരുണ്ടു കൂടേണ്ടി വന്നതിന്റെ ഓർമ്മകൾ പോലും മനസ്സിൽ വയ്ക്കാതെയാണവർ നിറഞ്ഞു പുഞ്ചിരിക്കുന്നത്.

ഫ്ലോറിഡയിലെ സെൻറ് പീറ്റേഴ്സ്ബർഗിൽ ജോൺസ് ഹോപ്കിൻസ് ഓൾ ചിൽഡ്രൻസ് ഹോസ്പിറ്റലാണ് നാലുസുന്ദരിക്കുഞ്ഞുങ്ങളുടെ പുഃനസമാഗമനത്തിന് വേദിയൊരുക്കിയത്. 2016ൽ ഇതേ ആശുപത്രിയിൽ കാൻസർ ചികിത്സയ്ക്ക് വിധേയരായ മികിൻലി,കോൾ, ആവ, ലോറെയ്ൻ എന്നീ പെൺകുട്ടികളാണ് രണ്ടു വർഷത്തിനു ശേഷം രോഗത്തെ അതിജീവിച്ച് അതേ ആശുപത്രിയിൽ തിരികെയെത്തിയത്. സെപ്റ്റംബർ മാസം ചൈൽഡ്ഹുഡ് കാൻസർ അവയർനെസ്സ് മാസമാണെന്നും അതിന്റെ ഭാഗമായിട്ടാണ് കുഞ്ഞുങ്ങളെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന് ഫൊട്ടോഷൂട്ട് നടത്തിയതെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.

കുഞ്ഞുങ്ങൾ അസുഖബാധിതരായ സമയത്തെ ചിത്രവും രോഗത്തെ അതിജീവിച്ച ശേഷമുള്ള ചിത്രവും പങ്കുവച്ചുകൊണ്ടാണ് മാധ്യമങ്ങളിൽ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത്. മരുന്നുമണക്കുന്ന ആശുപത്രിയിടനാഴിയിലും സൗഹൃദത്തിന്റെ കൊച്ചുകരങ്ങൾ‍ നീട്ടി പരസ്പരം ആശ്വാസം പകർന്ന നാലുപെൺകുട്ടികൾ രണ്ടുവർഷത്തിനു ശേഷം ഒരിക്കൽക്കൂടി കണ്ടുമുട്ടിയതിന്റെ കഥ പറഞ്ഞു തരുന്ന ആ സുന്ദരചിത്രങ്ങൾ ഇതിനകം നിരവധിയാളുകളുടെ മനസ്സു കവർന്നു കഴിഞ്ഞു.

ചികിത്സയ്ക്കു ശേഷം ആദ്യമായാണ് കുഞ്ഞുങ്ങൾക്ക് വീണ്ടും  പരസ്പരം കാണാനുള്ള അവസരം ലഭിച്ചതെന്നും മൊട്ടക്കുഞ്ഞുങ്ങളിൽ നിന്ന് എത്രവേഗമാണ് കുഞ്ഞുങ്ങൾ വളർന്നതെന്നുമാണ് കുഞ്ഞുങ്ങളുടെ അമ്മമാരിൽ ഒരാളുടെ പ്രതികരണം. ശൈശവത്തിൽ തന്നെ കൊടിയ വേദനകളിലൂടെ കടന്നു പോകേണ്ടി വന്നിട്ടും പരസ്പരം തുണയായി നിന്ന് കാൻസറിനെ അതിജീവിച്ച പെൺകുഞ്ഞുങ്ങൾ ഇക്കുറി ഒരു പ്രതിജ്ഞയെടുത്തിട്ടുണ്ട്. അടുത്തവർഷം ഫൊട്ടോഷൂട്ടിനായി വീണ്ടും ഒന്നിക്കുമെന്ന്.