Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പങ്കാളികളെ തിരഞ്ഞെടുക്കുമ്പോൾ; 40 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് പറയാനുള്ളത്

mother-and-daughter പ്രതീകാത്മക ചിത്രം.

നിങ്ങൾ 40 വയസ്സിനു മുകളിലുള്ള സ്ത്രീയാണെന്നിരിക്കട്ടെ. 20 വയസ്സുവരെയുള്ള പുതിയ തലമുറയോട് എന്താണു പറയാനുള്ളത്. ഫിലാഡൽഫിയയിലെ അക്കാദമിക് രംഗത്തു പ്രവർത്തിക്കുന്ന ന്യാഷ ജൂനിയർ എന്ന യുവതി ട്വിറ്ററിൽ ഇങ്ങനെയൊരു പോസ്റ്റിട്ടു. നിമിഷങ്ങൾക്കകം പോസ്റ്റ് വൈറലായി. അതേ, ഞങ്ങൾക്കു പറയാനുണ്ട്. ഇതാ കേട്ടോളൂ. അനുഭവത്തിൽനിന്ന് ആർജ്ജിച്ച ഉപദേശങ്ങളും നിർദേശങ്ങളും അഭിപ്രായങ്ങളുമായി പ്രവഹിച്ചത് ആയിരക്കണക്കിനു പോസ്റ്റുകൾ. അതിൽ ചിലത് ചിന്തിപ്പിക്കും, ചിരിപ്പിക്കും, ചിലതാവട്ടെ കരയിപ്പിക്കുകയും ചെയ്യും. ഒരു ജീവിതത്തിലേക്ക് ഓർത്തിരിക്കാൻ പ്രേരിപ്പിക്കുന്നവ. നിങ്ങളെ ആവശ്യമില്ലാത്ത ഒരാളുടെയും പിറകെ പോകരുത് എന്നതു മുതൽ സന്തോഷത്തിനുവേണ്ടി ജീവിക്കുക എന്നതുവരെയുള്ള രസകരമായ അഭിപ്രായങ്ങൾ. 

പ്രഫഷണൽ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകളും തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യമാണ് ഒരു യുവതിക്കു പറയാനുണ്ടായിരുന്നത്. 

ജോലി സമയത്ത് നിങ്ങൾ സൃഷ്ടിക്കുന്ന എല്ലാ ഡോക്യുമെന്റിന്റെയും താഴെ സ്വന്തം പേര് എഴുതാൻ മറക്കരുത്. എന്തു പ്രധാനപ്പെട്ട പ്രവൃത്തിയുടെയും മുൻനിരയിൽനിന്നു പ്രവർത്തിക്കുമ്പോഴും അവയെക്കുറിച്ചുള്ള ഒരു കുറിപ്പെങ്കിലും എഴുതി സൂക്ഷിക്കുക. ഓരോ നേട്ടവും അത് എത്ര ചെറുതായിരുന്നാലും എഴുതിവയ്ക്കുക. കാരണം ഇതൊന്നും നിങ്ങൾക്കുവേണ്ടി മറ്റാരും ചെയ്യില്ല. 

പങ്കാളികളെ തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട വസ്തുതയാണ് മറ്റൊരാൾക്കു പറയാനുണ്ടായിരുന്നത്: ജീവിതത്തിലെ യഥാർഥ പുരുഷനുവേണ്ടി നിങ്ങളുടേതായ ഒന്നും നിങ്ങൾ ഒരിക്കലും ഉപേക്ഷിക്കരുത്. 

രസകരമായ മറ്റ് ഉപദേശങ്ങൾ: 

1. സ്വന്തം സന്തോഷത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ പേടിക്കരുത്. 

2. ഉല്ലാസയാത്രകൾ നടത്തുക. മനോഹരമായ ചിത്രങ്ങൾ എടുക്കാൻ മറക്കരുത്. 

3. സ്നേഹിക്കുന്ന പുരുഷനുവേണ്ടി ഒത്തിരിയൊന്നും ചിന്തിച്ചു സമയം മെനക്കെടുത്തരുത്. അയാൾ നിങ്ങളുടെ സ്വന്തമാണെങ്കിലും അല്ലെങ്കിലും. കാരണം അക്കാര്യത്തിൽ നിങ്ങൾക്കു കൂടുതലൊന്നും ചെയ്യാനില്ല. 

4. നോ എന്നവർ പറഞ്ഞേക്കാം. പക്ഷേ ഒന്നു ശ്രമിച്ചുനോക്കുന്നതിൽ ഒരു കുഴപ്പവുമില്ല. 

നിങ്ങളെ വേണ്ടാത്ത ഒരാൾക്കു പിന്നാലെ അലയരുത്. ജോലിയോ പങ്കാളിയോ കാമുകനോ ആരുമായിക്കോട്ടെ. ആരോടും ഒന്നും യാചിച്ചു നടക്കരുത്. നിങ്ങളെ ആവശ്യമുള്ളിടത്തു പോകുക. നിങ്ങൾ ചെയ്യേണ്ട ജോലികൾ ചെയ്യുക. സ്വന്തം അർഹതയിൽ ഒരിക്കലും അവിശ്വസിക്കാതിരിക്കുക. 

കുറേക്കൂടി അവസരങ്ങൾ വിനിയോഗിക്കുക. അപവാദം പറയുന്ന സുഹൃത്തുക്കളെ ഒഴിവാക്കുക. നല്ല സുഹൃത്തുക്കളെ കൂടുതൽ അടുപ്പിക്കുക. സുഹൃത്തിനെ പ്രോത്സാഹിപ്പിക്കുന്നതുപോലെ സ്വയം പ്രോത്സാഹിപ്പിക്കാനും മറക്കാതിരിക്കുക. വഴക്കിടുമ്പോൾ ഒരുകാര്യം ഒർമിക്കുക– വാക്കുകൾ മുറിവേൽപിച്ചേക്കാം. പ്രണയം–അത് ഒരിക്കൽ മാത്രമുള്ളതല്ല. ജീവിതത്തിൽ പലതവണ സംഭവിക്കാം. 

നിങ്ങളെക്കുറിച്ചു നിങ്ങൾതന്നെ മെനഞ്ഞെടുത്ത കഥ ചോദ്യം ചെയ്യുക. 

മറ്റൊരാൾക്കു ചൂടു നൽകാൻ സ്വയം തീഗോളമായി എരിയേണ്ടതില്ല. 

സ്വയം സ്നേഹിക്കാനുള്ള ആരോഗ്യം എപ്പോഴും കാത്തുസൂക്ഷിക്കുക,കൂടുതൽ പണം സമ്പാദിക്കുക,വ്യായാമം ചെയ്യുക,നല്ല ഭക്ഷണം കഴിക്കുക.