Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎഎസ് ഉദ്യോഗസ്ഥയായ അമ്മ രക്ഷാപ്രവർത്തനത്തിൽ; 4വയസ്സുകാരൻ മകൻ ദുരിതാശ്വാസ ക്യാംപിൽ

Sree-vidhya-55 ശ്രീവിദ്യ മറ്റ് ഉദ്യോഗസ്ഥരോടൊപ്പം ദുരിതാശ്വാസ പ്രവർത്തനത്തിൽ. ചിത്രത്തിന് കടപ്പാട്: ട്വിറ്റർ.

പി.ഐ. ശ്രീവിദ്യക്ക് അസാധാരണായ ഒരു സന്ദേശം ലഭിക്കുന്നത് ഓഗസ്റ്റ് 12–ന്. കർണാടകയിലെ കുടകു ജില്ലയിൽ അടുത്തദിവസങ്ങളിൽ കനത്ത മഴ ലഭിക്കും എന്നായിരുന്നു സന്ദേശം. കുടകിലെ ഡെപ്യൂട്ടി കമ്മിഷണറാണ് ഐഎഎസ് ഉദ്യോഗസ്ഥയായ ശ്രീവിദ്യ.

സന്ദേശത്തിന്റെ നിജസ്ഥിതി പരിശോധിക്കാൻപോലും നിൽക്കാതെ അവർ ഊർജിത പ്രവർത്തനങ്ങൾ തുടങ്ങിവച്ചു. ജനങ്ങൾക്കു യഥാർഥ വിവരങ്ങൾ കൈമാറുക, അപകടമേഖലയിൽ താമസിക്കുന്നവരെ സുരക്ഷിത ഭാഗങ്ങളിലേക്കു മാറ്റുക, ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പങ്കാളികളാക്കി രക്ഷാപ്രവർത്തനത്തിനു മേൽനോട്ടം കൊടുക്കുക. അങ്ങനെ അടുത്ത ഒരാഴ്ച സ്വന്തം കുടുംബത്തെപ്പോലും മറന്ന് രക്ഷാപ്രവർത്തനം നടത്തിയ ശ്രവിദ്യ രക്ഷപ്പെടുത്തിയത് നൂറുകണക്കിനു ജീവൻ. സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദനങ്ങളും പ്രശംസയും ഏറ്റുവാങ്ങുകയാണ് ഈ യുവ ഐഎഎസ് ഓഫിസർ ഇപ്പോൾ. 

കേരളത്തിൽ നാശം വിതച്ച പ്രളയം കർണാകടയിലെ കുടകിനെയും കശക്കിയെറിയുകയായിരുന്നു. തോരാത്ത മഴ,ജലപ്രവാഹം. ആ ദിവസങ്ങളിൽ സ്വന്തം ഓഫിസിനോടു ചേർന്ന് കൺട്രോൾ റൂം തുറന്ന് രക്ഷാപ്രവർത്തനത്തിനു മേൽനോട്ടം കൊടുത്തു ശ്രീവിദ്യ. എംഎൽഎമാരും പൊലീസ് മേധാവികളും പ്രാദേശിക തലത്തിലുള്ള ജനപ്രതിനിധികളുമെല്ലാം സഹായിച്ചും സഹകരിച്ചും കൂടെനിന്നു. എട്ടു മാസം മുമ്പു മാത്രമായിരുന്നു ശ്രീവിദ്യ കുടുകിൽ എത്തുന്നത്. പ്രകൃതി ദുരന്തങ്ങൾ കൈകാര്യം ചെയ്തുള്ള അനുഭവസമ്പത്തുമില്ല. എന്നിട്ടും പ്രതിബദ്ധതയും ഇച്ഛാശക്തിയും കൊണ്ട് ശ്രീവിദ്യ രാജ്യത്തിനുതന്നെ മാതൃകയായി. 

മലകളും ഉയർന്നപ്രദേശങ്ങളും ഏറെയുണ്ട് കുടകിൽ. മഴ കനത്താൽ മണ്ണിടിച്ചും ഉരുൾപൊട്ടലും പതിവ്. സാഹസികമായിരുന്നു രക്ഷാപ്രവർത്തനം. പക്ഷേ, ധീരമായിത്തന്നെ അവർ മുന്നേറി. ഒരു ദിവസം കൊണ്ടുതന്നെ സ്ഥിതിഗതികൾ നിയന്ത്രണത്തിൽകൊണ്ടുവന്ന അവർ അടുത്ത ദിവസങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കും പിന്നീടു ദുരിതാശ്വാസപ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്തു. 

കുടകിലെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോൾ ശ്രീവിദ്യയുടെ സ്വന്തം കുടുംബം പ്രളയത്തിൽനിന്നു രക്ഷ തേടുകയായിരുന്നു. ഭർത്താവ് ടി. നാരായണൻ പ്രളയം കേരളത്തിൽ ഏറ്റവും കൂടുതൽ നാശം വിതച്ച പത്തനംതിട്ട ജില്ലയിൽ പൊലീസ് മേധാവി. ആ ദിവസങ്ങളിൽ അവർക്കും പരസ്പരം സംസാരിക്കാനോ ആശയവിനിമയം നടത്താനോ കഴിഞ്ഞില്ല. മകനു നാലു വയസ്സ്. മുത്തഛന്റെയും മുത്തശ്ശിയുടെയും കൂടെയായിരിരുന്നു മകൻ–ദുരിതാശ്വാസ ക്യാംപിൽ. കുടുംബം പ്രളയത്തിൽപ്പെട്ടു എന്നുപോലും ശ്രീവീദ്യ അറിഞ്ഞില്ല. 

ഓഗസ്റ്റ് 20 ആയപ്പോഴേക്കും രക്ഷാപ്രവർത്തനം പൂർണമായി. ദുരിതാശ്വാസ സാമഗ്രികളുടെ വിതരണവും പരാതിയില്ലാതെ പൂർത്തിയാക്കി. വെള്ളം ഉയർന്നിട്ടും കുടകിൽ എത്തിക്കൊണ്ടിരുന്ന വിനോദസഞ്ചാരികൾ വലിയ തലവേദനയായിരുന്നു. ശ്രീവിദ്യ ഒരു മാസത്തേക്ക് വിനോദസഞ്ചാരത്തിനു നിയന്ത്രണം ഏർപ്പെടുത്തി. നിരോധിക്കുക തന്നെചെയ്തു. വെള്ളം ഇറങ്ങിയതിനുശേഷം നിരോധനം പിൻവലിക്കുകയും ചെയ്തു. ജീവിതത്തിലേക്കു തിരിച്ചുനടക്കുകയാണ് ഇപ്പോൾ കുടക്. ഇരുട്ടിനുശേഷം വന്ന വെളിച്ചത്തിലെന്നപോലെ സ്വന്തം കുടുംബത്തെ ചേർത്തുപിടിച്ച് ശ്രീവിദ്യയും.