Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എന്റെ പങ്കാളിയാണ് എന്റെ കരുത്ത്' :വീൽചെയർ ബാസ്കറ്റ്ബോൾ താരം പറയുന്നു

alphonsa.jpg.image.784.410 തളരാനോ, ഞങ്ങളോ: അൽഫോൻസയും അജീഷ് കുമാറും വീടിനു മുൻവശത്തുള്ള വെള്ളച്ചാട്ടത്തിനു സമീപം. ഇതു കടന്നാണു വീട്ടിലേക്കുള്ള വഴി. ചിത്രം: അരവിന്ദ് ബാല ∙ മനോരമ

ആദ്യം തന്നെ അൽഫോൻസ പറഞ്ഞു, ‘വൈകല്യമുണ്ടേ എന്നു കരഞ്ഞുകൊണ്ടിരുന്നിട്ടു കാര്യമില്ല. കുറവുകളെ നേട്ടങ്ങളാക്കി മുന്നേറാനുള്ളതാണു ജീവിതം.’ വീൽചെയർ ബാസ്കറ്റ് ബോളിലെ കേരളത്തിന്റെ പൊൻതാരം എറണാകുളം കല്ലൂർക്കാട് പാലക്കുന്നേൽ അൽഫോൻസ (36), പോളിയോയോട് പോയി പണിനോക്കാൻ പറഞ്ഞവൾ.

‘‘ദേ നോക്ക്,  ചട്ടുകാലി വരുന്നു...’’

കൂലിപ്പണിക്കാരനായ തോമസിന്റെയും മേരിയുടെയും നാലു മക്കളിൽ മൂന്നാമതായ അൻഫോൻസയുടെ കാലുകളെ പോളിയോ തളർത്തിയത് ഒന്നാം വയസ്സിൽ. 

‘‘ രണ്ടു കാലും മണ്ണിലിഴച്ച് ഞാൻ നീങ്ങി,  സ്‌കൂളിന്റെ സിമന്റ് പടികൾ കയറുമ്പോൾ ചട്ടുകാലി വരുന്നെന്നു കൂട്ടുകാരികൾ കളിയാക്കും.  സിമന്റ് തറയിൽ ഉരസി കാലുകൾ മുറിയും.ചോര പൊടിയുമ്പോൾ,  എന്റെ അമ്മ അവിടെ തെരുതെരെ ഉമ്മ വയ്‌ക്കും..അമ്മയുടെ  കണ്ണീർ എന്റെ കാലിൽ വീഴും.  ചട്ടുകാലിയെന്നു കേട്ടപ്പോൾ ആദ്യമൊക്കെ സങ്കടം തോന്നി. കുറച്ചു ദിവസം സ്‌കൂളിൽ പോകാതെ മടിച്ചു നിന്നു. പിന്നെ തീരുമാനിച്ചു, തോൽക്കില്ലെന്ന്. ’’

നാലാം ക്ലാസിലെ ഷോട്പുട്ട്

നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഷോട്ട്‌പുട്ട് മൽസരത്തിൽ പങ്കെടുക്കാൻ ആഗ്രഹം. നിരാശപ്പെടുത്തേണ്ടെന്നു കരുതി ഏറ്റവും ഒടുവിലാണ് എന്നെ അധ്യാപകർ നിർത്തിയത്.  ഈ ചട്ടുകാലി ഷോട്ട് പുട്ടെറിയുമോയെന്നായി ചിലർ. ഒന്നുമാലോചിച്ചില്ല, ഞാൻ എറിഞ്ഞു, എല്ലാവരെയും പിന്നിലാക്കി ഒന്നാമതായി.  ഹൈസ്‌കൂൾ പഠനത്തിനിടെ കുന്നംകോട്ടെ ഒരു സ്‌ഥാപനത്തിൽ നിന്നു സൗജന്യമായി ലഭിച്ച കൃത്രിമക്കാലിലൂന്നി ഞാൻ സ്‌കൂൾ മൈതാനത്ത് ഷോട്ട്‌പുട്ടെറിഞ്ഞു. അപ്പോഴും കുറെപ്പേരുണ്ടായിരുന്നു പരിഹസിക്കാൻ. ഞാൻ തളരുമെന്നു കരുതിയ അവർക്കാണു തെറ്റിയത്. പങ്കെടുത്ത മൽസരങ്ങളിലെല്ലാം വിജയിച്ചു കൊണ്ടായിരുന്നു എന്റെ മറുപടി. 

ഒപ്പം നടക്കാൻ അജീഷെത്തി..

പത്താം ക്ലാസിനു ശേഷം ആനിക്കാട് വിമലാ ഭവനിലും കാലടി കരുണാഭവനിലുമാണു താമസിച്ചത്.പള്ളിയിലേക്കു കുർബാന വസ്‌ത്രങ്ങൾ തയ്‌ക്കുന്ന ജോലിയായിരുന്നു.  കാൻസർ ബാധിച്ചു 2008ൽ അമ്മ മരിച്ചതോടെ തളർന്നു. അപ്പോഴാണ് ഇടുക്കി മുള്ളരിങ്ങാട് സ്വദേശി ടി. അജീഷ്കുമാർ വിവാഹം കഴിക്കാൻ തയാറാണെന്ന് അറിയിച്ചത്. പിന്നെ നാലു വർഷം പ്രണയം. 2012 ജൂണിലായിരുന്നു വിവാഹം.  ഒപ്പം നടക്കാനൊരാൾ ഉണ്ടെങ്കിൽ ജീവിതത്തിൽ പിന്നെ ഒരു കുറവും തോന്നില്ല. ഇതിനിടെ, കാലിനു വേദന കൂടി ചലിക്കാൻ പോലുമാകാത്ത സ്ഥിതി വന്നപ്പോഴും ഞങ്ങൾ ചിരിച്ചു തന്നെ ജീവിച്ചു. 

ബാസ്കറ്റ് ബോളിലേക്ക്

വിമലാ ഭവനിലെ സിസ്‌റ്റർ ലൂസിയാണു വീൽ ചെയർ ബാസ്‌കറ്റ് ബോളിനെക്കുറിച്ചു പറഞ്ഞത്.  കോതമംഗലത്തു നടക്കുന്ന ക്യാംപിലേക്കു ഭർത്താവിനൊപ്പം ഞാൻ പോയി. 2015 ൽ കോഴിക്കോട്ട് പാരാ ഒളിംപിക്സിൽ  ജാവലിൻ ത്രോയിലും ഷോട്ട് പുട്ടിലും ഡിസ്‌കസ് ത്രോയിലും ഒന്നാമതെത്തി.

വീൽ ചെയർ ബാസ്കറ്റ് ബോളിൽ ചെന്നൈയിലും ഡൽഹിയിലും നടന്ന ഗ്രൂപ്പ് മൽസരങ്ങളിൽ  രണ്ടും മൂന്നും സ്‌ഥാനങ്ങൾ നേടി.  ദേശീയ ചാംപ്യൻഷിപ്പിൽ  നമ്മുടെ ടീം രണ്ടാം സ്‌ഥാനത്തെത്തി.  തായ്‌ലൻഡിൽ വിദഗ്‌ധ പരിശീലനത്തിനും അവസരം ലഭിച്ചതിനു പിന്നാലെ ഇന്ത്യൻ ടീമിലേക്കും സിലക്‌ഷൻ.  എന്തു സന്തോഷമായെന്നോ. കേരളത്തിൽ നിന്ന് എനിക്കു പുറമെ നിഷയും (പാലക്കാട്) സിനി (കൂത്താട്ടുകളും)യുമാണു ദേശീയ ടീമിലെത്തിയത്.. 

ഉള്ളതുകൊണ്ട്  തൃപ്തിപ്പെടും

സ്‌പോർട്‌സ് വീൽ ചെയർ വാങ്ങണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം. 30,000 രൂപയ്ക്ക് അതു വാങ്ങാനൊന്നും നിവൃത്തിയില്ല.  ആഴ്‌ചയിലൊരിക്കൽ ഭർത്താവ് ബൈക്കിൽ കളമശേരിയിലെത്തിച്ചാണു പരിശീലനം.   അദ്ദേഹത്തിനു കൂലിപ്പണിയാണ്. വീടില്ല. വാടകയ്ക്കു കഴിയുന്നു. മരപ്പലകയിലിരുന്നു നിരങ്ങി ചോറും കറിയുമെല്ലാം ഞാൻ വയ്ക്കും. ഏതു മുറിയിലെത്താനും എനിക്കു നിമിഷങ്ങൾ മതി. പടികോടിക്കുളത്തെ സംഘടനാ പ്രവർത്തകർ തന്ന വീൽചെയറിലാണു നാലുകൊല്ലമായി ജീവിതം. മുറിക്കുള്ളിൽ പരിശീലനം നടത്തുന്നതും ഇതിലാണ്.

വിദേശ മത്സരങ്ങളിൽ ക്ഷണം ലഭിക്കുമ്പോൾ വേണ്ട സാധനങ്ങളുടെ നീണ്ട പട്ടിക വരും....ഷൂസ്, ജഴ്സി, തണുപ്പത്തിടാൻ കോട്ട്....  ഇവയൊന്നും ഇല്ലെങ്കിലും വിഷമിക്കാറില്ല, ഉള്ളതു കൊണ്ടു തൃപ്തിപ്പെടും. ദേശീയ വീൽ ചെയർ ബാസ്‌ക്കറ്റ് ബോൾ ചാംപ്യൻഷിപ്പിനായി ഞാനിപ്പോൾ തമിഴ്നാട്ടിലാണ്. 

എന്തിനാണു തളരുന്നത്?

വൈകല്യമുള്ളവരെ കാണുമ്പോൾ ജീവിതത്തിൽ ഒന്നുമാകില്ലെന്നു ചിലർ പറയും. അതു കേട്ടു പേടിച്ചുപോകരുത്. പരിമിതികൾ തിരിച്ചറിയുന്നതോടൊപ്പം നമ്മളെത്ര ഭാഗ്യവാന്മാരാണെന്നും സ്വയം അറിയണം. എന്റെ പങ്കാളിയാണ് എന്റെ കരുത്ത്.  അദ്ദേഹത്തിന്റെ കൈ പിടിച്ചു മുന്നോട്ടു പോകുമ്പോൾ മുന്നിൽ നിറയെ പ്രകാശമാണ്