Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് സിനിമയുടെ പിന്നണിയിൽപ്പോലും അവസരം കിട്ടിയില്ല; ഇന്ന് രണ്ടാമത്തെ ചിത്രത്തിന് ദേശീയ പുരസ്ക്കാരം

rima-das.png.image.784.410

രാജ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനമായ ആസ്സാമിലെ ഗുവാഹത്തിയിൽനിന്നു 38 കിലോമീറ്ററോളം സഞ്ചരിച്ചാലെത്തുന്ന ഒരു ഗ്രാമമുണ്ട്– ഛോയ്‍ഗാവ്. ഇന്ത്യക്കാർക്കുപോലും അപരിചിതമായ ആ ഗ്രാമം ഇപ്പോൾ എത്തിയിരിക്കുന്നതു ലോകത്തെ മികച്ച സിനിമയുടെ അവസാനവാക്കായ ഓസ്കറിൽ. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അവസാന റൗണ്ടിൽ ഇന്ത്യയുടെ ഒദ്യോഗിക നോമിനേഷനായ വില്ലേജ് റോക്ക് സ്റ്റാർസിലൂടെ. ഛോയ്‍ഗാവിനെ ഓസ്കർ വരെയെത്തിച്ചത് ആ ഗ്രാമത്തിന്റെ കഥ പറഞ്ഞ, അതേ ഗ്രാമത്തിൽനിന്നുതന്നെയുള്ള ഒരു യുവതി–റിമ ദാസ്. 

scene-from-village-rockstars.jpg.image.784.410

അഭിനിയിക്കാൻ മോഹിച്ചു മുംബൈയിലെത്തി, സിനിമയുടെ പിന്നണിയിൽപോലും അവസരം ലഭിക്കാതെ ഗ്രാമത്തിലേക്കുതന്നെ മടങ്ങി സിനിമയെക്കുറിച്ച് അറിയേണ്ടതെല്ലാം സ്വയം പഠിച്ചു സ്വന്തം ക്യാമറയിൽ സിനിമയെടുത്ത യുവതി. താരങ്ങളുടെ പിന്നാലെ പോകാതെ പരിചയമുള്ളവരെ മാത്രം അഭിനേതാക്കളാക്കി പരീക്ഷണം നടത്തിയ ധൈര്യശാലി. സാങ്കേതികവിദ്യ സിനിമയുടെ സർവമേഖലയും കയ്യടക്കുമ്പോഴും ക്യാമറയും എഡിറ്റിങ്ങും വസ്ത്രാലങ്കാരവും  കലാസംവിധാനവും നിർമാണവും സംവിധാനവും സ്വയം ചെയ്ത മിടുക്കി. ഏതാനും ഹ്രസ്വചിത്രങ്ങളും ഒരു ഫീച്ചർ ഫിലിമും മാത്രം ചെയ്ത പരിചയത്തിൽ എടുത്ത രണ്ടാമത്തെ ചിത്രത്തിലൂടെ ദേശീയ പുരസ്കാരവും നാൽപതിലേറെ മേളകളിലൂടെ ലോകത്തിന്റെ അംഗീകാരവും നേടി ഓസ്കറിൽ‌ വിജയക്കൊടി നാട്ടാൻ ഒരുങ്ങുന്ന ഗ്രാമീണ യുവതി. 

ഓസ്കറിലേക്കു സിനിമ തിരഞ്ഞെടുത്ത വാർത്ത അറിഞ്ഞപ്പോൾ ആൾക്കൂട്ടത്തിനു നടുവിലോ സിനിമയുടെ വെള്ളിവെളിച്ചത്തിലോ ഒന്നുമായിരുന്നില്ല റിമ. സ്വന്തം ഗ്രാമമായ ഛോയ്‍ഗാവിൽത്തന്നെ. ബ്രഹ്മപുത്ര നദി നിറഞ്ഞൊഴുകുമ്പോഴുണ്ടാകുന്ന പ്രളയത്തിൽ കൃഷിയും ജീവനോപാധികളും നഷ്ടപ്പെടുന്ന, നദിയുടെ കാരുണ്യത്തിൽമാത്രം ജീവിച്ചിരിക്കുന്ന നിഷ്കളങ്കരായ ഗ്രാമീണരുടെ കൂടെ.സന്തോഷവാർത്ത അറിഞ്ഞപ്പോൾ ഞാൻ വീട്ടിലായിരുന്നു. വില്ലേജ് റോക് സ്റ്റാർസിൽ എന്നോടൊപ്പം പ്രവർത്തിച്ചവരുടെ കൂട്ടത്തിൽ. സന്തോഷത്തോടെ വാർത്ത സ്വീകരിക്കാനും ആഘോഷിക്കാനും കഴിഞ്ഞു. വിദൂരമായ ഒരു നാട്ടിൽ ഒറ്റയ്ക്ക് ഈ വാർത്ത അറിയേണ്ടിവന്നിരുന്നെങ്കിൽ എനിക്കു ബോധം തന്നെ നഷ്ടപ്പെട്ടേനേം– തന്റെ സിനിമ ലോകത്തെ മികച്ച സിനിമകളോടു മൽസരിക്കാൻപോകുന്ന വാർത്ത അറിഞ്ഞപ്പോൾ റിമ പ്രതികരിച്ചു. താരജാഡയില്ലാതെ. പ്രശസ്തിയുടെ പരിവേഷമില്ലാതെ. ഒരു ഗ്രാമീണ യുവതിക്കുമാത്രം കഴിയുന്ന നിഷ്കളങ്കതയോടെ. കാപട്യമില്ലാതെ. 

village-rockstars

ലോകസിനിമകൾ നിരന്തരമായി കണ്ടും വായിച്ചും സിനിമയെക്കുറിച്ചു പഠിച്ച റിമ സ്വന്തം അനുഭവങ്ങളിൽനിന്നാണു സിനിമ നിർമിക്കുന്നത്. ദ് മാൻ വിത്ത് ദ് ബൈനോക്കുലർ ആയിരുന്നു ആദ്യമുഴുനീള ചിത്രം. ജോലിയിൽനിന്നു വിരമിച്ച അച്ഛന് ഒരു സുഹൃത്ത് ബൈനോക്കുലർ സമ്മാനിക്കുന്ന സംഭവത്തിൽനിന്നാണു റിമ കഥ സൃഷ്ടിച്ചെടുത്തത്. ഗ്രാമത്തിലെ ഒരു കൂട്ടായ്മയിൽ ഒരു കൂട്ടം കുട്ടികൾ ഗിത്താറിന്റെ മാതൃകയുമായി കളിക്കുന്നതു കണ്ടപ്പോഴാണ് വില്ലേജ് റോക്ക് സ്റ്റാർസിന്റെ പ്രമേയത്തിലെത്തുന്നത്. വിധവയായ അമ്മയോടൊപ്പം ജീവിക്കുന്ന 10 വയസ്സുകാരി പെൺകുട്ടി ധുനു നായികയായി. ധുനുവിനെ അവതരിപ്പിച്ച ഭനിത ദാസ് എന്ന കുട്ടിക്കു തന്നെയായിരുന്നു ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചതും. റിമയുടെ അടുത്ത ബന്ധു മല്ലികയുടെ അനുജത്തിയാണു ഭനിത. മാനബേന്ദ്ര ദാസ് എന്ന കുട്ടി സഹതാരവും. മുമ്പ് അഭിനയിച്ചിട്ടില്ലാത്ത, സിനിമയെക്കുറിച്ചു പരിമിതമായ അറിവുമാത്രമുള്ള കുട്ടികൾ അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകതന്നെയായിരുന്നു. 

തെർമോകോളിൽനിന്നു ഗിത്താർ ഉണ്ടാക്കി സ്വന്തമായി സംഗീതട്രൂപ്പ് ഉണ്ടാക്കാൻ കൊതിച്ചുനടന്ന കുട്ടികളുടെ സ്വപ്നം പ്രളയത്തിൽ കുതിരുന്ന കാഴ്ചയും പ്രതിസന്ധികളെ അവർ അതിജീവിക്കുന്നതും റിമ അവതരിപ്പിച്ചതു സ്വാഭാവികതയോടെ. മഴ ചിത്രീകരിക്കാൻ റിമ യഥാർഥ മഴക്കാലത്തിനുവേണ്ടി കാത്തിരുന്നു. പ്രളയം യഥാർഥത്തിൽ സംഭവിച്ചപ്പോൾ അതും തന്റെ ക്യമാറയിൽ ഒപ്പിയെടുത്തു. പ്രകൃതിയുടെ ഋതുഭേദങ്ങളെല്ലാം അവയുടെ പൂർണതയിൽതന്നെ പകർത്തിയ 87 മിനിറ്റ് മാത്രമുള്ള ചിത്രം ഒരുക്കാൻ  കഷ്ടപ്പെട്ടതു മൂന്നു വർഷം. അടുത്ത ബന്ധുവായ മല്ലിക ഉണ്ടായിരുന്നു കൂടെ. മറ്റു ചില ബന്ധുക്കളും സുഹൃത്തുക്കളും പിന്നെ എന്തിനും തയാറായി  കൂടിയ കുട്ടിക്കൂട്ടവും–വില്ലേജ് റോക്ക്സ്റ്റാർസ് പ്രതീക്ഷിച്ചതിലും പൂർണതയിൽ പൂർത്തിയായി. ദേശീയ പുരസ്കാരം നേടുന്ന രണ്ടാമത്തെ ആസ്സാമീസ് ചിത്രമായി. ഇപ്പോഴിതാ ഓസ്കറിലേക്കും. ഇതിനിടെ മൂന്നാമത്തെ ചിത്രവും റിമ പൂർത്തിയാക്കിക്കഴിഞ്ഞു. ഛോയ്‍ഗാവ് ഗ്രാമം തന്നെയാണു പശ്ചാത്തലം. മൂന്നു കൗമാരക്കാരെ കേന്ദ്രകഥാപാത്രങ്ങളാക്കി പറയുന്ന പ്രണയകഥ– ബുൾബുൾ കാൻ സിങ്. 

Rima-Das.jpg.image.784.410

ഓസ്കർ ലഭിച്ചാലുമില്ലെങ്കിലും റിമ ദാസ് എന്ന വനിതാ ചലച്ചിത്രകാരിയുടെ സിനിമായാത്ര തുടങ്ങിയിട്ടേയുള്ളൂ. ഐതിഹാസികമമെന്ന് ഇപ്പോഴേ ഉറപ്പിക്കാവുന്ന അതിശയയാത്ര. ആസ്സാമിനും രാജ്യത്തിനും മുഴുവൻ വനിതകൾക്കും അഭിമാനിക്കാവുന്ന നേട്ടത്തിലേക്കും വലിയ പുരസ്കാരങ്ങളിലേക്കുമുള്ള യാത്ര.