Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗിക പീഡനം യാഥാർഥ്യം, ആർക്കും തനുശ്രീയുടെ ഗതിവരരുത്: കജോൾ

tanusree-kajol

സത്യം തുറന്നുപറഞ്ഞതിനു കിട്ടിയ പ്രതിഫലം: ഒരു ദശകം മുമ്പു നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ചു വെളിപ്പെടുത്തൽ നടത്തിയ തനുശ്രീ ദത്ത തനിക്കു ലഭിച്ച വക്കീൽ നോട്ടീസുകൾ കൈപ്പറ്റിക്കൊണ്ടു പ്രതികരിച്ചു. ബോളിവുഡിലെ മുതിർന്ന നടൻ നാന പടേക്കറും സംവിധായകൻ വിവേക് അഗ്നിഹോത്രിയുമാണ് തനുശ്രീക്ക് നോട്ടീസ് അയച്ചത്. നോട്ടീസ് കൈപ്പറ്റിയ വിവരം സ്ഥിരീകരിച്ചുകൊണ്ട് തനുശ്രീ പറയുന്നു: പീഡനത്തിനെതിരെ പ്രതികരിച്ചാൽ ഇതായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. 

പത്തുവർഷം മുമ്പ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ നാന പടേക്കർ തന്നോട് അപമര്യാദയായി പെരുമാറിയെന്നും പരാതിപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയെന്നും മുപ്പത്തിനാലുകാരിയായ നടി അടുത്തിടെ ആരോപണം ഉന്നയിച്ചിരുന്നു. 2005–ൽ ചോക്ലേറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ക്യമാറയ്ക്കു മുന്നിൽ നഗ്നയാകാൻ വിവേക് അഗ്നിഹോത്രി തന്നോട് ആവശ്യപ്പെട്ടുവെന്നും നടി ആരോപിച്ചിരുന്നു. 

അതിനിടെ, ലൈംഗിക പീഡനം ഒരു യാഥാർഥ്യമാണെന്നും ഒരാൾക്കും തനുശ്രീയുടേതുപോലുള്ള അപമാനങ്ങളിലൂടെ കടന്നുപോകാൻ ഇടവരരുതെന്നും പറഞ്ഞുകൊണ്ട് മുതിർന്ന നടി കജോൾ രംഗത്തെത്തി. കരിയറിൽ ഒരിക്കലും തനിക്കുനേരെ പീഡനശ്രമങ്ങൾ ഉണ്ടായിട്ടില്ലെന്നും മോശം രംഗങ്ങൾക്കു താൻ സാക്ഷ്യം വഹിച്ചിട്ടില്ലെന്നും കൂടി നടി കൂട്ടിച്ചേർത്തു.

 പീഡനശ്രമം ആരിൽനിന്നുണ്ടായാലും എതിർക്കണം. സത്യം തുറന്നുപറയുക തന്നെവേണം. ആ അർഥത്തിൽ തനുശ്രീ ചെയ്തതു പൂർണമായും ശരിയാണെന്നും കജോൾ പറയുന്നു. തന്റെ പുതിയ സിനിമയുടെ പ്രചാരണ പ്രവർത്തനങ്ങളെക്കുറിച്ചു സംസാരിക്കവെയാണ് കജോൾ തനുശ്രീ സംഭവത്തെക്കുറിച്ചു മനസ്സുതുറന്നത്. ഇപ്പോഴുയർന്ന ആരോപണത്തെക്കുറിച്ചു പൂർണമായി തനിക്കറിയില്ലെന്നും അവർ പറയുന്നു. ലൈംഗിക പീഡനം സ്ത്രീകൾക്കെതിരെ മാത്രം നടക്കുന്നതല്ല. അതു സിനിമാ വ്യവസായത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതുമല്ല.തനിക്കൊരിക്കലും മോശം അനുഭവം ഉണ്ടായിട്ടില്ലെങ്കിലും പീഡന സംഭവങ്ങളെക്കുറിച്ച് താൻ ഏറെ കേട്ടിട്ടുണ്ടെന്നും കജോൾ വെളിപ്പെടുത്തി. മോശമായി പെരുമാറിയെന്നു സമ്മതിച്ചുകൊണ്ട് ആരും എവിടെയും രംഗത്തുവരില്ല. അതുകൊണ്ടുതന്നെ ഇരകൾക്ക് സത്യം തുറന്നുപറയേണ്ടിവരും. മീ ടൂ...എന്നതു ഇരകൾക്കു തുറന്നുകിട്ടിയ രക്ഷാമാർഗമാണെന്നും കൂടി കജോൾ പറഞ്ഞു. 

ജയ്സാൽമീറിൽ ഹൗസ്ഫുൾ 4 എന്ന സിനിമയിൽ‌ അക്ഷയ് കുമാറിനൊപ്പം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന നാന പടേക്കറുടെ അഭിഭാഷകൻ നടിക്കെതിരെ വക്കീസ് നോട്ടീസ് അയച്ചതായി കഴിഞ്ഞയാഴ്ച അവകാശപ്പെട്ടിരുന്നു. ആരോപണം പിൻവലിച്ച് ക്ഷമാപണം നടത്തണമെന്നാണ് നോട്ടീസിലെ ആവശ്യം. നോട്ടീസ് കൈപ്പറ്റിയില്ലെന്ന് അറിയിച്ച തനുശ്രീ ഇക്കഴിഞ്ഞദിവസം താൻ വക്കീസ് നോട്ടീസ് കൈപ്പറ്റിയതായി അറിയിച്ചു. 

എനിക്കു കിട്ടിയ രണ്ട് അടികളാണ് ഇപ്പോൾ കിട്ടിയ രണ്ടു വക്കീൽ നോട്ടീസുകളും. നാന പടേക്കറിൽനിന്നും വിവേക് അഗ്നിഹോത്രിയിൽനിന്നും. രണ്ടുപേരുടെയും അനുയായികൾ എനിക്കെതിരെ സമൂഹമാധ്യമങ്ങളിലുൾപ്പെടെ അപവാദ പ്രചാരണം നടത്തുകയും  ഇമേജ് മോശമാക്കാൻ ശ്രമിക്കുകയുമാണ് – തനുശ്രീ പറയുന്നു. പീഡനത്തിനും അപമാനത്തിലും അനീതിക്കുമെതിരെ തുറന്നുപറഞ്ഞാൽ ഇന്ത്യയിൽ ഒരു വ്യക്തിക്കു ലഭിക്കുന്നത് ഇതെല്ലാമാണ് – നടി കൂട്ടിച്ചേർത്തു. 

നാന പടേക്കറും വിവേക് അഗ്നിഹോത്രിയും ആരോപണം നിഷേധിച്ചിരുന്നു. ഇപ്പോൾ നടിക്കെതിരെ മാനനഷ്ടക്കേസ് നൽകുകയും ചെയ്തിരിക്കുന്നു. അതിനിടെ, ചോക്ലേറ്റ് എന്ന സിനിമയിൽ സംവിധാന സഹായിയായി പ്രവർത്തിച്ച ഒരാൾ ഫെയ്സ്ബുക്കിൽ ഒരു നീണ്ട കത്ത് പോസ്റ്റ് ചെയ്തു. വിവേക് അഗ്നിഹോത്രിയെ പൂർണമായും ന്യായീകരിച്ചും നടിയുടെ അരോപണത്തെ തള്ളിക്കളഞ്ഞുകൊണ്ടുമാണ് സിനിമാ പ്രവർത്തകന്റെ പോസ്റ്റ്. തനുശ്രീ ദത്തയെ വിശ്വസിക്കാൻ ആവില്ലെന്നും പെട്ടെന്ന് മാനസികാവസ്ഥ മാറുന്ന സ്വഭാവമുള്ള വ്യക്തിയാണ് അവരെന്നും കൂടി അയാൾ ആരോപിച്ചിരുന്നു. ആജ്‍‍ഞയും നിർദേശവും തമ്മിലുള്ള വ്യത്യാസം നടിക്കു മനസ്സിലായിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. 

രാജ് താക്കറെ നേതൃത്വം നൽകുന്ന മഹാരാഷ്ട്ര നവനിർമാൺ സേന(എംഎൻഎസ്) യിൽനിന്നും തനിക്കു നിരന്തരമായി ഭീഷണി വിളികൾ ലഭിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിസവം അജ്ഞാതരായ രണ്ടുപേർ തന്റെ താമസസ്ഥലത്ത് അതിക്രമിച്ചുകടക്കാൻ ശ്രമിച്ചുവെന്നും നടി പറഞ്ഞു, 2008 ൽ നാന പടേക്കറിൽനിന്നു മോശം പെരുമാറ്റം ഉണ്ടായതിനെത്തുടർന്ന് സെറ്റിൽനിന്നു പുറത്തുപോയ നടിയുടെ വാഹനം തകർത്തതും ഭീഷണിപ്പെടുത്തിയതും നവനിർമാൺ സേന പ്രവർത്തകർ തന്നെയായിരുന്നു. 

സുരക്ഷയ്ക്കു നിയോഗിക്കപ്പെട്ട പൊലീസുകാർ ഉച്ചഭക്ഷണം കഴിക്കാൻ പോയസമയത്ത് രണ്ടു പേർ വീട്ടിലേക്ക് അതിക്രമിച്ചുകയറുകയും ആരോപണത്തിൽ ഉറച്ചുനിന്നാൽ കോടതിനടപടികളിലേക്കു വലിച്ചിഴയ്ക്കുമെന്നു ഭീഷണിപ്പെടുത്തുകയും ജീവനോടെ ഇന്ത്യയിൽ നിന്നു മടങ്ങാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്നും തനുശ്രീ പറയുന്നു. സുരക്ഷാഭടൻമാർ തക്കസമയത്ത് ഇടപെട്ടതുകൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നും അവർ പറയുന്നു.

കഴിഞ്ഞദിവസം റിയാലിറ്റി ഷോ ബിഗ്ബോസ് 12 ന്റെ ലോണാവലയിലെ സെറ്റിൽ എത്തിയ എംഎൻഎസ് പ്രവർത്തകർ തനുശ്രീയെ തുടർന്നും ഷോയിൽ സഹകരിപ്പിച്ചാൽ അക്രമം അഴിച്ചുവിടുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് 12– ൽ അതിഥ്യം വഹിക്കുന്ന സൽമാൻ ഖാൻ തനിക്ക് ആരോപണങ്ങളെക്കുറിച്ച് ഒന്നും അറിയില്ലെന്നാണു പ്രതികരിച്ചത്. 

അതിനിടെ, ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന നാന പടേക്കർക്കു പിന്തുണയുമായി ആഭ്യന്തര സഹമന്ത്രി ദീപക് കേസർകർ കഴിഞ്ഞദിവസം രംഗത്തെത്തി. പടേക്കർ നാടിനു വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണെന്നും പരാതി റജിസ്റ്റർ ചെയ്യാത്ത നിലയ്ക്ക് അദ്ദേഹത്തെ കുറ്റക്കാരനായി കാണാനാവില്ലെന്നും കൂടി മന്ത്രി പറഞ്ഞിരുന്നു.