Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

14 വയസ്സിൽ വിവാഹം, ഗാർഹിക പീഡനം, ഇന്ന് ലോകമറിയുന്ന സ്റ്റണ്ട് വുമൺ

stunt-woman-01 ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്

ഗീത ടണ്ടൻ, ആക്‌ഷൻ സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്ന യുവതി. അവർ അഭിനേതാക്കളുടെ കുടുംബത്തിൽ ജനിച്ചയാളല്ല. ചലച്ചിത്രപ്രവർത്തകർ അവരുടെ കുടുംബത്തിൽപ്പോലുമില്ല. സിനിമ കാണാൻ തുടങ്ങിയതുതന്നെ വളരെ വൈകി. എന്നിട്ടും ആക്‌ഷനെ സ്നേഹിക്കുകയും ആക്‌ഷൻ സിനിമ ഒരുക്കാൻ അവർ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനു പിന്നിൽ കാരണമുണ്ട്– ആക്‌ഷനിലേക്ക് അവർ നിർബന്ധിക്കപ്പെടുകയായിരുന്നു. 14–ാം വയസ്സുമുതൽ.

ശൈശവ വിവാഹത്തിന്റെ ഇരയായിരുന്നു ആ  പെൺകുട്ടി. അതിനു കുടുംബത്തെ നിർബന്ധിച്ചതാകട്ടെ ദാരിദ്ര്യം. 14–ാം വയസ്സിൽ ഒരു സമ്പന്നകുടുംബത്തിലേക്ക് വിവാഹം കഴിച്ചയക്കപ്പെട്ടു ആ കുട്ടി. അച്ഛനു പാട്ടുപാടി കിട്ടുന്ന തുച്ഛമായ തുക മാത്രമായിരുന്നു വീട്ടിലെ വരുമാനമാർഗം. അച്ഛനു കിട്ടുന്ന തുക കൊണ്ടുമാത്രം ജീവിതം മുന്നോട്ടുപോകില്ല. മുടി കളർ ചെയ്തു കൊടുക്കുന്ന ജോലി ചെയ്തിട്ടുണ്ട്. വീടുകളിലേക്കുവേണ്ട പച്ചക്കറി വാങ്ങിക്കൊടുത്തിട്ടുണ്ട്. അതൊക്കെ അമ്പതു പൈസയ്ക്കും ഒരു രൂപയ്ക്കുമൊക്കെ വേണ്ടിയായിരുന്നു. ഒടുവിൽ വീട്ടുകാർ വിവാഹം നിശ്ചയിച്ചു. 

വിവാഹത്തിന്റെ പിറ്റേന്നുതന്നെ മർദനവും തുടങ്ങി. ഭർത്താവു മർദിക്കുമ്പോൾ കാഴ്ചക്കാരായിനിന്നു വീട്ടിലുള്ളവർ. സഹായിക്കാൻ നിയമപാലകർ പോലുമെത്തിയില്ല. 'പ്രശ്നം വീട്ടിനുള്ളിൽത്തന്നെ പരിഹരിക്കൂ, അല്ലെങ്കിൽ ഏതെങ്കിലും ബന്ധുവീട്ടിൽ പോയി താമസിക്കൂ'- പൊലീസ് ഉപദേശിച്ചു. 

കാരണങ്ങളുടെ പേരിലായിരുന്നില്ല മർദനം. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ. എല്ലാ ദിവസവും ഭർത്താവ് മദ്യപിച്ചെത്തും. മർദ്ദിക്കുന്നതൊക്കെ അമ്മായിയമ്മ കാണുമെങ്കിലും എനിക്കൊന്നും ചെയ്യാനാവില്ല എന്നു പറഞ്ഞ് കൈമലർത്തും. പരാതി പറഞ്ഞപ്പോൾ സ്വന്തം പിതാവു പറഞ്ഞ മറുപടിയായിരുന്നു വിചിത്രം: കല്യാണം കഴിച്ചയച്ചാൽ ഭർത്താവിന്റെ വീട്ടിലാണു ഭാര്യ കഴിയേണ്ടത്. അതും മരണം വരെ. അതുവരെ എല്ലാം സഹിക്കുക. 

മരണത്തേക്കാൾ ഭീകരമായിരുന്നു ആ പെൺകുട്ടി കടന്നുപോയ ക്രൂരതകൾ. ഇഷ്ടമോ അനിഷ്ടമോ നോക്കാതെ ശാരീരികമായി ഉപയോഗിക്കുന്നതും പതിവായിരുന്നു. എതിർക്കുമ്പോൾ അനുസരിക്കുന്നതാണു നല്ലത് എന്ന ഭീഷണിയും. 15–ാം വയസ്സിൽ ഗർഭിണിയായി. ആ ചെറിയ പ്രായത്തിൽ ഗർഭം അലസി. ഇത്ര ചെറിയ പ്രായത്തിലേ ഗർഭിണിയായതിന്റെ പേരിൽ ഡോക്ടർ വഴക്കുണ്ടാക്കി. അവർക്കൊന്നും അറിയില്ലല്ലോ വീട്ടിൽ നടക്കുന്ന പീഡനം.

അതിനുശേഷം രണ്ടുതവണ പ്രസവിച്ചു. രണ്ടു കുട്ടികൾ. മർദനം അപ്പോഴും അവസാനിച്ചില്ല. ബെൽറ്റ് ഉപയോഗിച്ചുപോലും മർദിക്കുമായിരുന്നു. ശരീരത്തിൽ എല്ലായിടത്തും മുറിവുകൾ. കുട്ടികളും മർദനത്തിന്റെ ഇരയായതോടെ അവസാന തീരുമാനം എടുത്തു– വീട് വിട്ടിറങ്ങുക. 

ഭർത്താവ് കൂടെയില്ലാത്ത ഒരു സ്ത്രീക്ക് വാടകവീട് കിട്ടുക അത്രയെളുപ്പമൊന്നുമല്ല. രണ്ടു കുട്ടികളുമായി പോകാൻ ഒരിടവുമില്ലാതായപ്പോൾ ഒരു ഗുരുദ്വാരയുടെ വാതിലിൽ മുട്ടി. ജീവിക്കാനുള്ള പണത്തിനുവേണ്ടി പാത്രം കഴുകി. തുണി നനച്ചു. ഭക്ഷണം പാകം ചെയ്തു. വാടകയ്ക്കു താമസിച്ച വീടിന്റെ മുന്നിൽവന്ന് രാത്രികളിൽ ഭർത്താവു വഴക്കുണ്ടാക്കും...വേശ്യ എന്നു വിളിച്ച് ആക്ഷേപിക്കും. പക്ഷേ , ആ യുവതി തളർന്നില്ല. 

ഒരു ടെലിവിഷൻ ഷോയിൽ ആക്‌ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്ന സ്റ്റണ്ട് വുമണിനെ ആവശ്യമുണ്ടെന്ന് അക്കാലത്താണ് അറിഞ്ഞത്. അപേക്ഷിച്ചു. അവസരം കിട്ടി. കുട്ടിക്കാലം മുതലേ ആൺകുട്ടിയെപ്പോലെയാണു വളർന്നുവന്നത്. ബൈക്ക് ഓടിക്കാനും അറിയാമായിരുന്നു. എങ്കിലും ആദ്യദിവസം പരിഭ്രാന്തയായിരുന്നു. ആത്മാർഥതയോടെ ജോലി ചെയ്തു. ഫലമുണ്ടായി. കഴിഞ്ഞ 10 വർഷമായി സ്റ്റണ്ട് വുമൺ എന്ന ജോലി ചെയ്യുന്നു; അഭിമാനത്തോടെ. രോഹിത് ഷെട്ടി ഉൾപ്പെടെയുള്ള അഭിനേതാക്കളെ പരിചയപ്പെട്ടു. ഇനി ഒരാഗ്രഹം കൂടിയുണ്ട്– ആക്‌ഷൻ സിനിമയുടെ സംവിധായിക ആകുക. 

ഫെയ്സ്ബുകിൽ അവർ തന്റെ കഠിനമായ ജീവിതവും ഇപ്പോൾ താലോലിക്കുന്ന മോഹവും ഗീത ടണ്ടൻ തുറന്നുപറഞ്ഞു. ഇങ്ങനെയും സ്ത്രീകൾ ഈ രാജ്യത്ത് ഇപ്പോഴും ജീവിക്കുന്നുണ്ടെന്ന് ലോകത്തിന് അറിയാൻവേണ്ടി. തളരാതിരിക്കാൻ. തളർന്നാലും എഴുന്നേറ്റു പോരാടാൻ. ശുഭാപ്തിവിശ്വാസം കൈവിടാതിരിക്കാൻ.