Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ ഒരു ബധിരയാണ്: ഹൃദയംതൊടുന്ന കുറിപ്പ് പങ്കുവച്ച് ആക്റ്റിവിസ്റ്റ്

zahra-01

രാവിലെ ഞാൻ ഉണരുന്നത് അലാം ശബ്ദം കേട്ടുകൊണ്ടല്ല. ഭൂരിപക്ഷത്തിനും അസ്വസ്ഥതയുണ്ടാക്കുന്ന വൈബ്രേഷൻ അറിയുമ്പോഴോ തുളച്ചുകയറുന്ന പ്രകാശം കണ്ണിലടിക്കുമ്പോഴോ എനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നില്ലനിങ്ങൾ പറയുന്നതു കേൾക്കാനാവില്ലെങ്കിലും തിരിച്ചു മറുപടി പറയാനാവില്ലെങ്കിലും ഞാനും ഒരു സാധാരണക്കാരി തന്നെ.

പാക്കിസ്ഥാനിലെ കറാച്ചിയിൽ ജനിച്ച സാറ എം മാഞ്ചിയുടെ വാക്കുകളിണിത്. ബധിരയാണെന്നു തുറന്നുപറഞ്ഞുകൊണ്ടും തന്നെപ്പോലെയുള്ളവരെ മാറ്റിനിർത്തരുതെന്ന് അപേക്ഷിച്ചുകൊണ്ടും സാറ ഫെയ്സ്ബുകിൽ എഴുതിയ വൈറലായ  പോസ്റ്റിലെ വരികൾ. 'സംസാരിക്കാനാവാത്തതിലോ കേൾക്കാനാവാത്തതിലോ എനിക്കു ദുഃഖമില്ല.പശ്ചാത്താപവും. ഞാനും നിങ്ങളും ഒരുപോലെതന്നെ. ഒരു വ്യത്യാസവുമില്ല. എന്നെ വിശ്വസിക്കൂ' – ഹൃദയസ്പർശിയായ പോസ്റ്റിൽ സാറ എഴുതുന്നു. 

രണ്ടു ബിരുദങ്ങൾ നേടിയിട്ടുണ്ട് സാറ. ബധിര വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദവും. ജനിച്ച നഗരത്തിൽ തിരിച്ചെത്തിയ സാറ ബധിരരെക്കുറിച്ച് സമൂഹത്തിൽ ബോധവത്കരണം നടത്തുന്ന പ്രവർത്തനത്തിലാണ് ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. ബധിരരും  സാധാരണക്കാർ തന്നെയാണെന്നും ആംഗ്യഭാഷ സ്വാഭാവിക ആശയവിനിമയ മാർഗമാണെന്നും ബധിരർ അല്ലാത്തവരും അതുപയോഗിക്കാറു ണ്ടെന്നും ലോകത്തെ ബോധ്യപ്പെടുത്തുന്ന തിരക്കിലാണിപ്പോൾ അവർ. 

'ഞാനും ടെലിവിഷൻ കാണാറുണ്ട്. നിങ്ങളെപ്പോലെ ശബ്ദം കേട്ടുകൊണ്ടല്ല എന്നുമാത്രം. അതേ ഞാൻ ബധിരയാണ്. ഞാനും ഫോൺ ഉപയോഗിക്കാറുണ്ട്. ഫെയ്‍സ് ബുക്കും ഫെയ്‍സ് ടൈംമും എല്ലാം. സുഹൃത്തുക്കളെ കാണാറുമുണ്ട്. ഫോണാണ് എന്റെ ഏറ്റവും നല്ല സുഹൃത്ത്. അതേ, ഞാൻ ബധിരയാണ്'- സാറ പറയുന്നു. 

കാറ്റിന്റെ ശബ്ദം ഞാൻ കേൾക്കാറില്ല. കിളികളുടെ ശബ്ദം എനിക്കറിയില്ല. മഴയോ പാട്ടോ ഞാൻ അറിയാറില്ല. പക്ഷേ, എല്ലാം ഞാൻ കാണുന്നുണ്ട്. കണ്ണുകളാണ് എന്റെ ഏറ്റവും വലിയ സ്വത്ത്. എന്റെ ആത്മാവിലേക്കുള്ള ജാലകങ്ങളാണു കണ്ണുകൾ. ലോകവുമായി ബന്ധിപ്പിക്കുന്ന പാലമാണ് കൈകൾ. സംസാരിക്കാൻ കൈകളാണ് ഉപയോഗിക്കുന്നത്. എഴുതാൻ. വസ്തുതതകൾ മനസ്സിലാക്കാൻ. അക്കാര്യത്തിലൊന്നും ഞാനും നിങ്ങളും തമ്മിൽ വ്യത്യാസമില്ല. അതേ, ഞാൻ ബധിരയാണ്.

നിങ്ങളെപ്പോലെ തട്ടും തടവുമില്ലാതെ ഒഴുക്കോടെ സംസാരിക്കാൻ എനിക്കാവില്ല. പക്ഷേ, ബുദ്ധി കുറവുള്ള മോശക്കാരിയല്ല ഞാൻ. തെറ്റായ പ്രവൃത്തികൾ എന്റെ ഭാഗത്തുനിന്നുമുണ്ടാകാം. തെറ്റുപറ്റുക മനുഷ്യസഹജമാണല്ലോ. തെറ്റു മനസ്സിലാക്കുമ്പോൾ തിരുത്താറുമുണ്ട്. അങ്ങനെയല്ലേ നല്ല മനുഷ്യർ ചെയ്യുന്നത്. അതേ, ഞാൻ ഒരു ബധിരയാണ്. 

എനിക്കു സംസാരിക്കാനാവും. ഞാൻ പറയുന്നതു നിങ്ങൾക്കു മനസ്സിലാകും. നിങ്ങൾ പറയുന്നതു മനസ്സിലാക്കാൻ എനിക്കും കഴിയും. അതേ, ഞാനൊരു ബധിരയാണ്. 

ഞാനുദ്ദേശിക്കുന്നത് ഞാൻ നടക്കുന്ന വഴികളെക്കുറിച്ചാണ്. എന്റെ വഴികളെക്കുറിച്ച്. പഠനം. ജോലി. ഭക്ഷണം. യാത്ര. കായികവിനോദങ്ങൾ. അതേ, എനിക്കുമൊരു ജീവിതമുണ്ട്. ഞാനും ജീവിക്കുന്നുണ്ട്. ഞാനുമൊരു ബധിരയാണെങ്കിലും'- ഇങ്ങനെ പറഞ്ഞുകൊണ്ടാണ് സാറ ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.