Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപരിചിതന്റെ കൈയിൽ അമ്മ കുഞ്ഞിനെ നൽകി; പിന്നെ സംഭവിച്ചത്

stranger-hold-baby-01 ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്

ആ നിമിഷത്തെ ഉപേക്ഷിക്കാനോ ശ്രദ്ധിക്കാതെ വിട്ടുകളയാനോ  ആ ഫൊട്ടോഗ്രാഫർക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ തികച്ചും അപരിചിതരായ വ്യക്തികളെ അവൾ ക്യാമറയില്‍ പകര്‍ത്തി. ക്രിറ്റന്‍ഡം വില്‍സന്‍ എന്ന യുവതിയാണ്  അതിസുന്ദരമായൊരു ചിത്രം ലോകത്തിനു സമ്മാനിച്ചത്. ഫെയ്സ്ബുക്കില്‍ ഒരു അടിക്കുറിപ്പോടെ അവര്‍ ചിത്രം പോസ്റ്റ് ചെയ്തു. ലക്ഷക്കണക്കിന് ആളുകളുടെ ലൈക്കുകളും ആശംസയും നേടിയ പോസ്റ്റ് ഇപ്പോള്‍ വൈറലാണ് ; ലോകമെങ്ങും സ്നേഹത്തിന്റെ സന്ദേശം പരത്തുന്ന സന്ദേശം. പോസ്റ്റ് വായിക്കുന്ന, കാണുന്ന ഓരോ വ്യക്തിയുടെയും മുഖത്ത് ആര്‍ദ്രമായ പുഞ്ചിരിയും വിശ്വാസവും നിറയ്ക്കുന്ന കാഴ്ച. 

ചിത്രം പകർത്തിയ നിമിഷത്തെ ക്രിറ്റൻഡം വിൽസൺ എന്ന യുവതി ഓർക്കുന്നതിങ്ങനെ :-

ഡോക്ടറുടെ ഓഫിസിനു പുറത്തു കാത്തിരിക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ ഒരു സ്ത്രീ അങ്ങോട്ടേയ്ക്കു വന്നു. അവരുടെ പിഞ്ചുകുഞ്ഞ് തോളില്‍ ഉറങ്ങിക്കിടക്കുന്നു. ഡോക്ടറെ കാണുന്നതിനുമുമ്പ് ഏതാനും പേപ്പറുകളില്‍ വിശദവിവരങ്ങള്‍ എഴുതേണ്ടതുണ്ട്. തോളില്‍ കുട്ടി ഉറങ്ങിക്കിടക്കുമ്പോള്‍ എങ്ങനെ പേപ്പറുകള്‍ എഴുതി പൂര്‍ത്തിയാക്കും എന്ന ആശങ്കയിലായി സ്ത്രീ. അവരുടെ പ്രതിസന്ധി കണ്ടപ്പോള്‍ മുറിക്ക് അപ്പുറത്തുനിന്നു വന്ന ഒരു അപരിചിതന്‍ കുട്ടിയെ ഞാന്‍ എടുക്കണോ എന്നു ചോദിച്ചു. പുഞ്ചിരിയോടെ കൂടി അങ്ങനെയാണെങ്കില്‍ വളരെ നന്ന് എന്ന് അവര്‍ മറുപടി പറഞ്ഞു. കുട്ടിയെ ആ അപരിചിതന്‍ കയ്യിലെടുത്തു. മാറോടടുക്കിപ്പിടിച്ചു. സ്വന്തം കുഞ്ഞിനെയെന്നവണ്ണം അയാള്‍ ആ കൂട്ടിയെ തന്റെ നെഞ്ചിന്റെ ചൂടുകൊടുത്ത് ഉറക്കി. 

വര്‍ഗത്തിന്റെയും നിറത്തിന്റെയുമൊക്കെ പേരിലുള്ള വിവേചനവും വ്യത്യാസവും ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. വളരെ പ്രകടവുമാണ്. എന്നിട്ടും തനിക്ക് ഒരു പരിചയവുമില്ലാത്ത ഒരു സ്ത്രീയുടെ കൂട്ടിയെ എടുക്കാന്‍ കാണിച്ച സന്‍മനസ്സ്. സ്നേഹവും സൗഹൃദവും ഇന്നും ലോകത്തുനിന്ന് ഇല്ലാതായിട്ടില്ലെന്ന ഓര്‍മപ്പെടുത്തല്‍. എന്റെ ഹൃദയം അലിഞ്ഞുപോകുന്നു. 

പോസ്റ്റ് വായിക്കുന്ന ആര്‍ക്കെങ്കിലും ചിത്രത്തില്‍ കാണുന്ന അപരിചിതനെ അറിയാമെങ്കില്‍ അദ്ദേഹത്തിന്റെ സ്നേഹം വെറുതെയായിട്ടില്ലെന്ന് അറിയിക്കണേ....എന്നും ക്രിറ്റന്‍ഡം വില്‍സന്‍ ഫെയ്സ് ബുക്ക്  പോസ്റ്റില്‍ എഴുതിച്ചേര്‍ത്തു. 

ഒക്ടോബര്‍ 24 ന് പോസ്റ്റ് ചെയ്ത ഫെയ്സ് ബുക് കുറിപ്പ് ഇതിനോടകം അഞ്ചുലക്ഷത്തിലധികം പേര്‍ കണ്ടു . പങ്കുവച്ചു. 

ചിത്രം പകര്‍ത്തുമ്പോള്‍ സ്ത്രീയേയോ അവരുടെ കുട്ടിയെ എടുത്ത അപരിചിതനെയോ വില്‍സന് അറിയില്ലായിരുന്നെങ്കിലും പോസ്റ്റ് വൈറലായതിനെത്തുടര്‍ന്ന് അവര്‍ തിരിച്ചറിയപ്പെട്ടു. 

ഡോക്ടറെ കാണാന്‍ കുഞ്ഞുമായി വന്ന സ്ത്രീയുടെ പേര് ജെയ്ഡ് വെസ്റ്റ്. ജെയ്സ് ബില്ലിങ്സ് എന്നാണു കുട്ടിയുടെ പേര്. ജോ ഹെയ്ല്‍ എന്ന പുരുഷനാണ് അപ്രതീക്ഷിതമായ നന്‍മയുടെ പ്രതിരൂപമായി ജെയ്ഡിന്റെ കുട്ടിയെ എടുത്തതും സ്വന്തം കുഞ്ഞിനെയെന്നപോലെ ലാളിച്ചതും. 

ലോകത്തിന് ഇപ്പോഴും ആവശ്യം കൂടുതല്‍ സ്നേഹം,ദയ,കാരുണ്യം,സഹാനുഭൂതി എന്നീ വികാരങ്ങൾക്കാണെന്നും സ്നേഹത്തെക്കുറിച്ച് വീണ്ടും ഓര്‍മിപ്പിച്ച കുറിപ്പിന് നന്ദിയെന്നും ...ഫെയ്സ്ബുക് പോസ്റ്റ് വായിച്ച ഒരാള്‍ അഭിപ്രായപ്പെട്ടു.