Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

100 കോടി തന്നാൽ നായയ്ക്കൊപ്പം ശയിക്കുമോ?: സാജിദ് ചോദിച്ചെന്ന് അഹാന

ahana-me-too-01 അനിർബൻ ദാസ് ബ്ലാ, അഹാന, സാജിദ് ഖാൻ

‘ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ബിടൗണിൽ ചുവടുറപ്പിച്ച അഹാന കുമ്റ സംവിധായകൻ സാജിദ് ഖാനെതിരെ നടത്തിയ മീടൂ ആരോപണം ബോളിവുഡിൽ ചർച്ചയാവുകയാണ്. ചില അനുഭവങ്ങളിലൂടെ കടന്നുപോയപ്പോൾ ആത്മഹത്യ ചെയ്യാൻ തോന്നിയെന്നു പറഞ്ഞുകൊണ്ടാണ് അഹാനയുടെ വെളിപ്പെടുത്തൽ. 

സാജിദ്ഖാനിൽ നിന്നും ബിടൗണിലെ സെലിബ്രിറ്റി മാനേജരായ അനിർബനിൽ നിന്നും അനുഭവിക്കേണ്ടി വന്ന ആക്രമണങ്ങളെക്കുറിച്ചാണ് അഹാനാ കുമ്റ തുറന്നു പറഞ്ഞത്.

‘അഞ്ചുവർഷം മുൻപുള്ള എന്നേക്കാൾ ഞാനിന്ന് ഒരുപാട് മാറിയിരിക്കുന്നു. ബോളിവുഡ് പിന്തുടരുന്ന ചില സംസ്ക്കാരങ്ങളെക്കുറിച്ചറിഞ്ഞപ്പോൾ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചു വരെ ഞാൻ ചിന്തിച്ചു. ഇത്തരം കാര്യങ്ങൾ വളരെ സാധാരണമാണെന്ന മനോഭാവമാണ് ഭൂരിപക്ഷം ആളുകൾക്കും. ഞാൻ ആരായിത്തീരണം എന്നതിനെക്കുറിച്ച് ഞാൻ എന്നോടു തന്നെ ചോദിച്ചിരുന്നു. എന്റെ രക്ഷിതാക്കൾ ആഗ്രഹിച്ചതുപോലെ ആയിത്തീരാൻ കഴിഞ്ഞില്ല. ഈ കാര്യങ്ങളെല്ലാം ആലോചിച്ചപ്പോഴാണ് ഇതിൽനിന്നു പുറത്തു കടക്കുന്നതിനെപ്പറ്റി ഞാനാലോചിച്ചത്''- അഹാന പറയുന്നു.

ലുക്ക്സിൽ ശ്രദ്ധിക്കൂ എന്നാണ് ബി ടൗണിലെ പ്രമുഖ സംവിധായകരിൽ പലരും നടികൾക്കു നൽകുന്ന നിർദേശം. ‘നീ ബിക്കിനിയിൽ ഹോട്ടാണ്’ എന്നാണ് ഒരിക്കൽ സാജിദ്ഖാൻ എനിക്കയച്ച സന്ദേശം. ഒരു കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ഇത്. 

''ഒരു വർഷം മുമ്പായിരുന്നു ആ കൂടിക്കാഴ്ച. അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ എന്തോ ദുരൂഹതയുണ്ടെന്നറിയാമായിരുന്നു. സലോണി ചോപ്ര സാജിദ്ഖാനെക്കുറിച്ച് എഴുതിയ കാര്യങ്ങൾ തന്നെയാണ് എനിക്കും പറയാനുള്ളത്. വീട്ടിലെ ഇരുണ്ട മുറിയിലേക്ക് അദ്ദേഹം നമ്മളെ കൂട്ടിക്കൊണ്ടു പോകും. അതിനു ശേഷം അയാൾ കാണുന്ന ദൃശ്യങ്ങൾ നമുക്കും കാണിച്ചു തരും. അയാൾക്കെന്നെ അറിയണമെന്ന് പറഞ്ഞപ്പോൾ എന്തുകൊണ്ട് സംസാരം മുറിക്കു വെളിയിൽ വച്ച് ആയിക്കൂടാ എന്നു ഞാൻ ചോദിച്ചു. അവിടെ അമ്മയുണ്ടെന്നും എന്തിനാണ് അവരെ ശല്യപ്പെടുത്തുന്നതെന്നും അയാൾ ചോദിച്ചു.

എങ്കിൽ മുറിയിലെ ലൈറ്റുകൾ തെളിക്കാൻ ഞാൻ അയാളോട് ആവശ്യപ്പെട്ടപ്പോൾ അയാളങ്ങനെ ചെയ്തു. ഇവിടെയാണ് നമ്മൾ നിശ്ചയദാർഢ്യം കാണിക്കേണ്ടത്. എന്റെ അമ്മ പൊലീസ് ഓഫിസറാണെന്ന് ഞാൻ അയാളോടു പറഞ്ഞു. അയാളുടെ പെരുമാറ്റം നിയന്ത്രിക്കാൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്.

പക്ഷേ എന്നിട്ടും അശ്ലീലം കലർന്ന ചോദ്യങ്ങൾ അയാൾ ചോദിക്കാൻ തുടങ്ങി. 100 കോടി രൂപ തന്നാൽ ഒരു നായയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാമോയെന്ന് അയാളെന്നോട് ചോദിച്ചു. അയാളുടെ ലൈംഗികച്ചുവയുള്ള ചോദ്യത്തോട് ചിരിച്ചു കുഴഞ്ഞു ഞാൻ പ്രതികരിക്കുമെന്നാണ് അയാൾ കരുതിയത്. അയാളുടെ ചിത്രങ്ങളിലെ മുൻനിര നായികമാരിലൊരാൾ ആകാൻവേണ്ടി ഞാനങ്ങനെയൊക്കെ ചെയ്യുമെന്ന് അയാൾ പ്രതീക്ഷിച്ചിരിക്കാം. ഞാനൊരു മുൻനിര നായികാനടിയായില്ല. നമ്മളിവിടെ ഒരുപാടുപേരെ കാണും. പക്ഷേ ആർക്കൊപ്പമൊക്കെ ജോലിചെയ്യണമെന്ന കാര്യത്തിൽ ബുദ്ധിപരമായ തീരുമാനമെടുക്കണം.''- അഹാന പറയുന്നു.

‘സെലിബ്രിറ്റി മാനേജരായ അനിർബൻ ദാസ് ബ്ലാ ഞെട്ടിപ്പിക്കുന്ന രീതിയിലാണ് അഭിനേത്രികളാകാൻ ആഗ്രഹിക്കുന്ന പെൺകുട്ടികളെക്കുറിച്ച് സംസാരിക്കുന്നത്. ഈ മനുഷ്യർക്കൊക്കെ എന്താണ് പറ്റിയത് എന്നാണ് ഞാൻ ചിന്തിക്കുന്നത്. ആളുകൾക്ക് ജോലി നൽകാൻ അധികാരമുള്ളത് അവർക്കു മാത്രമാണോ?. എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് അവർക്കെന്തെങ്കിലും ചിന്തയുണ്ടോ? ഇങ്ങനെ സംഭവിക്കുന്നതിന് നമ്മളെല്ലാവരും ഉത്തരവാദികളല്ലേ?’- അഹാന ചോദിക്കുന്നു.

ഒരിക്കൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ലോബിയിൽ വച്ച് അനിർബൻ എന്നോടു പറഞ്ഞതിങ്ങനെ- ‘അവിടെ മുറിയുണ്ട്. ചർച്ചയ്ക്കു വേണ്ടി അങ്ങോട്ടു പോകാം’. ഒട്ടും കംഫർട്ടബിൾ അല്ലാത്ത ആ സ്ഥലത്തു നിൽക്കാൻ പിന്നെയെനിക്കു കഴിഞ്ഞില്ല. ആ മീറ്റിങ്ങിൽ പങ്കെടുക്കാതെ ഞാൻ മടങ്ങി. അതു വലിയൊരു കാര്യമൊന്നുമല്ല. പൊതുവെ അദ്ദേഹം സ്ത്രീകളോട് ഇങ്ങനെയൊക്കെയാണ് സംസാരിക്കുന്നതെന്ന് പിന്നീട് അറിയാൻ കഴിഞ്ഞു. ആ തിരിച്ചറിവ് എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു.’ - അഹാന പറയുന്നു.

സാജിദ് ഖാനും അനിർബനും എതിരെ പരാതി ഉന്നയിക്കുന്ന ആദ്യത്തെ അഭിനേത്രിയല്ല അഹാന. ഇവരിൽ നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് തുറന്നു പറയാൻ താൻ മുൻപും ഒരുങ്ങിയതായിരുന്നുവെന്നും ആ അവസരത്തിലാണ് മീ ടൂൂ വിലൂടെ മറ്റു പലരും അവർക്കെതിരെ തുറന്നു പറച്ചിൽ നടത്തിയതെന്നും അഹാന പറയുന്നു. ‘മോശം അനുഭവങ്ങളുണ്ടായ സ്ത്രീകളിൽ പലരും ആഗ്രഹിക്കുന്നത് അവരെ ഇരുമ്പഴികൾക്കുള്ളിലാക്കാനല്ലെന്നും ചിലർക്കെങ്കിലും കുറ്റാരോപിതരിൽനിന്ന് ഒരു ക്ഷമാപണം മാത്രം കേട്ടാൽ മതി. അവരെ പൂട്ടാനല്ല ഇത്തരം കാര്യങ്ങൾ തുറന്നു പറയുന്നത്, മറിച്ച് അവർ എന്താണ് ചെയ്തതെന്ന് പുറംലോകം അറിയാൻ മാത്രമാണ്.

തെറ്റു ചെയ്തവർ അതു ഏറ്റുപറയാനുള്ള മനസ്സു കാട്ടണം. അനിർബന്റെ കുറിപ്പ് കണ്ടിരുന്നു. അത് അംഗീകരിക്കാൻ അദ്ദേഹം മനസ്സു കാട്ടിയതിൽ സന്തോഷമുണ്ട്. എല്ലാവരും മോശക്കാരല്ല. ഒട്ടനവധി നല്ല കാസ്റ്റിങ് ഡയറക്ടേഴ്സിനൊപ്പം ജോലി ചെയ്തിട്ടുണ്ട്. സ്വന്തം പെരുമാറ്റം അനുസരിച്ചായിരിക്കും ബാക്കിയുള്ള കാര്യങ്ങൾ സംഭവിക്കുന്നത്’ - അഹാന പറയുന്നു.