Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിടിവലിക്കിടെ അയാൾ മുഖം മാന്തിക്കീറി, മൂന്നാം വട്ടം മാനഭംഗപ്പെടുത്തി: അക്ബറിനെതിരെ പല്ലവി

PTI9_22_2016_000197B എം.ജെ അക്ബർ

ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണങ്ങളെത്തുടര്‍ന്ന് വിദേശകാര്യവകുപ്പിലെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടെ, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്ന എം.ജെ. അക്ബറിനെതിരെ വീണ്ടും ഗൗരവമായ ആരോപണം. അക്ബറിന്റെ മുന്‍സഹപ്രവര്‍ത്തകയായ പല്ലവി ഗൊഗോയ് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. അമേരിക്കയില്‍ നാഷണല്‍ പബ്ലിക്ക് റേഡിയോയില്‍ ചീഫ് ബിസിനസ് എഡിറ്ററാണ് പല്ലവി. രണ്ടുതവണ ലൈംഗികമായി ഉപദ്രവിക്കുകയും ഒടുവില്‍ മാനഭംഗപ്പെടുത്തുകയും ചെയ്തുവെന്നാണ് പല്ലവിയുടെ വെളിപ്പെടുത്തല്‍. 

എം.ജെ.അക്ബര്‍ എഡിറ്ററായിരന്ന ഏഷ്യന്‍ ഏജില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്താണ് പീഡനം ഉണ്ടായത്. ഏഷ്യന്‍ ഏജിന്റെ ലീഡര്‍ പേജിന്റെ ചുമതല പല്ലവിക്കു ലഭിച്ചതിനുശേഷം മുറിയിലേക്കു വിളിച്ചുവരുത്തിയായിരുന്നു പീഡനശ്രമം. സംഭവത്തെക്കുറിച്ച് പല്ലവി പറഞ്ഞതിങ്ങനെ :- '' 1994ലാണ് സംഭവം അദ്ദേഹത്തിന്റെ മുറി എപ്പോഴും അടഞ്ഞുകിടക്കും. ലേ ഔട്ട്  പൂര്‍ത്തിയാക്കിയ പേജ് കാണിച്ച് സമ്മതം വാങ്ങാന്‍വേണ്ടി ഞാന്‍ അദ്ദേഹത്തിന്റെ മുറിയിലേക്കു ചെന്നു. എന്റെ എല്ലാ അധ്വാനവും എടുത്താണു പേജ് പൂര്‍ത്തിയാക്കിയത്. ഏറ്റവും നല്ല തലക്കെട്ടുകള്‍ അലങ്കരിക്കുന്ന മനോഹരമായ പേജ്. എന്റെ ശ്രമത്തെ അഭിനന്ദിച്ച അദ്ദേഹം പെട്ടെന്ന് മുന്നോട്ടാഞ്ഞ് എന്നെ ചുംബിക്കാന്‍ ശ്രമിച്ചു. ഞാന്‍ പെട്ടെന്ന് പിന്നോട്ടുമാറി. അപമാനിതയായി മുറിയില്‍നിന്നു പുറത്തുവന്നു. എന്റെ മുഖം അപ്പോള്‍ ചുവന്നിരുന്നു. പൂര്‍ണമായും നശിപ്പിക്കപ്പെട്ടവളെപ്പോലെ എനിക്കു തോന്നി. അടുത്തതായി എന്തു ചെയ്യുമെന്ന ആശയക്കുഴപ്പമായിരുന്നു അപ്പോള്‍ എന്റെ മനസ്സില്''‍- പല്ലവി മനസ്സു തുറക്കുന്നു. 

ഇതിനുശേഷം മറ്റൊരു അവസരത്തില്‍ ചുംബിക്കാന്‍ ശ്രമിച്ച അക്ബറിനെ തടയാനുള്ള ശ്രമത്തില്‍ പല്ലവിയുടെ മുഖത്ത് പോറലുകള്‍ വീണു. ബോംബെയില്‍ വച്ച് ഒരു മാസിക പുറത്തിറക്കുന്ന ചടങ്ങിനു ചെന്നപ്പോഴായിരുന്നു പീഡനശ്രമം. ''താജ് ഹോട്ടലിലെ മുറിയിലേക്ക് അദ്ദേഹം എന്നെ വിളിച്ചുവരുത്തി. പേജിന്റെ ലേ ഔട്ട് കാണാനെന്ന വ്യാജേനയാണ് വിളിച്ചത്. അടുത്തുവന്നു ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തെ തള്ളിമാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഓടിരക്ഷപ്പെടാന്‍ ഞാന്‍ ശ്രമിക്കുമ്പോള്‍ പിടിവലിക്കിടെ അദ്ദേഹം എന്റെ മുഖം മാന്തിക്കീറി. വൈകിട്ട് എന്തുപറ്റിയെന്ന് ഒരു സഹപ്രവര്‍ത്തക ചോദിച്ചപ്പോള്‍ ഞാന്‍ കള്ളംപറഞ്ഞു- പടിക്കെട്ടുകളില്‍ വീണ് പരുക്ക് പറ്റിയെന്നാണ് വിശദീകരിച്ചത്''. 

ഈ രണ്ടു ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്കുശേഷം പല്ലവി നേരത്തേ ഓഫിസില്‍ വരാന്‍ തുടങ്ങി. വേഗം ജോലികളൊക്കെ തീര്‍ത്ത് ഓഫില്‍നിന്നു മടങ്ങും. അക്ബറിനെ നേരിട്ടുകാണുന്നതും സംസാരിക്കുന്നതും ഒഴിവാക്കാന്‍വേണ്ടിയായിരുന്നു ഇങ്ങനെയൊരു സമയക്രമം. പക്ഷേ, ജോലിയുടെ ഭാഗമായി ഒരിക്കല്‍ ജയ്പ്പൂരില്‍ പോകേണ്ടിവന്നപ്പോള്‍ അക്ബറിനെ നേരില്‍കാണേണ്ടിവന്നു. അത്തവണ, അദ്ദേഹം പല്ലവിയെ പൂര്‍ണമായും കീഴ്പ്പെടുത്തി മാനഭംഗപ്പെടുത്തി. 

''അദ്ദേഹം താമസിച്ചിരുന്ന ഹോട്ടല്‍മുറിയില്‍വച്ചായിരുന്നു സംഭവം. തന്റെ ശാരീരിക ശക്തി ഉപയോഗിച്ച് അദ്ദേഹം എന്നെ കീഴ്പ്പെടുത്തുകയായിരുന്നു. എന്റെ വസ്ത്രങ്ങള്‍ അദ്ദേഹം വലിച്ചുകീറി മാനഭംഗപ്പെടുത്തി. അന്നും സംഭവം പൊലീസില്‍ റിപ്പോർട്ട് ചെയ്യാന്‍ പോലുമാകാതെ, ഞാന്‍ അപമാനിതയായിനിന്നു. ഒരാളോടുപോലും സംഭവത്തെക്കുറിച്ചു പറഞ്ഞില്ല. ആരെങ്കിലും ഞാന്‍ പറയുന്നതു വിശ്വസിക്കുമോ എന്നായിരുന്ന  ഭയം . ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ സ്വഭാവം അറിയാമെന്നിരിക്കെ എന്തിനാണ് ഞാന്‍ വീണ്ടും മുറിയിലേക്കു പോയത് ? ആദ്യത്തെ മാനഭംഗ ശ്രമം പരായജപ്പെട്ടിട്ടുപോലും അദ്ദേഹം എന്നെ കീഴടക്കുക എന്ന ഒറ്റലക്ഷ്യവുമായി കാത്തിരിക്കുകയായിരുന്നു എന്നതാണു ഭീകരം. വാക്കുകള്‍കൊണ്ടും നോട്ടം കൊണ്ടും പ്രവൃത്തികളിലൂടെയും അദ്ദേഹം എന്നെ എപ്പോഴും നിസ്സഹായയാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. സമപ്രായക്കാരായ പുരുഷ സഹപ്രവര്‍ത്തകരോടു ഞാന്‍ സംസാരിക്കുന്നതു കാണുമ്പോള്‍ അദ്ദേഹം ദേഷ്യപ്പെടും. ഉറക്കെ എന്തെങ്കിലുമൊക്കെ വിളിച്ചുപറയും. ഭീകരമായിരുന്നു അന്നത്തെ അനുഭവങ്ങൾ''‍- പല്ലവി കുറിച്ചു.

മീ ടൂ മുന്നേറ്റത്തിന്റെ ഭാഗമായി പതിനഞ്ചിലധികം സ്ത്രീകളാണ് അക്ബറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു. തനിക്കെതിരെയുള്ള ആക്ഷേപങ്ങളെല്ലാം നിഷേധിച്ച അക്ബര്‍ ആദ്യം ആരോപണം ഉന്നയിച്ച പ്രിയ രമണിക്കെതിരെ മാനനഷ്ടത്തിനു കേസ് ഫയല്‍ ചെയ്തിരിക്കുകയുമാണ്. 

എല്ലാം തുറന്നുപറയാന്‍ ഇപ്പോഴാണ് തനിക്കു ധൈര്യം ലഭിച്ചതെന്നും അമേരിക്കയില്‍ ജീവിക്കുന്ന പല്ലവി പറയുന്നു. ഇനിയൊരിക്കലും തന്റെ മകളുള്‍പ്പെടെ ഒരാളുപോലും ആക്രമണത്തില്‍ നിശ്ശബ്ദയാകരുതെന്നും പ്രതിഷേധിക്കുകയും അക്രമിയെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ധൈര്യം കാണിക്കണമെന്നും കൂടി പല്ലവി എഴുതുന്നു.