Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൈലറ്റിൽ നിന്ന് ക്യാപ്റ്റൻ; കരിയറിലെ വെല്ലുവിളികളെക്കുറിച്ച് ഹാൻ സിയുവാൻ

477218066 പ്രതീകാത്മക ചിത്രം

പത്തുവർഷംമുമ്പ് പൈലറ്റ് ജോലിക്കുള്ള പരിശീലനത്തിന് അപേക്ഷ അയയ്ക്കുമ്പോൾ 400 പേരിൽ ഒരാൾ മാത്രമായിരുന്നു ഹാൻ സിയുവാൻ എന്ന യുവതി. കാലുകളുടെ നീളം മുതൽ ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യം വരെ അളക്കുന്ന പരീക്ഷകളിലൂടെ കടന്നുപോകേണ്ടിയിരുന്നു പൈലറ്റ് പരിശീലനം തുടങ്ങാൻ. ഒടുവിൽ അത്തവണ സർവകലാശാലയിൽനിന്ന് സ്പ്രിങ് എയർലൈൻസ് പരിശീലനത്തിനുവേണ്ടി തിരഞ്ഞെടുത്ത ഒരേയൊരു പെൺകുട്ടിയായി ഹാൻ. ഇന്ന് ക്യാപ്റ്റൻ പദവിയിലാണു ഹാൻ. പക്ഷേ പത്തുവർഷത്തിനിടെ, പൈലറ്റിൽനിന്നു ക്യാപ്റ്റനിലേക്കുള്ള വളർച്ച അത്ര എളുപ്പമായിരുന്നില്ല. 2017 അവസാനം പൈലറ്റ് ലൈസൻസ് കരസ്ഥമാക്കിയ 713 സ്ത്രീകളിൽ ഒരാളായിരുന്നു ഹാൻ. പൈലറ്റ് ലൈസൻസുള്ള പുരുഷൻമാരുടെ എണ്ണമാകട്ടെ 55,052. സ്പ്രിങ് എയൽലൈൻസിലാകട്ടെ 800 പൈലറ്റുമാരിൽ വെറും ആറു പേർ മാത്രമാണു വനിതകൾ. 

പുരുഷൻമാരുടെ ലോകത്ത് അസ്വസ്ഥതകളില്ലാതെ ജീവിക്കാൻ ഞാൻ പഠിച്ചുകഴിഞ്ഞു–ഹാൻ പറയുന്നു. പക്ഷേ, ലോകത്ത് ഏറ്റവും കുറവു വനിതാ പൈലറ്റുമാർ ജോലി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണു ചൈന. വെറും 1.3 ശതമാനം മാത്രമാണ് വനിതാ പൈലറ്റുമാരുടെ എണ്ണം. പല കാരണങ്ങൾ ചൂണ്ടിക്കാട്ടാനാകും. പുരുഷ മേൽക്കോയ്മയുള്ള സമൂഹം മുതൽ കാഴ്ചപ്പാടുകളുടെ പ്രശ്നം വരെ. അതേസമയം, ആകാശപാതകളുടെ സാധ്യത വർധിച്ചുകൊണ്ടിരിക്കുന്ന രാജ്യത്ത് ഇനിയും നൂറുകണക്കിനു പൈലറ്റുമാരെ ആവശ്യമുണ്ട് എന്നതാണു വസ്തുത. 

അുടുത്ത രണ്ടു ദശകത്തിനകം 1 28 000 പൈലറ്റുമാരെ ആവശ്യമുണ്ടെന്നാണ് ചൈനീസ് വിമാനക്കമ്പനികൾ കണക്കു കൂട്ടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ യോഗ്യതകളിൽ ചില ഇളവു വരുത്തി അടുത്ത ഏതാനും വർഷത്തിനകം കൂടുതൽ പേരെ ജോലിക്കു നിയോഗിക്കാനും സ്ഥാപനങ്ങൾ ഉദ്ദേശിക്കുന്നു. കൂടുതൽ വനിതകളെ ആകർഷിച്ച് ഒഴിവുകൾ നികത്തുന്നതിനൊപ്പം സ്ത്രീ ശാക്തീകരണവുമാണ് ലക്ഷ്യം. 

ചൈനയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല വനിതാ പൈലറ്റുമാരുടെ കുറവ്. ജപ്പാനിലും ദക്ഷിണകൊറിയയിലും സ്ഥിതി വ്യത്യസ്തമല്ല. വെറും മൂന്നുശതമാനം മാത്രമാണ് രണ്ടുരാജ്യങ്ങളിലെയും വനിതാപ്രാതിനിധ്യം. പക്ഷേ, ഇന്ത്യയിലെത്തുമ്പോൾ സ്ഥിതി വ്യത്യസ്തം. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ തലയുയർത്തിനിൽക്കുന്ന അപൂർവം മേഖല കൂടിയാണ് വ്യോമയാന രംഗവും പൈലറ്റുമാരിലെ വനിതാ പ്രാതിനിധ്യവും. പൈലറ്റുമാരിൽ ലോകത്ത് ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യമെന്ന റെക്കോർഡും ഇന്ത്യയ്ക്കുതന്നെ.12 ശതമാനം. 

ചൈനയിൽ പൈലറ്റ് ജോലിയിലേക്ക് സർവകലാശാലകളിൽനിന്നു നേരിട്ടാണ് നിമയനം നടത്തുന്നത്. ചിലപ്പോൾ സൈന്യത്തിൽനിന്നും. പലപ്പോഴും യുവാക്കൾക്കു മാത്രമാണ് അപേക്ഷിക്കാൻ അവസരം. അപൂർവം അവസരങ്ങളിൽ മാത്രം വനിതകളെയും പരിഗണിക്കുന്നു. അമേരിക്കയിലും മറ്റും നിലവിലുള്ളതുപോലെ പ്രൈവറ്റ് പൈലറ്റ് ലൈസൻസ് കൊമേഴ്ഷ്യൽ ലൈസൻസായി മാറ്റാനുള്ള അവസരവും ചൈനയിലില്ല. വനിതകളെ ജോലിക്കെടുത്താൽ പ്രസവസംബന്ധമായി നീണ്ട അവധികൾ അനുവദിക്കേണ്ടിവരുമെന്നതും സ്ഥാപനങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഘടകമാണ്. ഒറ്റക്കുട്ടി നയത്തിൽനിന്നു 2015–ൽ രണ്ടു കുട്ടി നയത്തിലേക്കു ചൈന മാറുക കൂടി ചെയ്തതോടെ സ്ഥിതി പിന്നെയും വഷളായി. പ്രസവം കഴിഞ്ഞ് രണ്ടുവർഷമെങ്കിലും പൂർത്തിയായാലേ വനിതകൾക്കു വീണ്ടും പൈലറ്റായി ജോലി ചെയ്യാനാകൂ. രണ്ടുകുട്ടികൾ ആകാമെന്നു വന്നതോടെ നാലു വർഷത്തോളം വനിതകൾ ജോലിയിൽനിന്നു മാറിനിൽക്കുന്ന സാഹചര്യവും സംജാതമായി. അടുത്തകാലത്തായി എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേൺ എയർലൈൻസ് എന്നീ കമ്പനികൾ വനിതകളെ പൈലറ്റുമാരായി നിയമിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. 

അമേരിക്ക പോലുള്ള രാജ്യങ്ങളിൽനിന്നു പൈലറ്റായി ജോലി ചെയ്തിട്ടു ചൈനയിലേക്കു തിരിച്ചെത്തുന്നവരുടെ എണ്ണവും കൂടിയതോടെ കൂടുതൽ വനിതകളെ ജോലിക്കെടുക്കാൻ പല സ്ഥാപനങ്ങളും തയാറാകുന്നുണ്ട്. ചൈന എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ കഴിഞ്ഞ മാർച്ചിൽ പൈലറ്റുമാറുടെ വനിതാ വിഭാഗത്തിനും രൂപം കൊടുത്തിരുന്നു. 

ചൈനയിലെ വനിതകളെ കാത്തിരിക്കുന്നത് അവസരങ്ങളാണ്. അവർ മുന്നോട്ടുവരാൻ തയാറാകണം. ക്രമേണ സ്ഥാപനങ്ങളും അവരുടെ നയങ്ങളിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരും – സ്പിങ് എയർലൈൻസിന്റെ പരസ്യങ്ങളിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ട ഹാൻ സിയുവാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.