Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ മാറിട ചിത്രങ്ങൾ പറയും, നോവിന്റെ, അതിജീവനത്തിന്റെ കഥകൾ

grace-project-01 സ്തനാർബുദത്തെ അതിജീവിച്ച സ്ത്രീയുടെ ചിത്രംപകർത്തുന്ന ഫൊട്ടോഗ്രഫർ ചെറിസ് ഐസിസ്. ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്

മുന്നിൽ അനാവൃതമായ നഗ്നശരീരങ്ങളിലെ മുറിപ്പാടുകളിൽ മാത്രമല്ല, ആ ശരീരങ്ങളുടെ ഉടമകളുടെ ഉള്ളുവേവുന്ന സങ്കടങ്ങളിലേക്കു കൂടിയാണ് ചെറിസ് ക്യാമറ ഫോക്കസ് ചെയ്തത്. ആ ചിത്രങ്ങളിലേക്കു നോക്കിയാൽ കാഴ്ച പൊള്ളും. കാരണം സ്തനാർബുദത്തെ അതിജീവിച്ച സ്ത്രീകളുടെ ആ നിശ്ചലചിത്രങ്ങളിൽ അവർ കടന്ന നോവിന്റെ അഗ്നിരേഖകളും ജ്വലിച്ചുകിടപ്പുണ്ട്.

ന്യൂയോർക്കിലെ ബുഡ്‌വാർ ഫൊട്ടോഗ്രഫർ ചെറിസ് ഐസിസാണ് ഗ്രെയ്സ് പ്രോജക്ട് എന്നു പേരിട്ട ചിത്രപരമ്പര അവതരിപ്പിച്ചത്. സ്തനാർബുദ ശസ്ത്രക്രിയയുടെ മുറിവുണങ്ങിയ പാടുകളും അടയാളങ്ങളും മറയ്ക്കാതെ ക്യാമറയ്ക്കു മുന്നിലെത്തിയ ഓരോ സ്ത്രീയുടെയും കണ്ണിൽ അതിജീവനത്തിന്റെ തിളക്കം കാണാം. ആ ചിത്രങ്ങൾ പകർത്തിയ അനുഭവങ്ങളെക്കുറിച്ച് ചെറിസ് പറയുന്നതിങ്ങനെ:

‘വേദനകളിൽനിന്നും മുറിപ്പാടുകളിൽ നിന്നും സൗന്ദര്യത്തെ കണ്ടെത്താനായിരുന്നു എന്റെ ശ്രമം. അതിജീവിച്ചവരെ ദേവതകളാക്കി മാറ്റുകയെന്നതാണ് ഈ ശാക്തീകരണ പദ്ധതിയുടെ ലക്ഷ്യം. സ്തനാർബുദത്തെ അതിജീവിച്ച് ജീവിതത്തിലേക്കു തിരിച്ചെത്തിയ സ്ത്രീകളുടെ നിശ്ചയദാർഢ്യത്തിന്റെ കഥകളാണ് ഓരോ ചിത്രവും പറയുന്നത്. ഇതുവരെ 400 ഓളം സ്ത്രീകളുടെ ചിത്രം പകർത്തിയിട്ടുണ്ട്. 800 ഓളം സ്ത്രീകളുടെ ചിത്രം പകർത്താനും അവരുടെ കഥകൾ റെക്കോർഡ് ചെയ്യാനുമാണ് പദ്ധതി. 

grace-project-03 സ്തനാർബുദത്തെ അതിജീവിച്ച സ്ത്രീയുടെ ചിത്രംപകർത്തുന്ന ഫൊട്ടോഗ്രഫർ ചെറിസ് ഐസിസ്. ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്

ഷൂട്ടിനെത്തുന്ന സ്ത്രീകളിൽ പലരും അപകർഷതയോ കടുത്ത സങ്കടമോ ഒക്കെ ഉള്ളിൽപേറുന്നവരായിരിക്കും. പക്ഷേ ക്യാമറയ്ക്കു മുന്നിൽനിന്നു മടങ്ങിപ്പോകുമ്പോൾ അവർ തികച്ചും വ്യത്യസ്തരായിരിക്കും; തങ്ങളുടെ സൗന്ദര്യത്തിൽ ആത്മവിശ്വാസമുള്ളവരും തങ്ങളെ അതിരറ്റു സ്നേഹിക്കുന്നവരും. അതുതന്നെയാണ് ഒരു ഫൊട്ടോഗ്രാഫർ എന്ന നിലയിൽ എന്റെ വിജയവും. എനിക്കു മുന്നിൽ അവർ അനാവൃതമാക്കുന്നത് അവരുടെ ശരീരം മാത്രമല്ല, ഒരായുസ്സിൽ അവരനുഭവിച്ച സങ്കടങ്ങളും വേദനയും കൂടിയാണ്. പുറമേയുള്ള മുറിവിനേക്കാൾ ആഴമേറിയ മുറിവുകൾ ഉള്ളിൽ പേറുന്നവരാണ് അവരിൽ പലരും. തളർന്ന മനസ്സോടെ ക്യാമറയ്ക്കു മുന്നിലെത്തുന്ന അവർ മടങ്ങുന്നത് ഉള്ളിൽ നിറയെ കരുത്തു നിറച്ചുകൊണ്ടാണ്.

പല പ്രായത്തിലും രൂപത്തിലും നിറത്തിലുമുള്ള സ്ത്രീകൾ ഫോട്ടോഷൂട്ടിനായി എന്റെ മുന്നിലെത്തിയിട്ടുണ്ട്. ഓരോ ഷൂട്ടു കഴിയുമ്പോഴും അവരുമായി ഒരു വൈകാരിക ബന്ധം രൂപപ്പെടും. അതൊരിക്കലും അവരുടെ നഗ്നത എനിക്കു മുന്നിൽ വെളിവാക്കപ്പെട്ടതുകൊണ്ടല്ല. മറിച്ച് ശരീരത്തോടൊപ്പം അവർ അനാവൃതമാക്കുന്നത് അവരുടെ മനസ്സിലെ രഹസ്യങ്ങൾ കൂടി ആയതുകൊണ്ടാണ്.

ഒരിക്കൽ ഭാര്യയുടെ ചിത്രങ്ങളെടുക്കണമെന്ന ആവശ്യവുമായി ഒരാളെത്തി. ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രമായിരുന്നു ആ സ്ത്രീ ധരിച്ചിരുന്നത്. ഷൂട്ടിനായി വസ്ത്രം മാറുമ്പോൾ വെളിവാകുന്ന അവരുടെ നഗ്നത ഞാൻ കണ്ടപ്പോൾ, അതിന്റെ ചിത്രങ്ങളെടുക്കരുതെന്ന് അവരെന്നെ വിലക്കി. 12 വർഷം മുമ്പ് സ്തനാർബുദത്തെ അതിജീവിച്ച ആ സ്ത്രീക്ക് അന്ന് 62 വയസ്സായിരുന്നു. അവരുടെ ഒരു മാറിടം നീക്കം ചെയ്തിരുന്നു. അവരുടെ മനസ്സിലെ അപകർഷത മാറ്റിയെടുക്കാനാണ് എന്റെ ഫോട്ടോഷൂട്ടിനെക്കുറിച്ചു വായിച്ചറിഞ്ഞ അവരുടെ ഭർത്താവ് എന്നെ സമീപിച്ചത്.

grace-project-02 സ്തനാർബുദത്തെ അതിജീവിച്ച സ്ത്രീയുടെ ചിത്രംപകർത്തുന്ന ഫൊട്ടോഗ്രഫർ ചെറിസ് ഐസിസ്. ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്

ഷൂട്ട് പുരോഗമിക്കവേ അവർ ശരീരത്തിന്റെ ന്യൂനതകളെ മറന്നു. ആദ്യമൊക്കെ നഗ്നത അനാവൃതമാക്കാൻ മടിച്ച അവർ പിന്നെ തന്റെ രോഗം ബാധിക്കാത്ത മാറിടം അനാവൃതമാക്കി. ഷൂട്ടിന്റെ ഏതോ നിമിഷത്തിൽ സ്വന്തം ശരീരത്തെ സ്നേഹിച്ചു തുടങ്ങിയ അവർ‌ പൊടുന്നനെ, സ്തനം നീക്കം ചെയ്ത ഭാഗവും നഗ്നമാക്കി. ‘ഇതാ എനിക്കുവേണ്ടി ഞാനിതു ചെയ്യുന്നു’വെന്നു പ്രഖ്യാപിച്ചാണ് അവർ അങ്ങനെ ചെയ്തത്. ലോകത്ത് മറ്റെന്തിനേക്കാളും സ്വന്തം ശരീരത്തെ സ്നേഹിച്ചു കൊണ്ടാണ് അന്ന് ആ സ്ത്രീ എന്റെ സ്റ്റുഡിയോയിൽനിന്ന് ഇറങ്ങിപ്പോയത്. കരിയറിലെ മറക്കാനാകാത്ത ഒരു ദിനമായിരുന്നു അത്. ഒൻപത് വർഷം മുമ്പു നടന്ന ആ സംഭവം ഇന്നും മായാതെ മനസ്സിലുണ്ട്.’

ഗ്രെയ്സ് പ്രോജക്ടിലേക്കെത്താൻ നിമിത്തമായ സംഭവത്തെപ്പറ്റി ചെറിസ് പറയുന്നതിങ്ങനെ : ‘സ്തനാർബുദം സ്ഥിരീകരിച്ചുവെന്നും സ്തനങ്ങൾ നീക്കം ചെയ്യുന്നതിനു മുൻപ് ചിത്രങ്ങളെടുക്കണമെന്നും പറഞ്ഞുകൊണ്ടാണ് ഒരു സുഹൃത്ത് എന്നെ സമീപിച്ചത്. ആ ഫോട്ടോഷൂട്ടിന് മുൻപ് സ്തനം നീക്കം ചെയ്യപ്പെട്ട സ്ത്രീകളുടെ ചിത്രങ്ങൾ കാണാൻ ഞാൻ നെറ്റിൽ പരതി. ആരെയും പേടിപ്പിക്കാൻ പോന്ന, ഞെട്ടിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു കാണാൻ കഴിഞ്ഞത്. ആ ചിത്രങ്ങൾ കാണാനിടയായാൽ സ്തനാർബുദ ബാധിതരായ സ്ത്രീകൾ മാനസികമായി തകർന്നു പോകുമെന്നുപോലും എനിക്കു തോന്നി. അങ്ങനെയാണ് സ്തനാർബുദത്തെ അതിജീവിക്കുന്നവർക്ക് കരുത്തു പകരുക എന്ന ലക്ഷ്യത്തോടെ ദി ഗ്രെയ്സ് പ്രൊജക്റ്റ് തുടങ്ങിയത്’.