Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസറിനെ തോൽപ്പിച്ച പുഞ്ചിരി

manisha-koirala-01

ആറു വർഷം എല്ലാ മറക്കാനുള്ളതായിരുന്നില്ല മനിഷയ്ക്ക്, ഓർമിക്കാനും ചിലതൊക്കെ ഓർമിപ്പിക്കാനും. തനിക്കു ലഭിച്ച പുതുജീവിതത്തെക്കുറിച്ച്, സ്നേഹവും പരിചരണവും സമ്മാനിക്കുന്ന സന്തോഷത്തെക്കുറിച്ച്, ജീവിതം എന്ന ഉൽസവത്തെക്കുറിച്ച്. ബോളിവുഡിൽ തുടങ്ങി മലയാളത്തിലുൾപ്പെടെ മോഹിപ്പിക്കുന്ന വേഷങ്ങളിലൂടെ ആരാധകരുടെ മനം കവർന്ന മനിഷ കൊയ്‍രാളയാണു താരം.

ഹീൽഡ് എന്ന പേരിൽ നടി എഴുതിയ ഓർമക്കുറിപ്പുകൾ വായനക്കാരെ തേടിയെത്തുന്നു. പുസ്തകത്തിന്റെ കവറിൽ കാണുന്ന ജീവിതത്തോടു പ്രണയാതുരയായ നടിയുടെ  മനോഹരവും വശ്യവുമായ ചിരിയോടെ. 1942 ലവ് സ്റ്റോറിയിലൂടെയെത്തി സൗന്ദര്യത്താലും അഭിനയമികവിനാലും ആരാധകരെ സൃഷ്ടിച്ച മനിഷ കൊയ്‍രാള അപ്രതീക്ഷിതമായി എത്തിയ കാൻസറിനെ അതിജീവിച്ച കഥയാണ് ‘ഹീൽഡ് ’ അഥവാ മുക്തയായി എന്ന എന്ന പുസ്തകത്തിൽ. ‘കാൻസർ എങ്ങനെ എനിക്കു പുതുജീവിതം സമ്മാനിച്ചു’ എന്നതാണു സബ് ടൈറ്റിൽ. സ്വയം കണ്ടെത്തുന്നതിൽ വലിയൊരു പാഠമായിരുന്നു കാൻസർ. ജീവിതത്തെ വീണ്ടും സ്നേഹിക്കാനും. പ്രിയ സുഹൃത്തുക്കളേ, എന്റെ കഥ ഞാൻ നിങ്ങൾക്കു സമർപ്പിക്കുന്നു– പുസ്തകത്തിന്റെ കവറിനൊപ്പം മനിഷ ട്വീറ്റ് ചെയ്തു. 

അണ്ഡാശയ കാൻസറിനെതിരെ നടി നടത്തിയ പോരാട്ടത്തിന്റെ തീഷ്ണമായ കഥയാണ് ഹീൽഡ് എന്ന പുസ്തകം. അമേരിക്കയിൽ നടത്തിയ ചികിത്സ, ഡോക്ടർമാർ നൽകിയ ശ്രദ്ധയും ശുശ്രൂഷയും, തിരിച്ചെത്തിയതിനുശേഷം ജീവിതം വീണ്ടെടുക്കാൻ നടത്തിയ പരിശ്രമം എല്ലാം പുസ്തകത്തിലുണ്ട്. ഭയവും നിരാശയും കീഴ്‍പ്പെടുത്തിയതിനെക്കുറിച്ച്, വേദനയ്ക്കെതിരെ നടത്തിയ പോരാട്ടത്തെക്കുറിച്ച്, ഒടുവിൽ  സൂസ്മേര വദനയായി ജീവിതത്തിലേക്കു തിരിച്ചെത്തിയ അവിശ്വസനീയമായ യാത്ര.

കാൻസറിൽനിന്നു മുക്തയായതിനുശേഷം പുതിയ ഉണർവോടെ ആറുവർഷം പൂർത്തിയാക്കിക്കഴിഞ്ഞു നടിയുടെ ജീവിതത്തിൽ. തുറന്ന അഭിപ്രായ പ്രകടനങ്ങളിലൂടെയും ധീരമായ നിലപാടുകളുടെയും പേരിൽ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട് മനീഷ. രോഗം ഏതു സമയവും ആർക്കും വരാം. നിരാശയാവാനും പേടിച്ച് ഒളിച്ചിരിക്കാനും എളുപ്പമാണ്. പക്ഷേ, ധീരതയോടെ പോരാടുന്നവർക്കു ലഭിക്കുന്നത് അക്ഷരാർഥത്തിൽ പുതുജീവിതമാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ അവർ  പറയുന്നു. 

രോഗത്തിൽനിന്നു മുക്തയായി തിരിച്ചെത്തിയതിനുശേഷം രാജ്കുമാർ ഹിറാനിയുടെ സഞ്ജു എന്ന ചിത്രത്തിലും  ലസ്റ്റ് സ്റ്റോറീസിലും മനിഷ അഭിനിയിച്ചിരുന്നു. മൂന്നുവർഷം മുമ്പ് ലെനിൻ രാജേന്ദ്രന്റെ ഇടവപ്പാതി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മനിഷ തിരുവനന്തപുരത്ത് എത്തിയിരുന്നു. ‘ഒരു കലാകാരി അറിയപ്പെടാനാഗ്രഹിക്കുന്നത് ഒരു രോഗത്തിന്റെയും പേരിലല്ല.

ശക്തമായ മനസ്സാന്നിധ്യമാണു ശരീരത്തിന്റെ പ്രതിരോധ ശേഷിയുടെ അടിസ്ഥാനം.  രോഗങ്ങൾക്കു കീഴ്‌പ്പെടുത്താനാകാത്ത അസാധാരണമായ ശക്തിചൈതന്യത്തോടുകൂടിയ ഒന്നാണു ശരീരം. അനാവശ്യമായ ഒന്നിനെയും അത് അകത്തോ പുറത്തോ വച്ചുകൊണ്ടിരിക്കരുത്.’ അന്ന് അഭിമുഖത്തിൽ അവർ പറ‍ഞ്ഞിരുന്നു. രോഗത്തിൽനിന്നു മുക്തയായതിനുശേഷം കാൻസർ ബോധവൽക്കരണ പരിപാടികളിലും മനിഷ സജീവമാണ്. തമിഴിൽ ഇന്ത്യൻ, മുതൽവൻ, ബോംബെ എന്നീ ചിത്രങ്ങളിലും മലയാളത്തിൽ ശ്യാമപ്രസാദിന്റെ ഇലക്ട്രയിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.