Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണത്തിൽനിന്ന് 142 പേരുമായി ടമ്മി പറന്നിറങ്ങി, ജീവിതത്തിലേക്ക്

captain-tammie-jo-shults-01

ആകാശയാത്രാ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു അപകടത്തില്‍നിന്നാണ് ആ 142 പേർ രക്ഷപ്പെട്ടത്. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍നിന്നു ഡാലസിലേക്കു പോയ ആ വിമാനത്തിൽ 143 യാത്രക്കാരുണ്ടായിരുന്നു. ഒരു മരണവും ഏതാനും പേര്‍ക്കു പരുക്കും സംഭവിച്ചെങ്കിലും രക്ഷപ്പെട്ട ബാക്കിയുള്ളവർ നന്ദി പറയുകയാണ്, അപകടത്തില്‍നിന്ന് സാഹസികമായി തങ്ങളെ രക്ഷിച്ച പൈലറ്റ് ടമ്മി ജോ ഷുള്‍ട്സ് എന്ന ധീര വൈമാനികയ്ക്ക്. 

സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ  ഫ്ലൈറ്റ് 1380 ന്റെ എൻജിൻ യാത്രയ്ക്കിടെ ആകാശത്തുവച്ച് എന്‍ജിന്‍ തകരാറുണ്ടായി പൊട്ടിത്തെറിച്ചത്. അപകടത്തിൽ ഒരു യാത്രക്കാരന്‍ മരിച്ചു. ഒരാള്‍ വിമാനത്തിന്റെ ജനാലയിലൂടെ പുറത്തേക്കു തെറിച്ചുവീഴാൻതുടങ്ങി. ഒരാള്‍ക്കു ഹൃദയാഘാതമുണ്ടായി. മറ്റു ചിലര്‍ക്കും നിസ്സാര പരുക്കുകള്‍ സംഭവിച്ചു. എന്നിട്ടും അല്‍പം പോലും പതറാതെ വിമാനത്തിന് അടിയന്തര ലാന്‍ഡിങ് സാധ്യമാക്കിയത് ടമ്മി ജോ ഷുള്‍ട്സ് ആണെന്നു സാക്ഷ്യപ്പെടുത്തുന്നു വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍.

വിമാനം ലാന്‍ഡ് ചെയ്തതിനുശേഷം പുറത്തുവന്ന യാത്രക്കാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു ടമ്മി. നാവികസേനയില്‍ മുമ്പു ജോലി ചെയ്തിരുന്ന ടമ്മി യുദ്ധവിമാനങ്ങള്‍ പറത്തുന്നതില്‍ വിദഗ്ധയാണ്. ടമ്മിയുടെ ധീരതയെ അഭിനന്ദിച്ചു യാത്രക്കാര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ന്യൂ മെക്സിക്കോയില്‍നിന്നുള്ള ടമ്മി 1985-ലാണ് നാവികസേനയില്‍ ചേരുന്നത്. അത്യാധുനിക ജെറ്റ് വിമാനങ്ങള്‍ വന്നപ്പോള്‍ അവ ആദ്യം പറത്തിയ വൈമാനികരില്‍ ഒരാള്‍ അവരായിരുന്നു‍. നാവികസേനയിൽ ചേർന്ന കാലത്ത് യുദ്ധവിമാനങ്ങള്‍ പറത്തുന്നതിൽനിന്ന് ടമ്മിയെ വിലക്കിത്തിയിരുന്നു. പക്ഷേ തന്റെ കഴിവു തെളിയിച്ച് അര്‍ഹതപ്പെട്ട സ്ഥാനങ്ങളിലേക്ക് അവര്‍ ഉയരുകയായിരുന്നു.  

‘ഏവിയേഷന്‍ ഓഫിസര്‍ കാന്‍ഡിഡേറ്റ് സ്കൂളില്‍ ആയിരിക്കുമ്പോള്‍ ഒരു സ്ത്രീ എന്ന നിലയില്‍ എപ്പോഴും നിരീക്ഷണത്തിലായിരിക്കും. പുതിയ അറിവുകള്‍ ആര്‍ജിക്കാനുള്ള അവസരങ്ങളും പരിമിതമായിരിക്കും. അങ്ങനെയുള്ള പ്രത്യേക സാഹചര്യങ്ങളെ അതിജീവിക്കുന്ന വ്യക്തിക്കുമാത്രമേ തന്റെ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കാനും നേതൃസ്ഥാനത്തേക്ക് ഉയരാനും കഴിയൂ. ഒരു സ്ത്രീക്കുണ്ട് എന്നു കരുതപ്പെടുന്ന പരിമിതികളെ ആദ്യംതന്നെ അതിജീവിക്കേണ്ടിയിരിക്കുന്നു. സ്ത്രീയോ പുരുഷനോ എന്നത് പ്രത്യേകിച്ച് ഒരു വ്യത്യാസവുമുണ്ടാക്കുന്നില്ല. നാവികസേനയിലുള്‍പ്പെടെ തുല്യഅനുപാതത്തില്‍ സ്ത്രീകളും പുരുഷന്‍മാരും ഉണ്ടെങ്കില്‍ ലിംഗവ്യത്യാസം ഒരു പ്രശ്നമാവില്ല’ -ടമ്മി പറയുന്നു. 

1993 ലാണ് നാവികസേനയിലെ ജോലി രാജിവച്ച്  ടമ്മി സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സില്‍ ചേരുന്നത്.