Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോബ്ര സംഘത്തിലെ പെൺസിംഹം

usha-kiran-01 ഉഷ കിരൺ. ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്

ഈ പുരസ്കാരം എനിക്കുമാത്രമുള്ളതല്ല. രക്തവും വിയര്‍പ്പും നല്‍കി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ നിയുക്തരായ ഓരോ സൈനികര്‍ക്കുമുള്ളതാണ് -ഉഷ കിരണിന്റെ വാക്കുകള്‍ക്കു ലഭിച്ചത് നിലയ്ക്കാത്ത കയ്യടി. വോഗ് മാസികയുടെ യങ്ങ്  അച്ചീവര്‍ ‍- 2018  പുരസ്കാരം സ്വീകരിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു ഉഷ. 

പുരസ്കാരദാനച്ചടങ്ങിനുമുണ്ടായിരുന്നു പ്രത്യേകത. ഫാഷന്‍ മാസിക സംഘടിപ്പിച്ച ചടങ്ങില്‍ എത്തിയവരെല്ലാം ഏറ്റവും പുതിയ ഫാഷന്‍ മന്ത്രങ്ങള്‍ക്കനുസരിച്ചു വെട്ടിത്തിളങ്ങുന്ന വസ്ത്രങ്ങള്‍ ധരിച്ചാണ് ചടങ്ങിനെത്തിയത്. ഉഷ മാത്രം തന്റെ സിആര്‍പിഎഫ് യൂണിഫോമിലാണ് വേദിയില്‍ എത്തിയത്. ആ യൂണിഫോം ചടങ്ങിനെത്തിയവരില്‍ ഉണര്‍ത്തിയത് രാജ്യസ്നേഹത്തിന്റെയും ദേശാഭിമാനത്തിന്റെയും അഭിമാനവികാരങ്ങള്‍. 

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബസ്തറില്‍ നിയോഗിക്കപ്പെട്ട കോബ്ര സംഘത്തില്‍പ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിതാ സിആര്‍പിഎഫ് ഓഫിസറാണ് 28 വയസ്സുകാരിയായ ഉഷ. സിആര്‍പിഎഫിന്റെ 232 മഹിളാ ബറ്റാലിയനില്‍ ചേര്‍ന്ന ഉഷ പരിശീലനകാലത്തുതന്നെ മേലധികാരികളോട് തന്റെ ആവശ്യം പറഞ്ഞു: മാവോയിസ്റ്റ് സ്വാധീന മേഖലകളിലോ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലോ ജമ്മു കശ്മീരിലോ മറ്റോ വേണം തന്നെ നിയോഗിക്കാന്‍.

അപകടകരമായ സാഹചര്യങ്ങളില്‍നിന്ന് ഒളിച്ചോടുന്ന വ്യക്തിയല്ല താനെന്ന് അന്നേ അവര്‍ തെളിയിക്കാന്‍ ശ്രമിക്കുകയായിരുന്നു. ട്രിപ്പിള്‍ ജംപില്‍ ഡല്‍ഹിയെ പ്രതിനിധീകരിച്ചിട്ടുള്ള മുന്‍ കായികതാരം കൂടിയാണ് ഉഷ. ഇപ്പോള്‍ ബസ്തറില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാരായ രണ്ടു വനിതാ ഓഫിസര്‍മാരില്‍ ഒരാള്‍ കൂടിയാണ്.

ഗുഡ്ഗാവിലെ മുന്‍ സൈനികര്‍ ഏറെയുള്ള ഒരു കുടുംബത്തിലാണ് ഉഷ ജനിച്ചത്. അച്ഛനും മുത്തച്ഛനുമൊക്കെ സൈനികര്‍ തന്നെയായിരുന്നു. വിദൂരമായ ഗ്രാമങ്ങളിലും മറ്റും പോസ്റ്റ് ചെയ്യപ്പെടുമ്പോള്‍ തന്നെപ്പോലുള്ള സ്ത്രീകളുടെ സാന്നിധ്യം ഗ്രാമീണര്‍ക്ക് ആശ്വാസകരമാണെന്നു പറയുന്നു ഉഷ. പുരുഷന്‍മാരായ ഓഫിസര്‍മാരെ പലര്‍ക്കും പേടിയാണ്. സാന്നിധ്യത്താല്‍ ആരേയും പേടിപ്പിക്കുന്നില്ലെങ്കിലും അക്രമികള്‍ക്ക് വലിയൊരു ഭീഷണി തന്നെയാണ് ഉഷ. അതുകൊണ്ടാണ് പെണ്‍സിംഹം എന്ന അപരനാമത്തില്‍ ഉഷ അറിയപ്പെടുന്നതും.