Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷ്യൻ റോക്കറ്റിൽ ആനി ബഹിരാകാശത്തേക്ക് പറക്കും, ആകാംക്ഷയോടെ ലോകം

anne-mcClain-01 Army Lt. Col. Anne McClain. Photo Credit: AP

പൂര്‍ണസുരക്ഷിതത്വവും വിജയവും വാഗ്ദാനം ചെയ്ത് ഒരിക്കലും ഒരു ബഹിരാകാശ ദൗത്യം ഏറ്റെടുക്കാനാവില്ല. പരാജയങ്ങളും ദുരന്തങ്ങളും അനന്തതകളിലേക്കുള്ള യാത്രയുടെ ഭാഗമാണ്. കഴിഞ്ഞ രണ്ടു സോയൂസ് ദൗത്യങ്ങളും പരാജയമായിരുന്നെങ്കിലും ശുഭപ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നാസയില്‍ ജോലിചെയ്യുന്ന ലഫ്റ്റനന്റ് കേണല്‍ ആനി മക്ലെയിന്‍ എന്ന അമേരിക്കന്‍ ബഹിരാകാശ യാത്രിക. അടുത്തമാസമാണ് റഷ്യന്‍ റോക്കറ്റില്‍ ആനിയുടെ ബഹിരാകാശ ദൗത്യം നിശ്ചയിച്ചിരിക്കുന്നത്.

കഴിഞ്ഞമാസം നടന്ന പരാജയപ്പെട്ട ദൗത്യത്തിനൊടുവില്‍ ബഹിരാകാശ യാത്രികര്‍ക്ക് കസാഖിസ്ഥാനില്‍ അടിയന്തര ലാന്‍ഡിങ് നടത്തേണ്ടിവന്നു. അതിനുമുമ്പ് നടത്തിയ യാത്രയില്‍ ബഹിരാകാശ കേന്ദ്രത്തിലുണ്ടായ വാതകച്ചോര്‍ച്ചയാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമായത്. പരാജയത്തിന്റെ കാരണങ്ങള്‍ പഠിച്ചും വിശകലനം ചെയ്തും ഒരു നിഗമനത്തിലെത്താനുള്ള ശ്രമത്തിലാണ് ഇപ്പോഴും ശാസ്ത്രജ്ഞര്‍.

റഷ്യ, കാനഡ എന്നിവടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കൊപ്പം മക്ലെയിനിന്റെ യാത്ര നിശ്ചയിച്ചിരിക്കുന്നതു ഡിസംബര്‍ മൂന്നിന്. ആറുമാസം ബഹിരാകാശത്ത് തങ്ങാനാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. 39 വയസ്സുകാരിയും ഹെലികോപ്റ്റര്‍ പൈലറ്റുമായ മക്ലെയിനിന് ഒരു മകനുണ്ട്‍.  കുടുംബം തന്റെ അപകടം പിടിച്ച ജീവിതവുമായി പരിചയത്തിലായിക്കഴിഞ്ഞുവെന്നുും തന്റെ കൂടെ യാത്ര ചെയ്യാനിരിക്കുന്ന പുരുഷന്‍മാര്‍ക്കും കുടുംബവും മക്കളുമുണ്ടെന്നും അവര്‍ പറയുന്നു.

കുടുംബത്തില്‍നിന്നും കുട്ടികളില്‍നിന്നും ദീര്‍ഘനാള്‍ അകലെയായിരിക്കുക എന്നതാണ് ഈ ജോലിയുടെ ഏറ്റവും വലിയ ബുദ്ധിമുട്ട്. പക്ഷേ, എന്റെ കുട്ടികളോടും  ലോകത്തുള്ള എല്ലാ കുട്ടികളോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന ഒരു വസ്തുതയുണ്ട്. വലിയ നേട്ടങ്ങള്‍ സാധ്യമാകണമെങ്കില്‍ ത്യാഗങ്ങളും വേണ്ടിവരും.

സ്കൂള്‍ പഠനം തുടങ്ങുന്നതിനുമുമ്പു തന്നെ ബഹിരാകാശത്തെ സ്വപ്നം കണ്ടുതുടങ്ങിയിരുന്നു മക്ലെയിന്‍. വാഷിങ്ടണിലായിരുന്നു കുട്ടിക്കാലം. അഞ്ചു വര്‍ഷം മുമ്പ് 2013-ല്‍ അവര്‍ നാസയില്‍ ചേര്‍ന്നു. ഒക്ടോബര്‍ 11 നു നടന്ന സോയൂസ് ദൗത്യം പരാജയം എന്നു വിലയിരുത്തപ്പെടുമ്പോഴും മക്ലെയിന്‍ ദൗത്യത്തെ വിജയമെന്നാണു വിശേഷിപ്പിക്കുന്നത്. കാരണം ആ യാത്രയില്‍ ഒരു മനുഷ്യജീവനു പോലും അപകടം സംഭവിച്ചിരുന്നില്ല. വീണ്ടുമൊരു യാത്രയ്ക്ക് ഇനി ഒരു മാസം പോലും ബാക്കിയില്ല. ആത്മവിശ്വാസത്തിലാണ് മക്ലെയിന്‍. ശുഭപ്രതീക്ഷയിലുമാണ്. പരാജയത്തിന്റെയും ദുരന്തത്തിന്റെയും ചരിത്രത്തിന് അവസാനം കുറിക്കാനും ബഹിരാകാശ യാത്രകളുടെ ചരിത്രത്തിന്റെ വിജയത്തിന്റെ പുതിയ അധ്യായം എഴുതിച്ചേര്‍ക്കാനും കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു.