Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരീരത്തെ പരിഹസിച്ചവർക്ക് ബിക്കിനി ചിത്രം കൊണ്ടൊരു മറുപടി

kavita-kaushik-01

ഫൊട്ടോഷോപ്പ് ചെയ്യാത്ത ബിക്കിനി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് ടെലിവിഷൻ താരം കവിത കൗശികിന് പരിഹാസപ്പെരുമഴ ഏറ്റുവാങ്ങേണ്ടി വന്നത്. ബിക്കിനിയിട്ട് കടൽത്തീരത്ത് യോഗ ചെയ്യുന്ന ഒരു ചിത്രമാണ് താരം പങ്കുവച്ചത്. ചിത്രം ആസ്വദിച്ച പലരും പരിഹാസരൂപത്തിലുള്ള പ്രതികരണങ്ങളാണ് താരത്തിന് നൽകിയത്.

സമൂഹം കൽപ്പിച്ചു നൽകിയ അഴകളവുകൾ പാലിക്കാത്ത  മാംസളമായ ശരീരത്തിൽ കൊഴുപ്പു തൂങ്ങിക്കിടക്കുന്നുവെന്നു പറ‍ഞ്ഞുകൊണ്ടാണ് പലരും കവിതയെ പരിഹസിച്ചത്. പരിഹസിച്ചവർക്ക് താരം മറുപടി നൽകിയതും ബിക്കിനി ചിത്രങ്ങൾ കൊണ്ടു തന്നെയാണ്. ശരീരത്തിലെ കുറവുകളെ മറയ്ക്കാതെ താൻ ബിക്കിനി ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് ബോഡിഷെയിമിങ്ങിന് ഇരയാകുന്ന മറ്റുസ്ത്രീകളെക്കൂടി പ്രതിനിധീകരിച്ചാണെന്നാണ് താരം പറയുന്നത്.

സ്ത്രീ ശരീരത്തിലെ കുറവുകളെ പരിഹസിക്കുന്നവർക്ക് ചുട്ടമറുപടി നൽകിയും, കുറവുകളുള്ള സ്വന്തം ശരീരത്തെ പൂർണ്ണമനസ്സോടെ സ്നേഹിക്കാൻ സ്ത്രീകളോട് ആഹ്വാനം ചെയ്തുകൊണ്ടുമാണ് വളരെ ശക്തമായ ഒരു സന്ദേശം നൽകി താരം ബിക്കിനി ചിത്രങ്ങൾ പങ്കുവച്ചത്.

'' ശരീരപ്രകൃതത്തെക്കുറിച്ചുള്ള ചിന്തകളിൽ നിന്നു പുറത്തു വരൂ. ആളുകളെ തടിയുള്ളവരെന്നും മെലിഞ്ഞവരെന്നും വിളിക്കുന്നത് നിർത്തൂ. കാരണം  ശരീരം എപ്പോഴും മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. മറ്റുള്ളവരുടെ ശരീരത്തെ പരിഹസിക്കുന്നത് നിർത്തി സ്വന്തം ശരീരത്തെ സ്നേഹിക്കാൻ പഠിക്കൂ. ബീച്ചിൽ യോഗ ചെയ്യുന്ന വിദേശികളെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. മുൻവിധിയോടെ മറ്റുള്ളവരെ വിലയിരുത്താനും ഒളിഞ്ഞു നോക്കാനുമാണല്ലോ നമ്മൾ ഇന്ത്യക്കാർക്ക് തിരക്ക്. കുറച്ചു മാസങ്ങൾക്കു മുമ്പ് ഞാൻ ഈ ബീച്ചിൽ വച്ചെടുത്ത ചിത്രത്തിൽ എന്റെ മാസം തൂങ്ങിയാടുന്നുവെന്നു പറഞ്ഞ് നിങ്ങളെന്നെ പരിഹസിച്ചു എന്നു പറഞ്ഞുകൊണ്ടാണ് താരം രണ്ടു ചിത്രങ്ങൾ പങ്കുവച്ചത്.

ബിക്കിനിടാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കായി അവർ മുൻപു പങ്കുവച്ച ഒരു പോസ്റ്റിൽ കുറിച്ചതിങ്ങനെ :-

ഇത് ബിക്കിനിയിടാൻ ആഗ്രഹിക്കുന്ന എന്നാൽ തങ്ങളുടെ കുറവുകളെയോർത്തു ലജ്ജിക്കുന്ന സ്ത്രീകൾക്കായുള്ളതാണ്, നമുക്കെല്ലാം അൽപം ഫാറ്റുണ്ട്, പാടുകളുണ്ട്, എന്തൊക്കെ ക്രീമുകൾ പുരട്ടിയാലും പോകാത്ത ബർത്‌മാർക്കുകളുണ്ട്.എന്നുകരുതി പെർഫെക്റ്റ് ഷെയ്പ് ആയ മോഡലുകളെ കള്ളനോട്ടം നോക്കി അവരെ വിമർശിക്കുകയാണോ ചെയ്യേണ്ടത്? അതോ ജിമ്മിൽ പോയി, ആരോഗ്യകരമായ ഡയറ്റ് പാലിച്ച്, നമ്മളാൽ കഴിയുന്ന ഫിറ്റ്ബോഡി സ്വായത്തമാക്കി കുറവുകളെയെല്ലാം സ്വീകരിച്ച്  അതുല്യവും സുന്ദരവുമായ ശരീരം സ്വന്തമാക്കുകയോ. രണ്ടാമത്തേതാണ് നല്ലതെന്നാണ് എനിക്കു തോന്നുന്നത്. നിങ്ങളെ മറ്റൊന്നിനും തടുക്കാനാവില്ല. എല്ലാ സ്ത്രീകളും അവരവരുടേതായ രീതിയിൽ സുന്ദരിയും സെക്സിയുമൊക്കെയാണ്. പരസ്പരം പിന്തുണച്ച് ശക്തയാവുകയാണു വേണ്ടത്.''