Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജേഴ്സിക്കു സ്ത്രീ–പുരുഷ ഭേദമില്ല; വനിതാ ടീമിന് പിന്തുണയുമായി കായിക ലോകം

Jersey–knows-no-gender-01 വിരാട് കോഹ്‌ലി, സാനിയ മിർസ

ഇനി രണ്ടേ രണ്ടു മൽസരങ്ങൾ. സെമിയും ഫൈനലും. ലീഗ് മൽസരങ്ങളിലെ അപരാജിത കുതിപ്പു തുടർന്നാൽ ഇന്ത്യൻ വനിതാ ട്വന്റി–20 ടീം നേടാൻപോകുന്നതു ചരിത്രനേട്ടം. കുട്ടിക്രിക്കറ്റിലെ ലോകകിരീടം. സ്ത്രീകളെന്നോ പുരുഷൻമാരെന്നോ ഭേദമില്ലാതെ രാജ്യം ഇനി ആകാംക്ഷയുടെ മുൾമുനയിലേക്ക്. ഒരു ലോക കിരീടം കൂടി നേടുന്നതിന്റെ ആവേശം, ആരവം, കാത്തിരിപ്പ്. വനിതാ ടീം ഇന്ത്യ രാജ്യത്തിന്റെ പിന്തുണ ആഗ്രഹിക്കുന്നു; മുമ്പൊരിക്കലുമില്ലാത്തത്ര തീവ്രതയോടെ. അത് ആദ്യം മനസ്സിലാക്കിയതും പ്രതികരിച്ചതും ടീം ഇന്ത്യയുടെ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്നെ. 

അതിവേഗത്തിൽ പതിനായിരം റൺസ് തികച്ച്, ഓസ്ട്രേലിയൻ പര്യടത്തിന് ഒരുങ്ങുന്ന ക്യാപ്റ്റൻ പ്രചാരണത്തിനു തുടക്കമിട്ടു. ജേഴ്സിക്കു സ്ത്രീ–പുരുഷ ഭേദമില്ല എന്ന പേരിൽ. ഞാൻ ഇന്ത്യൻ വനിതാ ട്വന്റി–20 ക്രിക്കറ്റ് ടീമിനൊപ്പം. നിങ്ങളും പിന്തുണയ്ക്കില്ലേ ? കോഹ്‌ലിയുടെ ട്വിറ്റർ പ്രചാരണം പെട്ടെന്നുതന്നെ സഹതാരങ്ങൾ ഏറ്റെടുത്തു. ബാഡ്മിന്റൻ, ടെന്നീസ് താരങ്ങളും ഇന്ത്യൻ കായികലോകവും ഏറ്റെടുത്തു. അതേ, ഒരേ മനസ്സോടെ, വികാരത്തോടെ രാജ്യം ഹർമൻ പ്രീത് കൗറിനും കൂട്ടർക്കുമൊപ്പം. ഇനിയുള്ള നിർണായകമായ രണ്ടു മൽസരങ്ങളിലും രാജ്യത്ത് ടെലിവിഷൻ ഓണാക്കി നെഞ്ചിടിപ്പോടെ കാത്തിരിക്കും. വരൂ, കിരീടവുമായി. 

ആദ്യ രണ്ടു മൽസരങ്ങളും വ്യക്തമായ മേധാവിത്വത്തോടെ വിജയിച്ച് ഇന്ത്യൻ വനിതാ ടീം അയർലൻഡിനെ നേരിടാൻ‌ ഒരുങ്ങുമ്പോഴായിരുന്നു വിരാട് കോഹ്‌ലി ജേഴ്സിക്കു സ്ത്രീ–പുരുഷ ഭേദമില്ല എന്ന പ്രചാരണത്തിനു തുടക്കമിട്ടത്. ആ മൽസരം വിജയിച്ചതിനുപുറമെ, അവസാന ലീഗ് മൽസരത്തിലും പിന്നാക്കം പോകാതെ ഇന്ത്യ കുതിച്ചു. ലീഗിലെ അവസാന മൽസരം ലോകക്രിക്കറ്റിലെ കരുത്തരായ ഓസ്ട്രേലിയയുമായി. കണക്കുകൾ പിഴച്ചില്ല. സ്മൃതി മന്ഥാനയും ഹർമൻ പ്രീതും ആഞ്ഞടിച്ചപ്പോൾ‌ വിജയം ഇന്ത്യയ്ക്കുതന്നെ. 48 റൺസിന്. 83 റൺസ് നേടിയ സ്മൃതി ട്വന്റി –20 യിൽ 1000 റൺസ് പിന്നിടുന്ന മൂന്നാമത്തെ ഇന്ത്യൻ താരവുമായി. 

മിതാലി രാജ് (2283 റൺസ്), ഹർമൻപ്രീത് കൗർ (1870 റൺസ്) എന്നിരാണ് മുൻപു നേട്ടത്തിലെത്തിയ ഇന്ത്യക്കാർ. അതിനും മുമ്പേ കോഹ്‌ലിയെയും രോഹിത് ശർമ്മയെയുമൊക്കെ പിന്നിലാക്കി മിതാലി രാജും ചരിത്രനേട്ടം കുറിച്ചിരുന്നു. ട്വന്റി–20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡ്. 

ലോകകപ്പിലെ ഇതുവരെയുള്ള മൽസരങ്ങൾ നോക്കിയാൽ വ്യക്തമാവുന്ന ഒരു വസ്തുതയുണ്ട്. ഏതെങ്കിലും ഒരു താരത്തിന്റെ മാത്രം മികവിലല്ല ടീം വിജയങ്ങൾ‌ സ്വന്തമാക്കുന്നത്. ഓരോ മൽസരത്തിലും ഉത്തരവാദിത്തം ഓരോരുത്തർ ഏറ്റെടുക്കുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും പിന്നിലല്ല. ഫീൽഡിങ്ങിലും ടീം ഒറ്റക്കെട്ട്. ടീം സ്പിരിറ്റും ഒത്തൊരുമയും ഒരുമിച്ചപ്പോൾ പിന്തുണയുമായി പ്രമുഖരും എത്തി. ഇനി ചരിത്രകുതിപ്പിലേക്ക്. 

കോഹ്‌ലി തുടക്കമിട്ട പ്രചാരണം ആദ്യം ഏറ്റെടുത്തത് ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ ആവേശം റിഷഭ് പന്ത്. തൊട്ടുപിന്നാലെ ബാഡ്മിന്റൻ താരം സൈന നെഹ്‌വാളെത്തി. പിന്നീട് സാനിയ മിർസ. ഇന്ത്യൻ കായികലോകം ഒത്തൊരുമിച്ചു ടീമിനെ പിന്തുണച്ചതോടെ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ നന്ദിവാക്കുകളുമായെത്തി. 

ഈ സ്നേഹവും നന്ദിയും ഞങ്ങളുടെ മനസ്സു നിറയ്ക്കുന്നു. ഓരോ മൽസരത്തിലും കഴിവിനു പരമാവധി ഞങ്ങൾ പോരാടുന്നുണ്ട്. തീർച്ചയായും നിങ്ങൾക്ക് അഭിമാനിക്കാനുള്ള വകയുമായി ഗയാനയിൽനിന്നു ഞങ്ങൾ തിരിച്ചെത്തും. 

ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരുമായി വെള്ളിയാഴ്ചയാണ് ഇന്ത്യയുടെ സെമി പോരാട്ടം. വിൻഡീസ്, ഇംഗ്ലണ്ട് എന്നീ ടീമുകളിൽ ഒന്ന് ഇന്ത്യയ്ക്കു എതിരാളികളായി വരാനാണു സാധ്യത. രാവിലെ 5:30നാണു മൽസരം. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരെയാണു സെമിയിൽ ഓസീസ് നേരിടുക. 

ഹർമൻപ്രീത് കൗറിന്റെ വാക്കുകൾ വിശ്വസിക്കുക. മിതാലിയുടെ ബാറ്റിന്റെ കരുത്തിൽ വിശ്വാസമർപ്പിക്കുക. സ്മൃതി മന്ഥാനയെ അത്രപെട്ടെന്ന് മെരുക്കാനാവില്ല എതിരാളികൾക്ക് എന്നതോർക്കുക. കാത്തിരിക്കാം സെമിക്കും ഫൈനിലിനുമായി. അഭിമാനത്തിന്റെ കൊടുമുടിയിൽ വനിതാ ടീമിനു കൈയടിക്കാൻ തയാറാകാം.