Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെമിനിസ്റ്റുകള്‍ക്കു തമാശ മനസ്സിലാകില്ലേ?

tavleen-singh-faye-d-souza-01 Tavleen Singh, Faye D'Souza. Photo Credict : Twitter

ഫെമിനിസ്റ്റുകള്‍ക്കു തമാശ മനസ്സിലാകില്ലേ? ഇല്ലെന്നാണ് പ്രശസ്ത രാഷ്ട്രീയ നിരീക്ഷകയും എഴുത്തുകാരിയുമായ തവ്‍ലീന്‍ സിങ് പറയുന്നത്. രാജ്യതലസ്ഥാനത്ത് ഞായറാഴ്ച നടന്ന ഒരു ചടങ്ങില്‍ തവ്‍ലീന്‍ സിങ് ഒരു പത്രപ്രവര്‍ത്തകയുടെ വസ്ത്രധാരണത്തെക്കുറിച്ച് അഭിപ്രായം പറയുകയും വിവാദമാകുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഫെമിനിസ്റ്റുകള്‍ക്കു തമാശ പോലും മനസ്സിലാകില്ലെന്നു തവ്‍ലീന്‍ സിങ് പറയുന്നത്.

ഒരു ദേശീയ മാധ്യമം ഞായറാഴ്ച ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് വിവാദങ്ങള്‍ക്കു തിരികൊളുത്തിയ സംഭവങ്ങളുടെ തുടക്കം. ബര്‍ഖ ദത്ത്, ഫെയ് ഡി സൂസ തുടങ്ങിയ പത്രപ്രവര്‍ത്തകര്‍ക്കൊപ്പം തവ്‍ലീന്‍ സിങ്ങും ചങ്ങില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയിലെ മീ ടൂ തുറന്നുപറച്ചില്‍ വെറും അനുകരണമാണെന്നും പ്രചാരണത്തില്‍ യഥാര്‍ഥ പ്രശ്നങ്ങളില്ലെന്നും പറഞ്ഞ ആളാണു തവ്‍ലീന്‍ സിങ്. മീ ടൂ തുറന്നുപറച്ചിലിനേക്കാളും ഗൗരവമുള്ള പ്രശ്നങ്ങള്‍ ഇന്ത്യയിലുണ്ടെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന പ്രാകൃതമായ പെരുമാറ്റത്തിനെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്നും അവര്‍ നിലപാടെടുത്തിരുന്നു.

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ലൈംഗിക പീഡനങ്ങളെക്കുറിച്ച് സംസാരിക്കവേയാണ് തവ്‍ലീന്‍ സിങ്ങിന്റെ കയ്യില്‍നിന്നു കാര്യങ്ങളുടെ നിയന്ത്രണം വിട്ടുപോയതും അവര്‍ വിവാദത്തില്‍ ചെന്നുചാടിയതും. സംസാരിക്കുന്നതിനിടെ, ഫെയ് ഡി സൂസയുടെ വസ്ത്രധാരണത്തെക്കുറിച്ച് തവ്‍ലീന്‍ ഒരു അഭിപ്രായം രേഖപ്പെടുത്തി. നിങ്ങള്‍ പുരുഷന്‍മാരെപ്പോലെയാണല്ലോ വസ്ത്രം ധിരിച്ചിരിക്കുന്നത് എന്നായിരുന്നു കമന്റ്. പെട്ടെന്നുതന്നെ ഫെയ് ഡി സൂസയും ബര്‍ഖ ദത്തും ഉള്‍പ്പെടെയുള്ള വനിതകള്‍ തവ്‍ലീന്‍ സിങ്ങിനെതിരെ രംഗത്തുവരികയും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

പ്രതിഷേധം വ്യാപകമാകുകയും തെറ്റു മനസ്സിലാകുകയും ചെയ്തപ്പോള്‍ തവ്‍ലീന്‍ സിങ്ങ് മാപ്പു പറഞ്ഞു തടിയൂരി. താന്‍ ഒരു തമാശ പറയാന്‍ ശ്രമിച്ചതാണെന്നായിരുന്നു അവരുടെ വിശദീകരണം. എന്തായാലും സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും തവ്‍ലീന്‍ സിങ്ങിന്റെ മോശം കമന്റിനെപ്പറ്റി പ്രതിഷേധം വ്യാപകമാകുകയും ചെയ്തു. ഒടുവില്‍ തവ്‍ലീന്‍ സിങ് വിശദീരണവുമായി വീണ്ടും രംഗത്തുവന്നു. ഫെമിനിസ്റ്റുകളുടെ മുമ്പില്‍ ഒരു തമാശ പറയാനുള്ള സ്വാതന്ത്ര്യം പോലുമില്ലെന്നായിരുന്നു അവരുടെ വിശദീകരണം. മീ ടൂ തുറന്നുപറച്ചിലിന്റെ പ്രസക്തിയെക്കുറിച്ചും അതിലും കൂടുതലായി ഇന്ത്യയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും പറയാനാണ് താന്‍ ശ്രമിച്ചതെന്നും വിവാദത്തില്‍ താന്‍ ഉയര്‍ത്തിയ യഥാര്‍ഥ പ്രശ്നങ്ങള്‍ മുങ്ങിപ്പോയെന്നും കൂടി അവര്‍ വിശദീകരണം നടത്തി. വിവാദം സൃഷ്ടിക്കാന്‍ വേണ്ടി വാക്കുകള്‍ അടര്‍ത്തിമാറ്റി പ്രസിദ്ധീകരിക്കുന്നത് മോശം പത്രപ്രവര്‍ത്തനമാണെന്നും തവ്‍ലീന്‍ സിങ് പറയുകയുണ്ടായി. 

തവ്‍ലീന്‍ സിങ് പറഞ്ഞത് വെറും തമാശയല്ലെന്നായിരുന്നു സമൂഹമാധ്യമത്തില്‍ പ്രതികരിച്ച ഭൂരിപക്ഷം പേരുടെയും അഭിപ്രായം. സ്ത്രീകളെ മുന്‍വിധിയോടെ കാണുന്ന മോശം കാഴ്ചപ്പാടില്‍നിന്നു മാത്രമേ അങ്ങനെയൊരു അഭിപ്രായം പുറത്തുവരൂ എന്നും അവര്‍ അഭിപ്രായപ്പെട്ടു. തമാശ എന്നത് വ്യത്യസ്തമാണ്. സ്ത്രീകളെക്കുറിച്ചു മോശമായി പറയുന്നതിനെയും തമാശയെയും കൂട്ടിക്കലര്‍ത്താന്‍ ആവില്ല. രണ്ടും രണ്ടാണെന്ന്  പലരും അഭിപ്രായപ്പെട്ടു. 

ഇരകളെ വീണ്ടും വീണ്ടും ആക്ഷേപിക്കുകയും സ്ത്രീകളുടെ വസ്ത്രധാരണമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നും പറയുന്നത് പുരുഷന്‍മാരുടെ സ്ഥിരം അടവാണെന്നും അതേ പാതയിലൂടെയാണ് തവ്‍ലീന്‍ സിങ്ങും സഞ്ചരിക്കുന്നതെന്നും അനേകം പേര്‍ അഭിപ്രായപ്പെട്ടു. അവരുടെ രോഷവും പ്രതിഷേധവും എതിര്‍പ്പും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.