Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതം മാറ്റിമറിച്ചത് ഡേർട്ടി പിക്ച്ചർ: വിദ്യാബാലൻ

vidya-balan-02 വിദ്യാ ബാലൻ

ബോളിവുഡ് താരറാണികൾക്കുവേണ്ട അഴകളവുകളില്ലെന്ന പരിഹാസത്തെ അതിജീവിച്ചു കൊണ്ടാണ് വിദ്യാബാലൻ ബോളിവുഡിൽ ചുവടുറപ്പിച്ചു നിന്നത്. ശക്തമായ സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ടും ആ കഥാപാത്രങ്ങൾക്കു ലഭിച്ച ദേശീയ അവാർഡിന്റെ തിളക്കത്തിൽ നിന്നുകൊണ്ടുമാണ് വിദ്യ തനിക്കെതിരെ ഉയർന്നു വന്ന ബോഡിഷെയിമിങ്ങിന്റെ മുനയൊടിച്ചത്.

തെന്നിന്ത്യൻ താരവും അ‍ഡൽറ്റ് ചിത്രങ്ങളിലെ നായികയുമായിരുന്ന സിൽക്ക് സ്മിതയുടെ ജീവിതം പറഞ്ഞ 'ദ് ഡേർട്ടി പിക്ച്ചർ' എന്ന ചിത്രത്തിൽ സിൽക്ക് സ്മിതയായി അഭിനയിച്ചത് വിദ്യയായിരുന്നു. ചിത്രത്തിലെ മികച്ച പ്രകടനം 2011ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് വിദ്യയ്ക്ക് നേടിക്കൊടുത്തു. കരിയറിൽ തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ചിത്രത്തെക്കുറിച്ച് മനസ്സുതുറന്നുകൊണ്ട് കഴിഞ്ഞ ദിവസം വിദ്യ എഴുതിയ ഹൃദയ സ്പർശിയായ കുറിപ്പിങ്ങനെ:-

''2011 ഡിസംബർ 2. ഏഴുവർഷം മുമ്പുള്ള ആ ദിവസത്തിലാണ് ''ദ് ഡേർട്ടി പിക്ചർ'' എന്ന ചിത്രം റിലീസ് ചെയ്തതും, അതെന്റെ ജീവിതമാകെ മാറ്റി മറിച്ചതും. എപ്പോഴും ആരെങ്കിലുമൊക്കെ ചോദിക്കും അതെങ്ങനെ ചെയ്തുവെന്ന്. പക്ഷേ അവരോടൊക്കെ എന്തു പറയണമെന്ന് എനിക്കറിയില്ല. മിലൻ (ദ് ഡേർട്ടി പിക്ചറിന്റെ സംവിധായകൻ മിലൻ ലുത്രിയ) അതെനിക്ക് എളുപ്പമാക്കിത്തരികയായിരുന്നു. സിൽക്കിനോട് നീതി പുലർത്തുക എന്നതു മാത്രമായിരുന്നു എന്റെ മനസ്സു നിറയെ. സിൽക്കിനെ അവതരിപ്പിക്കാൻ എന്നെ തിരഞ്ഞെടുത്ത മിലനും പ്രൊഡ്യൂസർ ഏക്താ കപൂറിനും വേണ്ടി ഞ‍ാനതു ചെയ്തു''. 39 വയസ്സുകാരിയായ വിദ്യ കുറിക്കുന്നു.

ഒരു പക്ഷിയെപ്പോലെ സ്വതന്ത്രയായി പറക്കാനനുവദിച്ചതിന് മിലനോടും 1990 ലും 2011 ലും തനിക്ക് അഭിനയിക്കാൻ അവസരം നൽകിയ ഏക്ത കപൂറിനോടുമുള്ള നന്ദിയും കുറിപ്പിലൂടെ വിദ്യ പ്രകടിപ്പിക്കുന്നു. മിലൻ ഒരിക്കലും തന്നെ തളർന്നു പോകാൻ അനുവദിച്ചിരുന്നില്ലെന്നും ഒരുപാടുയരത്തിൽ സ്വതന്ത്രയായി പറക്കുന്ന പക്ഷിയായി തന്നെ ഉയർത്തിയത് മിലനാണെന്നും വിദ്യ പറയുന്നു. 1990 ൽ‌ ഹം പാഞ്ച് എന്ന ടെലിവിഷൻ സീരീസിൽ തനിക്ക് അവസരം നൽകിയത് ഏക്താ കപൂർ ആണെന്നും ഹം പാഞ്ചിനെക്കുറിച്ച് ഓർക്കാതെ തനിക്ക് ഡേർട്ടി പിക്ചറിനെക്കുറിച്ച് ഓർക്കാൻ സാധിക്കില്ലെന്നും വിദ്യ പറയുന്നു.

മിലൻ ലുത്രിയയ്ക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് വിദ്യ ഹൃദയസ്പർശിയായ കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് രൺബീർ സിങ്ങിന്റെയും ദീപിക പദുക്കോണിന്റെയും വിവാഹവിരുന്നിൽ പങ്കെടുക്കാൻ മുംബൈയിലെത്തിയപ്പോളെടുത്ത ചിത്രമാണ് വിദ്യ പങ്കുവച്ചത്. വിദ്യയെക്കൂടാതെ നസറുദ്ദീൻ ഷാ, ഇമ്രാൻ ഹാഷ്മി, തുഷാർ കപൂർ, രമേഷ് ശർമ്മ എന്നിവർ ദ് ഡേർട്ടി പിക്ചറിൽ അഭിനയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.