Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്ഞിയുടെ മുന്നിൽ പ്രോട്ടോക്കോൾ തെറ്റിച്ചു: മിഷേൽ ഒബാമ

michelle-obama-queen-elizabeth-01 എലിസബത്ത് രാജ്ഞി, മിഷേൽ ഒബാമ

രാജകൊട്ടാരത്തിലെ പ്രോട്ടോക്കോള്‍ പലരെയും ആശങ്കാകുലരാക്കാറുണ്ട്. രാജ്ഞിയെയും രാജാവിനെയും കാണുമ്പോള്‍ പാലിക്കേണ്ട ആചാരമര്യാദകള്‍. അഭിസംബോധന ചെയ്യേണ്ട രീതി തുടങ്ങിയവ. ഒരിക്കല്‍ ബ്രിട്ടന്‍ സന്ദര്‍ശിച്ച അവസരത്തില്‍ ഈ ആശങ്കള്‍ തന്നെയും വേട്ടയാടിയെന്നും പക്ഷേ, എലിസബത്ത് രാജ്ഞിയുടെ അസാധാരണവും അപൂര്‍വവുമായ പെരുമാറ്റം തന്റെ ആശങ്കകള്‍ പൂര്‍ണമായും അകറ്റിയെന്നും സാക്ഷ്യപ്പെടുത്തുന്നു അമേരിക്കയിലെ മുന്‍ പ്രഥമവനിത മിഷേല്‍ ഒബാമ. 

2016-ല്‍ വിന്‍ഡ്സര്‍ കാസില്‍ സന്ദര്‍ശിച്ച വേളയിലാണു മിഷേല്‍ ഇപ്പോള്‍ വിവരിക്കുന്ന സംഭവം നടക്കുന്നത്. രാജ്ഞിക്കൊപ്പം കാറില്‍ കയറേണ്ടിവന്നപ്പോള്‍  താന്‍ ആകെ ആശയക്കുഴപ്പത്തിലായിരുന്നെന്നു പറയുന്നു മിഷേല്‍. രാജകൊട്ടാരത്തിലെ ഗോവണി കയറുമ്പോഴും ഇറങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട രീതികള്‍, ആരെയൊക്കെ എങ്ങനെയൊക്കെ ബഹുമാനിക്കണമെന്നത്, ഏതുവഴി നടക്കണം, ഒരു നൂറുകൂട്ടം പ്രോട്ടോക്കോള്‍ സംശയങ്ങള്‍  തലയില്‍ കയറി അസ്വസ്ഥതയുണ്ടാക്കിക്കൊണ്ടിരുന്നു. പക്ഷേ, പ്രോട്ടോക്കോളിനെക്കുറിച്ചുള്ള എല്ലാ ആശങ്കകളും പരിഹരിക്കുന്നതും നിസ്സാരമാക്കുന്നതുമായിരുന്നു രാജ്ഞിയുടെ പെരുമാറ്റം എന്നു മിഷേല്‍ സാക്ഷ്യപ്പെടുത്തുന്നു. 

കയറി വരൂ. എവിടെയാണോ ഇരിക്കാന്‍ സൗകര്യപ്രദം അവിടെയിരിക്കൂ.ഒരു ജാഡയുമില്ലാതെ രാജ്ഞി ഇങ്ങനെ പറഞ്ഞപ്പോള്‍ മിഷേലിന്റെ ആശയക്കുഴപ്പം വര്‍ധിക്കുകയാണുണ്ടായത്. പ്രോട്ടോക്കോളിനെക്കുറിച്ച് പഠിച്ചുവച്ചതെല്ലാം വീണ്ടും വീണ്ടും ഓര്‍മിച്ചു. 

അതൊന്നും ആലോചിച്ചു വിഷമിക്കേണ്ട. ആചാരമര്യാദകളും പെരുമാറ്റരീതികളുമൊക്കെ മറന്നേക്കൂ. ചിരിച്ചുകൊണ്ട് രാജ്ഞി വീണ്ടും പറഞ്ഞപ്പോള്‍ അതുവരെയുള്ളതില്‍നിന്നു വ്യത്യസ്തമായ ഒരു രൂപം രാജ്ഞിയെക്കുറിച്ച് മിഷേലിന്റെ മനസ്സില്‍ നിറയുകയായി. 

തന്റെ ഭര്‍ത്താവും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ഒബാമയ്ക്കും രാജ്ഞിയെ ഏറെയിഷ്ടമായിരുന്നെന്നും മിഷേല്‍ പറയുന്നു. ഒബാമയുടെ സ്നേഹത്തിനു തീവ്രത കൂടാന്‍ ഒരു കാരണം കൂടിയുണ്ട്. രാജ്ഞിയെ കാണുമ്പോള്‍ ഒബാമ ഓര്‍മിച്ചത് അദ്ദേഹത്തിന്റെ മുത്തശ്ശിയെ.  രണ്ടുപേരും തമ്മിലുള്ള രൂപസാദൃശ്യമാണു കാരണം. സത്യസന്ധയും തമാശക്കാരിയും പ്രസരിപ്പുള്ള വ്യക്തിയുമാണ് എലിസബത്ത് രാജ്ഞി. അങ്ങനെയൊരാളെ ആര്‍ക്കാണ് ഇഷ്ടപ്പെടാതിരിക്കാനാകുക... മിഷേല്‍ ചോദിക്കുന്നു. 

ലണ്ടനിലെ റോയല്‍ ഫെസ്റ്റിവല്‍ ഹാളില്‍ അടുത്തിടെ പുറത്തുവന്ന ‘ ബികമിങ്’  എന്ന ഓര്‍മക്കുറിപ്പിനെക്കുറിച്ച് സംസാരിക്കവേയാണ് മിഷേല്‍ എലിസബത്ത് രാജ്ഞിയെ പ്രശംസയാല്‍ മൂടിയത്. ചടങ്ങില്‍ അവതാരകയുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി വിവിധ വിഷയങ്ങളെക്കുറിച്ചും മിഷേല്‍ സംസാരിച്ചു. മിഷേലിനെ പ്രതീക്ഷയുടെ കിരണമായി പലരും വിശേഷിപ്പിക്കാറുണ്ട്. അതേക്കുറിച്ച് എന്തു പറയാനുണ്ടെന്നു ചോദിച്ചപ്പോള്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരാന്‍ താന്‍ വല്ലാതെ കഷ്ടപ്പെടുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ജനങ്ങള്‍ വിചാരിക്കുന്നതുപോലുള്ള കഴിവുകള്‍ ഉണ്ടെന്ന് താന്‍ സ്വയം കരുതുന്നില്ലെന്നും മിഷേല്‍ പറഞ്ഞു. സംശയവും ആശങ്കകളും തനിക്കുണ്ട്. അതു പൂര്‍ണമായും ഒരിക്കലും ഒഴിവായിട്ടില്ല. തന്നെ എന്തിനാണ് ഇത്ര ഗൗരവത്തോടെ ജനങ്ങള്‍ കാണുന്നതെന്ന കാര്യത്തിലും സംശയമുണ്ടെന്നും അവര്‍ തുറന്നുപറഞ്ഞു. 

ഒബാമ പ്രസിഡന്റ് ആയതോടെ നൂറ്റാണ്ടു നീണ്ട വംശീയ വിദ്വേഷത്തിന്റെ ചരിത്രം പെട്ടെന്നുതന്നെ മാറുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിച്ചതെന്നും ഒന്നോ രണ്ടോ തവണ പ്രസിഡന്റാകുന്നതുകൊണ്ടുമാത്രം ഒരു സംസ്കാരം പൂര്‍ണമായി തുടച്ചുനീക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. 

അമേരിക്കയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന പുസ്തകം മഷേലിന്റെ ഓര്‍മക്കുറിപ്പുകളാണ്- ബികമിങ്ങ്. ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും പുസ്തകം വില്‍പനയില്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.