Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകമറിയുന്ന സംവിധായകയാകുന്നതിനു മുൻപ് നദീൻ ലബാക്കിയുടെ ജീവിതമിങ്ങനെ

nadine-labaki-25 നദീൻ ലബാക്കി. ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്

ലബനനിൽ അഭയം തേടിയെത്തിയ സിറിയൻ അഭയാർഥിയായ സെയ്ൻ എന്ന 12 വയസ്സുകാരനു വളരെ കുറച്ച് ആഗ്രഹങ്ങളേയുള്ളൂ. പക്ഷേ, നദീൻ ലബാക്കി എന്ന സംവിധായകയുടെ കണ്ണിൽപ്പെട്ടതോടെ ആ ബാലൻ ഇന്നു ലോകമറിയുന്ന നടനായി മാറി. കാൻ ചലച്ചിത്രമേളയിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ലബനന്റെ  ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തിലെ നായകൻ. സെയ്ൻ എന്ന പേരുതന്നെ ചിത്രത്തിലെ കഥാപാത്രത്തിനും കൊടുത്ത് നദീൻ ലബാക്കി സാക്ഷാത്കരിച്ച കാപർനോം എന്ന ചലച്ചിത്രം വിവിധ രാജ്യങ്ങളിലെ ചലച്ചിത്രമേളകയിൽ നിറഞ്ഞ കയ്യടി നേടി പ്രദർശനം തുടരുകയും ചെയ്യുന്നു. പ്രശംസയും അംഗീകാരവും നേടിയ ഒരു ചലച്ചിത്രമണ് ഇന്നു കാപർനോം. ഒപ്പം ആ ചിത്രത്തിന്റെ പശ്ചാത്തല കഥപോലും ഒരു സിനിമയ്ക്കു വിഷയമാക്കാവുന്ന മറ്റൊരു കഥയും. 

44 വയസ്സുകാരിയായ നടിയും സംവിധായകയുമായ നദീൻ ലബാക്കി ജീവിതത്തിലെ ആദ്യത്തെ 17 വർഷങ്ങൾ ചെലവഴിച്ചതു സ്വന്തം വീട്ടിനുള്ളിൽ. പുറത്തുപോകാൻ ആഗ്രഹമുണ്ടായിട്ടും അവരുടെ ജീവിതത്തിൽ ഇരുട്ടു നിറച്ചത് ലബനനിലെ ആഭ്യന്തര യുദ്ധം. 1990-ൽ യുദ്ധം അവസാനിച്ചതിനെത്തുടർന്ന് സാധാരണ ജീവിതം ആരംഭിച്ച നദീൻ ഇന്നു ലോകമറിയുന്ന സംവിധായികയാണ്. 20 സിനിമകളിൽ കൂടുതൽ വേഷമിട്ട പ്രശസ്ത നടിയും. തിരുവനന്തപുരത്തു നടക്കുന്ന 23-ാം രാജ്യാന്തര ചലച്ചിത്രമേളയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രശംസ നേടുന്നതും ലബാക്കി തന്നെയാണ്; അവരുടെ മൂന്നാമത്തെ ഫീച്ചർ സിനിമയായ കാപർനോം ജനപ്രിയ ചിത്രവും. 

തന്റെ സിനിമകൾ വ്യത്യസ്തമായിരിക്കണമെന്ന് ആഗ്രഹിക്കുക മാത്രമല്ല അതിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന സംവിധായക കൂടിയാണ് നദീൻ ലബാക്കി,. കാപർനോം എന്ന സിനിമയ്ക്കുവേണ്ടി അവർ മാറ്റിവച്ചത് ആറു വർഷം. ഒരു കഥ പറയുന്നതിനേക്കാൾ ഡോക്യുമെന്ററി സ്വഭാവമുള്ള ചിത്രം പറയുന്നതാകട്ടെ ഇന്നു ലോകം നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്നിനെക്കുറിച്ചും. പല രാജ്യങ്ങളിലും നടക്കുന്ന യുദ്ധങ്ങളിലും സംഘർഷങ്ങളിലുമൊക്കെ വലിയ വില കൊടുക്കുന്നതു കുട്ടികളാണ്. മുതിർന്നവരുടെ മോശം തീരുമാനങ്ങളുടെ ദുരിത ഫലം അനുഭവിക്കുന്നതും അവരുതന്നെ. കുട്ടികളുടെ പ്രശ്നം ലോകത്തിനു മുന്നിൽകൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിച്ചു. മുതിർന്നവരുടെ കണ്ണിലൂടെയല്ല. കുട്ടികൾ തന്നെ അവരുടെ കഥ പറയട്ടെ. അങ്ങനെയൊരു അവസരം കിട്ടിയാൽ അവർ എന്തായിരിക്കും പറയുക....കാപർനോം കുട്ടികളുടെ കഥയാണു പറയുന്നത്. ലബനനിലെ തെരുവുകളിൽ‌ അധ്വാനിച്ചും ചൂഷണത്തിനിരയായും ജീവിതം നരകതുല്യമായി മൂന്നോട്ടുനീങ്ങുന്ന നൂറുകണക്കിനുകുട്ടികളുടെ കഥ. അവരിൽ ഒരാൾ മാത്രമാണു സെയിൻ. 

കാപർനോം നിർമിച്ചത് നദീൻ ലബാക്കിയുടെ കുടുംബം തന്നെ. നദീന്റെ ഭർത്താവ് ഖാലിദ് മൗസ്നാറും അവരുടെ രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം.  പക്ഷേ, ചിത്രീകരണം നീണ്ടുപോകുകയും ബജറ്റ് ഉയരുകയും ചെയ്തതോടെ ആ കുടുംബത്തിനു സ്വന്തം വീട് പണയപ്പെടുത്തേണ്ടിവന്നു ചിത്രം പൂർത്തീകരിക്കാൻ. അന്നനുഭവിച്ച വേദനയും സങ്കടവും ലബാക്കിയും കുടുംബവും  മറന്നതു കാനിൽ ചിത്രം പ്രദർശിച്ചപ്പോൾ. 15 മിനിറ്റ് എഴുന്നേറ്റുനിന്ന് കയ്യടിച്ചാണ് ആളുകൾ ചിത്രത്തെ വരവേറ്റത്. പിന്നീട് ഓരോ ചലച്ചിത്രമേളകളിലും നദീൻ ലബാക്കി എന്ന വനിതാ സംവിധായകിയും ചിത്രവും നേടിയത് നിലയ്ക്കാത്ത കരഘോഷം. അംഗീകാരത്തിന്റെ ആരവം. ചിത്രം കണ്ടവർ മറ്റുള്ളവരോടും പറഞ്ഞ് ആഗോള പ്രശസ്തി നേടിയിരിക്കുകയാണ് കാപർനോം. നദീൻ ലബാക്കി. സെയ്ൻ എന്ന 12 വയസ്സുകാരൻ. 

അ‍ച്ഛനമ്മമാർക്ക് എതിരെ കേസ് കൊടുത്ത് കോടതിമുറിയിൽ എത്തിയ 12 വയസ്സുകാരനിലാണു കാപർനോം തുടങ്ങുന്നത്. തന്നെ ജനിപ്പിച്ചതിന്റെ പേരിലാണ് അവൻ അച്ഛനമ്മമാരെ കോടതി കയറ്റിയത്. അവന് ഒരാവശ്യം കൂടി ഉന്നയിക്കാനുണ്ട്. തന്റെ അച്ഛനമ്മമാർക്ക് ഇനി കുട്ടികൾ ജനിക്കരുത്. അദ്ഭുതപ്പെട്ട മജിസ്ട്രേറ്റിനു മുന്നിൽ തന്റെ കഥ പറയുകയാണ് സെയിൻ. 15 വയസ്സ് പൂർത്തിയാകുന്നതിനുമുമ്പ് വിവാഹം കഴിച്ചയക്കപ്പെട്ട് ഗർഭിണിയായി രക്തസ്രാവത്തെത്തുടർന്നു മരിച്ച സഹോദരിയുടെ ദുരന്തത്തിൽ കരയുകയാണ്. യാദൃശ്ചികമായി തനിക്കു നോക്കാൻ ലഭിച്ച ഒരു എത്യോപ്യൻ യുവതിയുടെ ആറുമാസം പ്രായമുള്ള കുട്ടിയുടെ കരച്ചിൽ ശദ്ധയിൽപ്പെടുത്തുകയാണ്. 

സ്വയം ഒരു നടിയാണെങ്കിലും അനേകം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും നദീൻ കാപർനോമിൽ സ്വീകരിച്ചത് വളരെ ചെറിയ വേഷം മാത്രം. സെയിൻ ഉൾപ്പെടെ പ്രശസ്തരല്ലാത്ത, അറിയപ്പെടാത്ത കുട്ടികളെയാണ് അവർ അഭിനയിപ്പിച്ചത്. അവർ കാഴ്ചവച്ചതാകട്ടെ അവിസ്മരണീയ അനുഭവവും. ഒരു ചലച്ചിത്രമെന്നതിനേക്കാൾ സമൂഹം അറിയുകയും മനസ്സിലാക്കുകയും ചെയ്യേണ്ട ഉന്നത മൂല്യങ്ങളെക്കുറിച്ചുള്ള ഉണർത്തുപാട്ടായി മാറിയിരിക്കുകയാണ് ഇന്നു കാപർനോം എന്ന ചലച്ചിത്രം. ജീവിതത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ. ഒരിക്കലെങ്കിൽ അതു കാണാൻ ഇടവന്നാൽ നദീൻ ലബാക്കി എന്ന വനിതാ സംവിധായികയെ അംഗീകരിക്കും. ആദരിക്കും. കണ്ണീരും പുഞ്ചിരിയും കലർന്ന ഒരു ചിരിയും സമ്മാനിക്കും.