Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സദസ്സിലുള്ളവരെ വിഭിന്നശേഷിയുള്ളവരെന്ന് വിശേഷിപ്പിച്ച് ഐശ്വര്യ; കൈയടി, അഭിനന്ദനം

aishwarya-with-students-02 ഐശ്വര്യ സ്കൂൾ വിദ്യാർഥികൾക്കൊപ്പം. ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റഗ്രാം

ബി ടൗണിലെ താരമൂല്യമുള്ള നടിയായി മാത്രമല്ല, മികച്ച ഒരു അമ്മ എന്ന നിലയിലും തങ്ങൾക്കേറെയിഷ്ടമാണ് മുൻലോകസുന്ദരി ഐശ്വര്യ റായി ബച്ചനെയെന്ന് ആരാധകർ പറയാറുണ്ട്. ആരാധകരുടെ ആ ഇഷ്ടം വെറുതെയല്ലെന്നാണ് അടുത്തിടെ നടന്ന ചില സംഭവങ്ങൾ സൂചിപ്പിക്കുന്നത്. സ്പെഷ്യൽ കിഡ്സിനു വേണ്ടി നർസീ മോൻജി എജ്യുക്കേഷനൽ ട്രസ്റ്റ്  മുംബൈയിൽ സംഘടിപ്പിച്ച ആനുവൽ ഫങ്ഷനിൽ പങ്കെടുക്കാനെത്തിയ ഐശ്വര്യയുടെ വാക്കുകളാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.

''ഈ സദസിലുള്ളവരെല്ലാം തന്നെ വിഭിന്ന ശേഷിയുള്ള ആളുകളാണെന്നു ഞാൻ പറയും. കാരണം ഓരോരുത്തർക്കും ഓരോ കഴിവാണുള്ളത്. ഏതു കാര്യങ്ങളിലൊക്കെയാണ് നമുക്ക് കഴിവുള്ളതെന്ന് തിരിച്ചറിയാൻ നമുക്ക് ചില അനുഗ്രഹങ്ങളും ലഭിച്ചിട്ടുണ്ട്. ലഭിക്കുന്ന അനുഭവങ്ങളിൽ നിന്നാണ് നമുക്ക് സ്വയം ഏറ്റവും നല്ല അംഗീകാരങ്ങൾ നൽകാൻ കഴിയുന്നത്. മൽസരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും എന്റെ ആശംസകൾ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ''. - ഐശ്വര്യ പറയുന്നു.

കുട്ടികൾക്ക് ആശംസകൾ നൽകുന്നതിനൊപ്പം അവരെ പരിശീലിപ്പിക്കുന്ന അധ്യാപകർക്കും രക്ഷകർത്താക്കൾക്കും നന്ദി പറയാനും ഐശ്വര്യ മറന്നില്ല. പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത് അവരിലുള്ള മറ്റു കഴിവുകൾ തിരിച്ചറിയാൻ സഹായിക്കുമെന്നും ഐശ്വര്യ പറയുന്നു. മൽസരങ്ങളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കുമ്പോൾ അത് കുട്ടികൾ തമ്മിലുള്ള സൗഹൃദം വർധിപ്പിക്കാൻ സഹായിക്കുമെന്നും അതോടൊപ്പം തന്നെ അവരുടെ സ്വപ്നങ്ങൾ വളർത്താനും അതു സഹായകരമാകുമെന്നും അവർ പറയുന്നു.